110 വർഷം മുമ്പ് ആർത്തവാവധി പ്രഖ്യാപിച്ച തൃപ്പുണിത്തുറ ഗേൾസ് സ്കൂൾ വീണ്ടും ചർച്ചയാകുന്നു!

Divya John
 110 വർഷം മുമ്പ് ആർത്തവാവധി പ്രഖ്യാപിച്ച തൃപ്പുണിത്തുറ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂൾ വീണ്ടും ചർച്ചയാകുന്നു!  ഈയടുത്തിടെയാണ് കുസാറ്റ് സർവ്വകലാശാലയിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധി  പ്രഖ്യാപിച്ചു കൊണ്ടുള്ള തീരുമാനം നാമെല്ലാപേരും അറിഞ്ഞത്. എന്നാൽ  ആർത്തവത്തെക്കുറിച്ചോ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചോ പൊതുചർച്ചകൾ നടക്കാതിരുന്ന കാലത്ത്, ആർത്തവ അവധി പ്രഖ്യാപിച്ച ചരിത്രം അവകാശപ്പെടാൻ തൃപ്പുണിത്തുറ ഗേൾസ് സ്കൂ ലൈന് സാധിക്കും. 1912-ലായിരുന്നു ഈ പ്രഖ്യാപനം. കേരളത്തിൽ കുസാറ്റ് സർവ്വകലാശാലയിൽ ആർത്തവ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തൃപ്പൂണിത്തുറ സ്‌ക്കൂൾ വീണ്ടും ചർച്ചയിലേക്ക് വരുന്നത്. ആർത്തവ സമയത്തെ വേദനയും മാനസിക പിരിമുറുക്കവും തീർത്തും വേദന ജനകവും, ആശങ്ക ഉളവാക്കുന്നതുമാണ്. പണ്ട് കാലങ്ങളിൽ ആർത്തവത്തെ കുറിച്ചോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചോ ആരും തന്നെ തുറന്നു സംസാരിക്കുകയോ, മറ്റു ചർച്ചകൾ നടത്തുകയോ ചെയ്തിരുന്നില്ല.




1912-ലാണ് തൃപ്പുണിത്തുറ ഗേൾസ് സ്‌കൂളിൽ വാർഷിക പരീക്ഷയുടെ സമയത്ത് പീരീഡ് ലീവ് എടുക്കാൻ അനുമതി നൽകുന്നത്. പിന്നീട് വിദ്യാർഥിനികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനവും ക്രമീകരിച്ചിരുന്നു. കൊച്ചി രാജവംശത്തിന്റെ കീഴിലായിരുന്ന (ഇന്നത്തെ എറണാകുളം ജില്ല) തൃപ്പുണിത്തുറ ഗേൾസ് സ്‌കൂളിൽ അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് വാർഷികപരീക്ഷ എഴുതണമെങ്കിൽ 300 ദിവസത്തെ ഹാജർ വേണമെന്നാണ് ചട്ടം. പരീക്ഷാദിവസങ്ങളിൽ പലപ്പോഴും വിദ്യാർത്ഥിനികളും, അധ്യാപികമാരും ഹാജർ ആകാതിരുന്നത് ഒരു പ്രശ്‌നമായി മാറി. പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നവർ ധാരാളമുണ്ടായിരുന്ന കാലം. ഇത്തരത്തിലുള്ള കടുത്ത നിലപാടുകൾ ഹാജരിന്റെ കാര്യത്തിൽ എടുത്താൻ സ്ത്രീകൾക്ക് വിദ്യാഭ്യാസം കിട്ടുന്നതിന് വിഘാതമാകുമെന്ന് അന്ന് സ്കൂളധികൃതർ ചിന്തിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തൊട്ടുകൂടായ്മയും അടിമത്തവും നാടുവാണിരുന്ന കാലത്താണ് ഈ വിപ്ലവരമായ ചുവടുവെപ്പിന് തൃപ്പൂണിത്തുറ സ്‌കൂൾ സാക്ഷ്യം വഹിച്ചത്. ഗേൾസ് സ്കൂളുകൾ അക്കാലത്ത് വലിയ മാറ്റത്തിന്റെ കേന്ദ്രങ്ങളായിരുന്നു എന്നതും ഓർക്കാം. മിക്സഡ് സ്കൂളുകളിലേക്ക് പെൺകുട്ടികളെ വിടാൻ താൽപര്യമില്ലാത്തവരായിരുന്നു അധികമാളുകളും.




അവരെ ആകർഷിച്ച് പെൺകുട്ടികളിലേക്ക് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങളെത്തിക്കാൻ ഗേൾസ് സ്കൂളുകൾ വളരെ സഹായകമായി. പുതിയ കണക്കിലെടുത്ത് അന്നത്തെ പ്രധാന അധ്യാപകനായിരുന്ന വി. പി. വിശ്വേശര അയ്യർ 1912 ജനുവരി 19-നു തൃശ്ശൂരിലെ ഇൻസ്പെക്ടറുടെ മുൻപാകെ ഈ വിഷയം അവതരിപ്പിച്ചു. ഇൻസ്പെക്ടർക്ക് കാര്യം ബോധ്യപ്പെട്ടു. ഉന്നതതലങ്ങളിലേക്ക് ഈയാവശ്യം ചെന്നു. അതേ ജനുവരിയിൽ 24ാംതിയ്യതി ആർത്തവ സമയത്ത് പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥിനികൾക്ക് മറ്റൊരവസരത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ച് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. ഇത് ചരിത്രം. കേരളത്തിൽ സർവ്വകലാശാലകൾക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആർത്തവ അവധി നൽകുന്ന തീരുമാനത്തിന് നിമിത്തമായത് കുസാറ്റ് സർവ്വകലാശാലയിലെ ഒരുകൂട്ടം വിദ്യാർത്ഥിനികളായിരുന്നു. സെമസ്റ്ററിൽ പെൺകുട്ടികൾക്ക് രണ്ട് ശതമാനം അധിക അവധി അനുവദിച്ചാണ് കുസാറ്റ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സർവകലാശാലകളിൽ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം.



എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്നാണ് പുതിയ തീരുമാനം. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് രണ്ട് ശതമാനം അധിക അവധി നൽകാൻ സർവകലാശാല അനുമതിയായത് എന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. തുടർന്ന് സംസഥാനത്തെ മുഴുവൻ സർവ്വകലാശാലയിലും ഈ അവധി സമ്പ്രദായം ബാധകമാക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നടത്തിയ പ്രഖ്യാപനവും വലിയ സ്വീകാര്യത നേടി. ഹയർ സെക്കണ്ടറി സ്‌കൂളിലെയും ഹൈസ്‌കൂളിലേയും വിദ്യാർഥിനികൾക്കു കൂടി ആർത്തവ അവധി നൽകുന്ന കാര്യം വിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Find Out More:

Related Articles: