മുണ്ടക്കൈ - ചൂരൽമല ടൗൺഷിപ്പ്; പ്രതീക്ഷിക്കുന്ന ചെലവ് 750 കോടി രൂപഎന്ന് മുഖ്യ മന്ത്രി! മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി രണ്ട് മോഡലുകളിൽ ടൗൺഷിപ്പ് നിർമിക്കും. എൽസ്റ്റോൺ എസ്റ്റേറ്റിലും നെടുബാല എസ്റ്റേറ്റിലുമാണ് ടൗൺഷിപ്പുകൾ നിർമിക്കുകയെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു. കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി ടൗൺഷിപ്പുമായി സംസ്ഥാന സർക്കാർ. നെടുമ്പാലയിൽ കുന്നിൽ പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിർമാണമാകും നടത്തുക. ഇവിടെ പത്ത് സെൻ്റ് ഭൂമിയിൽ 100 ചതുരശ്ര അടിയുള്ള വീടുകൾ നിർമിക്കുക. രണ്ടുനില നിർമിക്കാനുള്ള അടിത്തറയാകും നിർമിക്കുകയെന്ന് ചീഫ് സെക്രട്ടറി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഊരാളുങ്കൽ സൊസൈറ്റിക്കാണ് വയനാട് പുനരധിവാസത്തിന്റെ നിർമാണച്ചുമതല. കിഫ്‌കോണിന് ആണ് നിർമാണ മേൽനോട്ടം.
ജനുവരി 25ന് അകം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇറക്കും. കൽപ്പറ്റയിൽ ടൗണിനോടു ചേർന്നു കിടക്കുന്ന ടൗൺഷിപ്പിൽ അഞ്ച് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടാണ് നിർമിക്കുകയെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.ഭൂമിയുടെ വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയിൽ 10 സെന്റും ആയിരിക്കും നൽകുക. ടൗൺഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗൻവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും. പ്രത്യേക പരിഗണന നൽകേണ്ട സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികൾ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങൾ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാൻ സർവ്വേ വഴി കണ്ടെത്തി.
പുനരധിവാസവുമായി ബന്ധപ്പെട്ട് കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൽ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ടൗൺഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി. ടൗൺ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും. ഉരുൾ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാൻ കളക്ടീവ് ഫാമിങ് പോലുള്ള ഉൽപ്പാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പിന്നീട് പരിഗണിക്കും.
ആ ഭൂമി അതിന്റെ ഉടമകളിൽ നിന്ന് അന്യം നിന്നുപോകില്ല. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി 25 നകം പുറത്തിറക്കാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ. ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗ്ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവ്വേ നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ പെടുന്ന 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തി മൈക്രോ പ്ലാൻ തയാറാക്കിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേർ കാർഷിക മേഖലയും 1034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.