‌പ്രചാരണരംഗത്ത് ആർഎസ്എസ്സിനെ കാണാനില്ല: എന്താണ് സംഭവിക്കുന്നത്?

Divya John
  ‌പ്രചാരണരംഗത്ത് ആർഎസ്എസ്സിനെ കാണാനില്ല: എന്താണ് സംഭവിക്കുന്നത്? അയോധ്യാ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിട്ടു പോലും ആർഎസ്എസ് വിട്ടുനിൽക്കുന്നതാണ് ചർച്ച കൊഴുപ്പിക്കുന്നത്. നരേന്ദ്ര മോദി എന്ന നേതാവിലേക്ക് എല്ലാം കേന്ദ്രീകരിക്കുന്നത് സംഘടനയ്ക്കുള്ളിൽ അതൃപ്തി വളർത്തിയിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ആർഎസ്എസ്സിന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. "തുടക്കത്തിൽ ഞങ്ങൾക്ക് ദൗർബല്യങ്ങളുണ്ടായിരുന്നു. വളരെ ചെറിയതായിരുന്നു. അന്ന് ആർഎസ്എസ്സിന്റെ സഹായം ആവശ്യമായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ വളർന്നു. ഒറ്റയ്ക്ക് നിൽക്കാൻ ത്രാണിയായി. ഇപ്പോൾ ബിജെപി സ്വന്തം കാലിൽ നിൽക്കുകയാണ്." ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടങ്ങിയ ഘട്ടം മുതൽക്ക് നടക്കുന്ന ചർച്ചയാണ് ആർഎസ്എസ്സിന്റെ അസാന്നിധ്യം. ആർഎസ്എസ്സിനെ പ്രചാരണരംഗത്ത് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും അടിത്തട്ടിൽ അരങ്ങ് തയ്യാറാക്കുന്നതിൽ സംഘടനയുടെ സ്വാധീനം നിർണായകമാണ്. ബിജെപി നേതാക്കൾ പൊതുജനങ്ങൾക്കു മുമ്പിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് സംസാരിക്കുമ്പോൾ ആർഎസ്എസ് നേതാക്കളും പ്രവർത്തകരും നിശ്ശബ്ദമായി താഴെത്തട്ടിൽ പണിയെടുക്കും. ഇത് ബിജെപിയുടെ സംഘടനാപരമായ ബലം വർദ്ധിപ്പിക്കുന്ന ഘടകമാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും. എന്നാൽ ഇത്തവണ സ്ഥിതി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
 ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞ ചില കാര്യങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചർച്ചയാവുകയാണ്. ആർഎസ്എസ്സിന്റെ പിന്തുണ ഇപ്പോൾ ആവശ്യമില്ലെന്ന സ്ഥിതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബിജെപി സ്വന്തം കാലിൽ നിൽക്കുകയാണ് എന്നായിരുന്നു നദ്ദയുടെ മറുപടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ഈ സാഹചര്യത്തെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ വിശദീകരിക്കുന്നത്, ആർഎസ്എസ്സിനെ ബിജെപി വിഴുങ്ങാൻ പോകുന്നുവെന്നാണ്. മൂന്നാമതൊരു വട്ടംകൂടി അധികാരത്തിലെത്തിയാൽ നരേന്ദ്ര മോദി ആർഎസ്എസ്സിനെ നിരോധിക്കുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു. ശിവസേനക്കെതിരെ നടത്തിയ അതേ കളികൾ ആർഎസ്എസ്സിനു നേരെയും വരുംനാളുകളിൽ മോദി കളിക്കും. ആർഎസ്എസ് വലിയൊരു അപകടത്തെയാണ് നേരിടാൻ പോകുന്നതെന്നും ഉദ്ധവ് പറഞ്ഞു.
 ആർഎസ്എസ്സിന്റെ ഉത്സാഹക്കുറവിന് രണ്ട് കാരണങ്ങളാണ് ഇപ്പോൾ ചർച്ചയിലുള്ളത്. നരേന്ദ്രമോദി പാർട്ടിയെ പൂർണ്ണമായി കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് ആർഎസ്എസ്സിനെയും മറികടന്ന് പോകാനുള്ള പ്രവണതയിലേക്ക് പാർട്ടിയെ എത്തിക്കുന്നതായി നേതാക്കൾ സംശയിക്കുന്നു. നദ്ദയുടെ വാക്കുകളിൽപ്പോലും ഈയൊരു സൂചന കാണാം. വാജ്പേയിയുടെ കാലത്തെന്ന പോലെ ഇന്ന് ബിജെപിക്ക് ആർഎസ്എസ്സിന്റെ സഹായം ആവശ്യമില്ലെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ പറയുന്നത്.ആർഎസ്എസ്സിന്റെ സഹായമില്ലാതെ നിൽക്കാൻ തക്കവണ്ണം പാർട്ടി വളർന്നുവെന്ന പ്രസ്താവന തന്നെയും ആർഎസ്എസ്സിനെ സംബന്ധിച്ചിടത്തോളം പ്രകോപനപരമാണ്. ഈ പ്രകോപനം പാർട്ടി വേദികളിൽ നടന്നതിനു ശേഷമേ ഒരു അഭിമുഖത്തിലൂടെ പുറത്തുവരൂ. മോദി എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് കാര്യങ്ങളെല്ലാം മുമ്പോട്ടു പോകുന്നതിൽ ആർഎസ്എസ്സിനുള്ള അതൃപ്തിയാണ് പ്രതിഫലിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. പ്രചാരണത്തിലെ ആർഎസ്എസ്സിന്റെ അസാന്നിധ്യം സംബന്ധിച്ച് വരുന്ന മറ്റൊരു സിദ്ധാന്തം, സംഘടനയിലെ പ്രവർത്തകരുടെ ക്ലാസുമായി ബന്ധപ്പെട്ടതാണ്. ഇടത്തരക്കാർക്കിടയിൽ മോദി സർക്കാരിനെതിരെ അതൃപ്തി വളർന്നിട്ടുണ്ടെന്നും, ആർഎസ്എസ് പ്രവർത്തകർ ഭൂരിഭാഗവും ഈ ക്ലാസിൽ നിന്നുള്ളവരായതിനാൽ ആ അതൃപ്തി സംഘടനയുടെ ഉത്സാഹക്കുറവായി മാറിയെന്നുമെല്ലാം ചിലർ വാദിക്കുന്നുണ്ട്. എന്നാൽ ആർഎസ്എസ് പോലൊരു കേഡർ സംവിധാനത്തിന്റെ കാര്യത്തിൽ ഈ നിരീക്ഷണം അത്രകണ്ട് ശരിയാകില്ല.

Find Out More:

Related Articles: