രണ്ടുതവണ ബിബിസിയെ ഇന്ദിരാഗാന്ധിയും നിരോധിച്ചു! ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ പുതിയ ഡോക്യുമെന്ററി വലിയ വിവാദങ്ങൾക്കാണ് വഴിവച്ചു കൊണ്ടിരിക്കുന്നത്. ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. കാരണം 2002-ലെ ഗുജറാത്ത് കലാപവും, അതിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കുമാണ് ഡോക്യുമെന്ററി ചർച്ച ചെയ്തത്. ഡോക്യുമെന്ററി റിലീസായതിനു പിന്നാലെ ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ബിബിസി ഓഫീസുകളിലെ പരിശോധനയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തും നിരവധി വിമർശനങ്ങളാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ മാധ്യമചരിത്രത്തിൽ ബിജെപിയും കോൺഗ്രസ്സും വിശുദ്ധരല്ല എന്നാണ് നിഷ്പക്ഷമായി ഈ സംഭവത്തെ വിലയിരുത്തുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അൽപ്പം ചരിത്രം മനസ്സിലാക്കേണ്ടതുണ്ട് അതിന്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച് ഉയർന്നുവന്ന ഈ വിമർശനങ്ങളെ ബിജെപി പ്രതിരോധിച്ചത് കോൺഗ്രസ്സിന്റെ ഭരണകാലങ്ങളിൽ മാധ്യമങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു.
"ബിബിസി ഓഫീസുകളിൽ നടന്നത് റെയ്ഡല്ലാ, സർവ്വേയാണ്. നിങ്ങൾ കള്ളത്തരം നടത്തിയാൽ നിങ്ങളുടെ അടുത്തും വരും. നിങ്ങൾ പരസ്യം വാങ്ങി കണക്കുകാണിക്കാതിരുന്നാലും, നികുതിവെട്ടിച്ചാലും നിങ്ങൾക്കെതിരെ അന്വേഷണം നടക്കും. നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാരാണ്. എല്ലായിടത്തും പരിശോധിക്കാൻ അവകാശമുണ്ട്. ബിബിസിയെ പലതവണ നിരോധിച്ചവരാണ് ഇന്ന് ചാരിത്ര്യപ്രസംഗം നടത്തുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരെയാണ് നിങ്ങൾ മാലാഖമാരാക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് മാധ്യമ സ്വാതന്ത്രമുണ്ടായിരുന്നോ?" എന്ന് ബിജെപിയുടെ കേരള സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചോദിച്ചു. ഈ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇന്ത്യയിൽ ബിബിസി നിരോധിക്കപ്പെട്ട കാലത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.ബിബിസി ഇന്ത്യയിൽ വീണ്ടും നിരോധിക്കപ്പെടുന്നത് 1975-ലാണ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷത്തിൽ.
തൽഫലമായി പൗരാവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയും പത്രങ്ങൾ സെൻസറിങ്ങിന് വിധേയമാവുകയും പ്രതിപക്ഷ നേതാക്കൾ തടവിലാക്കപ്പെടുകയുമുണ്ടായി. അടിയന്തിരാവസ്ഥക്കാലത്തെ സെൻസർഷിപ്പ് ചട്ടങ്ങൾ പാലിക്കാൻ ബിബിസി വിസമതിച്ചതോടെ ബിബിസി ഇന്ത്യയിൽ നിരോധിക്കപ്പെടുകയാണുണ്ടായത്.ജർണയിൽസിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സൈന്യം സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്നറിയപ്പെടുന്നത്. ജൂൺ 5, 6 ദിവസങ്ങളിലായി നടന്ന ഈ സൈനിക നടപടി വിജയകരമായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ താവളമടിച്ചിരുന്ന പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ നിരവധി തീർത്ഥാടകർ കൊല്ലപ്പെടുകയുണ്ടായി.
ഈ പ്രക്ഷോഭത്തെക്കുറിച്ച് ബിബിസി വിപുലമായ വാർത്ത നൽകിയിരുന്നു. ഈ പ്രക്ഷോഭത്തിനുശേഷം, കൃത്യമായി പറഞ്ഞാൽ നാലുമാസങ്ങൾക്കുശേഷം ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവരുടെ അംഗരക്ഷകനാൽ വധിക്കപ്പെടുകയാണുണ്ടായത്.1970-ലാണ് ബിബിസിയെ ഇന്ത്യ ആദ്യമായി നിരോധിക്കുന്നത്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത് ഇന്ദിരാഗാന്ധിയാണ്. ബിബിസി റിലീസ് ചെയ്ത രണ്ട് ഡോക്യുമെന്ററിയുടെ പേരിലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ബിബിസിയെ നിരോധിച്ചത്. ഫ്രഞ്ച് ചലച്ചിത്രകാരൻ ലൂയിസ് മല്ലെ-കൽകുട്ടയുടെയും (Louis Malle-Calcutta) ഫാന്റം ഇന്ത്യയുടെയും രണ്ട് ഡോക്യുമെന്ററികളായിരുന്നു ബിബിസി റിലീസ് ചെയ്തത്. ഇംപ്രഷനിസ്റ്റ് സ്‌കെച്ചസ് ഓഫ് എവരിഡേ ലൈഫ് ഇൻ ഇന്ത്യ എന്നാണ് ഡോക്യുമെന്റിയെ ബിബിസി വിശേഷിപ്പിച്ചത്. എന്നാൽ ഈ ഡോക്യുമെന്റിയെ സ്വീകരിക്കാൻ കോൺഗ്രസ് തയാറായില്ല.
ഡോക്യുമെന്ററികളുടെ പ്രദർശനം നിർത്തി ക്ഷമാപണം നടത്താൻ ഇന്ത്യൻ ഗവൺമെന്റ് നിർദ്ദേശിച്ചെങ്കിലും ബിബിസി അതിന് തയാറായില്ല. തൽഫലമായി 1970 ഓഗസ്റ്റ് 29-ന് ബിബിസിയെ നിരോധിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. 1972 വരെ ഇന്ത്യയിൽ പ്രവർത്തിക്കാൻ ബിബിസിക്ക് സാധിച്ചില്ല.ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയെ വിമർശിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന പ്രവണതയാണുള്ളതെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പറയുന്നു.
അതേസമയം ബിബിസി ഓഫീസിലെ പരിശോധനയിൽ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങളിലൂടെ ലഭിച്ച ലാഭം അനധികൃതമായി വിദേശത്തേക്ക് കടത്തുകയാണ് ബിബിസി ചെയ്യുന്നതെന്ന പരാതിയുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. അതേസമയം, അപകീർത്തികരമായ ആഖ്യാനമാണ് ഡോക്യുമെന്ററിയുടേതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചിരുന്നു. ലണ്ടന് പുറത്തുള്ള ബിബിസിയുടെ ഏറ്റവും വലിയ ഓഫീസാണ് ഡൽഹിയിലേത്.