കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സയ്യിദ് മിർസയുടെ വരവ്! കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനെക്കുറിചച്ചകാന് മേൽ സൂചിപ്പിച്ചത്. സയ്യിദ് അക്തർ മിർസയുടെ കലാജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പേരാണ് "സയ്യിദ് മിർസ: ദി ലെഫ്റ്റിസ്റ്റ് സൂഫി." 80കളിലെ സ്ഥിതി കണക്കിലെടുത്താൽ സിനിമാലോകം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താരാപഥം തന്നെയായിരുന്നു. അവിടേക്ക് ഒരു പ്രത്യേക ക്ലാസിൽ നിന്നുള്ളവർക്കല്ലാതെ പ്രവേശനം നിഷിദ്ധമായിരുന്നു. അങ്ങനെയൊരു കാലത്താണ് സയ്യിദ് മിർസ സിനിമകളെടുക്കുന്നതും, അതിൽ വഴിയോരത്ത് താൻ കണ്ടുമുട്ടിയ സാധാരണ മനുഷ്യരെ അഭിനേതാക്കളാക്കുന്നതും. സമാന്തരസിനിമയിൽ സയ്യിദ് മിർസ നടത്തിയ ധീരമായ ശ്രമങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു ഇത്. എന്നാലിന്ന് അങ്ങനെ അല്ല.
സാധാരണക്കാരായ മനുഷ്യർ നടീനടന്മാരാകുന്നത് ഇന്ന് വാണിജ്യസിനിമകളിൽപ്പോലും സാധാരണമാണ്. പെട്ടെന്ന് വെള്ളിത്തിരയിലേക്ക് കയറിവന്ന് ഞെട്ടിക്കുന്ന അഭിനയം കാഴ്ചവെക്കുന്ന സാധാരണക്കാരായ ആളുകളെ നമുക്കിന്ന് ഓരോ നഗരത്തെരുവുകളിലും കാണാനായേക്കും. കൊട്ടേഷൻ ഗുണ്ടകൾ പോലും സിനിമയുടെ ഭാഗമാണിന്ന്. എന്നാൽ, 80കളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. സമാന്തര സിനിമകളുടെ പൂക്കാലമായിരുന്ന 70-കളുടെ രണ്ടാംപകുതിയിലും 80-കളിലും കലാമൂല്യമുള്ള മികച്ച സിനിമകളുടെ പ്രസ്ഥാനത്തിൽ വലിയ പങ്കാണ് സയ്യിദ് അക്തർ മിർസ വഹിച്ചത്. 1943ൽ ബോംബെയിൽ ജനിച്ച അദ്ദേഹം 60കളിൽ സിനിമയിൽ സജീവമായി. പരസ്യമേഖലയിൽ ജോലി ചെയ്തു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കാൻ ചേർന്നു.
1976ൽ അവിടെ നിന്ന് ബിരുദം നേടി. പിൽക്കാലത്ത് മിർസ ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി വരികയുണ്ടായി.
സയ്യിദ് മിർസ ആദ്യമായി സംവിധാനം ചെയ്തത് അരവിന്ദ് ദേശായി കി അജീബ് ദസ്താൻ എന്ന ചിത്രമാണ്. ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ ആൽബർട്ടി പിന്റോ കോ ഗുസ്സാ ക്യൂം ആതാ ഹെ എന്ന ചിത്രം വന്നു. ഈ രണ്ട് ചിത്രങ്ങളുടെ 70-കളിലെ 'ക്ഷുഭിത യൗവ്വന'ത്തെയാണ് ചിത്രീകരിച്ചത്. 1995-ൽ അയോധ്യയിലെ ബാബറി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തിലെടുത്ത നസീം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ബാബറി മസ്ജിദ് തകർക്കൽ സമൂഹത്തിൽ വരുത്തിയ വലിയ മാറ്റത്തെ ബോംബെ നഗരത്തിലെ ഒരു സ്കൂൾകുട്ടിയുടെ കാഴ്ചപ്പാടിൽ വിവരിക്കുന്ന സിനിമയാണിത്. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് സയ്യിദ് മിർസയ്ക്ക് നേടിക്കൊടുത്തു ഈ സിനിമ.
ബോംബെ നഗരത്തിന്റെ ജീവിതത്തിന്റെ ഉള്ളടരുകളിലേക്ക് ക്യാമറ തിരിച്ചുവെച്ച സയ്യിദ് മിർസ, നഗരത്തിരക്കുകളിൽ ആരാലും ശ്രദ്ധിക്കാത്തവരുടെ കഥകളിലേക്കാണ് പോയത്. വലിയ വിവാദങ്ങൾക്കൊടുവിൽ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് സയ്യിദ് മിർസ ആ സ്ഥാനത്തേക്ക് വരുന്നത്. അടൂരിനെപ്പോലൊരാൾക്ക് പകരക്കാരനാകാൻ ഏറ്റവും യോജിച്ചയാളെയാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയിരിക്കുന്നതെന്നു തന്നെ പറയാം. സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തന്റെ സിനിമാ കരിയറിലുടനീളം പ്രകടിപ്പിച്ച സിനിമാക്കാരനാണദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് മികച്ചൊരു വഴികാട്ടി തന്നെയായിരിക്കും അദ്ദേഹത്തിന്റെ ചെയർമാൻഷിപ്പ്.