ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രദർശനം നടത്തിയാൽ മതിയെന്ന് മന്ത്രി ഗണേഷ് കുമാർ! മുഖ്യമന്ത്രിയെ തള്ളിയാണ് ഗണേഷ് കുമാർ ഇപ്പോൾ രംഗത്തെത്തിയത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് പാലിക്കാൻ പറ്റുന്നവർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാൽ മതിയെന്നും ക്ഷേത്രത്തിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കേണ്ടത് താന്ത്രിമാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികൾക്ക് എന്തെങ്കിലും വിയോജിപ്പുകളുണ്ടെങ്കിൽ തന്ത്രിമാരുമായി കൂടിയാലോചിക്കാമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസിലെ മുതിർന്ന നേതാവ് കെ മുരളീധരനും രംഗത്തെത്തി.
ഓരോ ക്ഷേത്രങ്ങൾക്കും ഓരോ രീതിയാണ്. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ടതോ അഭിപ്രായം പറയേണ്ടതോ ആയ കാര്യമല്ലിത്. അത്തരം കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതിൽ കയറി പരിഷ്കാരങ്ങൾ വരുത്താൻ നിൽക്കരുതെന്നും മുരളീധരൻ പറഞ്ഞു. അമ്പലത്തിൽ തൊഴുന്നത് പഴയ രീതിയാണെന്ന് പറഞ്ഞു ആരെങ്കിലും അമ്പലത്തിൽ കേറി ഹായ് പറയുമോ എന്ന പരിഹാസവും മുരളീധരൻ ഉന്നയിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയോട് ചേർന്നുനിൽക്കുന്ന പ്രതികരണമാണ് കെബി ഗണേഷ് കുമാർ ഇപ്പോൾ നടത്തിയിരുന്നു. എൻഎസ്എസ് ഡയറക്ടർബോർഡ് അംഗം കൂടിയാണ് ഗണേഷ് കുമാർ. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
ഇത്തരം വിഷയത്തിൽ ചർച്ച നടക്കേണ്ടത് സമുദായങ്ങൾക്കിടയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ പ്രതികരിച്ചതോടെ ഈ പ്രസ്താവന വിവാദമാവുകയായിരുന്നു.അമ്പലങ്ങളിൽ ഉടുപ്പ് ഊരി വെച്ച് പ്രവേശിക്കണമെന്ന നിബന്ധനയിൽ കാലഘട്ടമനുസരിച്ച് മാറ്റംവരണമെന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ശിവഗിരി തീർഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരാമർശത്തെ പിന്തുണച്ചിരുന്നു.
ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 'മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്കർത്താവായ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്നും' മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞിരുന്നു.