അയ്യപ്പ ഭക്തർക്ക് ബുള്ളറ്റിൽ പമ്പ വരെ യാത്ര ഒരുക്കി സതേൺ റെയിൽവേ

Divya John

യാത്ര പ്രേമികളായ അയ്യപ്പ ഭക്തർക്ക് പമ്പ വരെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സവാരിയൊരുക്കി സതേൺ റെയിൽവേ. ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കായി ബുള്ളറ്റ് നൽകിയത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫെ റൈഡ്സുമായി ചേർന്നാണ് ചെങ്ങന്നൂരിൽ ബുള്ളറ്റ് യാത്ര ഒരുക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിന്റെ 500 സി സി ബുള്ളറ്റ് ആണ് യാത്രക്കായി വാടകക്ക് നൽകിയത്. ആദ്യമായാണ് സതേൺ റെയിൽവേ സോണിൽ ഇത്തരമൊരു പദ്ധതി വരുന്നത്.

ബൈക്ക് വാടകക്കെടുക്കാൻ തിരിച്ചറിയൽകാർഡിന്റെ പകർപ്പും മൊബൈൽ നമ്പറും മാത്രമാണ് ആവശ്യം. 24 മണിക്കൂറിനെക്കുള്ള വാടക 1200 രൂപയാണ്. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 6 രൂപ വീതമാണ് ഈടാക്കുക. ബുള്ളറ്റ് ഫുൾ ടാങ്ക് ആക്കി തീർത്ഥാടകർക്ക് നൽകും. തിരിച്ചു നൽകുമ്പോഴും ഫുൾ ടാങ്ക് ആക്കി വേണം നൽകാൻ. ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് പോകുന്ന വഴി മറ്റു ക്ഷേത്രങ്ങൾ സന്ദർശിച്ചുകൊണ്ട് പമ്പയിലെത്താൻ സാധിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മണ്ഡലകാലാവസാനം വരെ ഭക്തർക്ക് ഈ പദ്ധതി ഉപകാരപ്പെടും.

ശബരിമലയിലേക്ക് പോകുവാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനാണ്. അതിനാലാണ് പദ്ധതി ചെങ്ങന്നൂരിൽ തന്നെ ആരംഭിച്ചത്. ഇവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. സതേൺ റെയിൽവേ സോണിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ തന്നെ മികച്ച പിന്തുണയാണ് പലകോണിൽ നിന്നും ലഭിച്ചിരിക്കുന്നത്

Find Out More:

Related Articles: