ഇതാണ് മീടു എങ്കിൽ ഞാനത് ചെയ്തിട്ടില്ല; മീടു ആരോപണത്തിൽ വീണ്ടും നടൻ വിനായകൻ! ശാരീരികവും മാനസികവുമായ പീഡനത്തെയാണ് മീടു എന്ന് പറയുന്നതെന്നും ഇതാണ് മീടു എങ്കിൽ ഞാനത് ചെയ്തിട്ടില്ലെന്നും രൂക്ഷമായ ഭാഷയിൽ വിനായകൻ പ്രതികരിച്ചു. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പന്ത്രണ്ട് എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടയിലാണ് ഈ പ്രതികരണം. തനിക്കെതിരെയുണ്ടായ മീടു ആരോപണത്തിൽ മാധ്യമങ്ങളുടെ മുന്നിൽ വീണ്ടും ക്ഷോഭത്തോടെ പ്രതികരിച്ച് നടൻ വിനായകൻ. അന്ന് താൻ ആ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അന്നവർക്ക് വിഷമം തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കിൽ മാപ്പ് പിൻവലിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
ഒരുത്തീ പ്രസ് മീറ്റിനെ തുടർന്നുണ്ടായ സംഭവങ്ങളെ മുൻനിർത്തി ചില മാധ്യമപ്രവർത്തകർ വിനായകനുമായി വാക്കേറ്റവുമുണ്ടായി. ശാരീരകമായി നടക്കുന്ന ഇത്രയും വലിയ കുറ്റകൃത്യത്തെ മീടു എന്ന പേരിട്ട് തെറ്റിദ്ധരിപ്പിക്കുകയാണ്. വളരെ ഭീകരമായ കുറ്റകൃത്യമാണത്. ഇത്ര വലിയ തെറ്റുകളിൽ പെട്ട എത്രപേർ ജയിലിൽ പോയെന്നും വിനായകൻ ചോദിച്ചു. ഞാൻ അങ്ങനെ ആരേയും പീഡിപ്പിച്ചിട്ടില്ല, വിനായകൻ അത്ര തരംതാഴന്നവനല്ല, വിനായകൻ പറഞ്ഞു. കുറച്ചുനാളുകൾക്ക് മുമ്പ് വികെ പ്രകാശ് ഒരുക്കിയ നവ്യ നായർ ചിത്രം ഒരുത്തീയുടെ പ്രൊമോഷൻ പരിപാടിയിലും മീടു വിഷയത്തിൽ വിനായകൻ പ്രതികരിച്ചിരുന്നു. അന്ന് താൻ മോശം പരാമർശം നടത്തിയതായി പറയപ്പെട്ട മാധ്യമപ്രവർത്തക ഇവിടെ സ്ഥലത്തുണ്ടോയെന്ന് തിരക്കിയ വിനായകൻ അന്നത്തെ സംഭവത്തിൽ തനിക്ക് കുറച്ച് കാര്യങ്ങൾ വിശദമാക്കാനുണ്ടെന്ന് പറഞ്ഞു.
10 സ്ത്രീകളോടൊപ്പം ഫിസിക്കൽ റിലേഷനുണ്ടായിട്ടുണ്ടെന്നും താനത് അവരോടെല്ലാം ചോദിച്ച് വാങ്ങുകയായിരുന്നുവെന്നുമൊക്കെയാണ് വിനായകൻ പറഞ്ഞത്. നിരവധിപേരാണ് വിനായകനെതിരെ ഇതോടെ സോഷ്യൽമീഡിയയിലുൾപ്പെടെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഡോ. ഷിംന അസീസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ''വിനായകാ... കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ. കൺസെൻറ് എന്നാൽ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കൽ പൂർണ്ണമാവുന്നില്ല.
സ്വതന്ത്ര്യമായി നൽകപ്പെടുന്ന, തിരിച്ചെടുക്കാൻ കഴിയുന്ന, പൂർണമായ അറിവോടും താൽപര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കൺസെൻറ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുൻപും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സിൽ തന്നെ വച്ചാൽ മതി.