ഒരു മാസത്തിനിടെ മൂന്ന് റെയ്ഡുകൾ, റെയ്ഡിൻറെ മുന്നൊരുക്കങ്ങൾ ഇങ്ങനെ! ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), സംസ്ഥാന പോലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണ് പരിശോധന നടത്തേണ്ട സ്ഥലങ്ങൾ തീരുമാനിച്ചത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം രണ്ട് മാസം മുമ്പ് എടുത്തതായി റിപ്പോർട്ട്. അതിനായുള്ള മുന്നൊരുക്കങ്ങൾക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു. സ്ഥലങ്ങളുടെ ഡിജിറ്റൽ മാപ്പിങ് നടത്തി ലൊക്കേഷൻ ഐബിയുടെ നേതൃത്വത്തിൽ മൂന്നാഴ്ച നിരീക്ഷിച്ചതിനു ശേഷമാണ് വെള്ളിയാഴ്ച പുലർച്ചയോടെ പരിശോധന തുടങ്ങിയത്.സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിക്കും.
അവധി ദിവസമായ 21 നാണ് പരിശോധന നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അന്ന് കേരളത്തിൽ പൊതുഅവധി ആയിരുന്നതിനാൽ ഒരു ദിവസം വൈകിപ്പിച്ചു. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ 15 നേതാക്കളെയാണ് അന്വേഷണ സംഘം ലക്ഷ്യമിട്ടിരിക്കുന്നത്. ഇവരുടെ പ്രവർത്തനരീതികൾ മാസങ്ങളോളമായി നിരീക്ഷിച്ചിരുന്നു. കേരള പോലീസിനെ ഒഴിവാക്കി സിആർപിഎഫ് സംഘത്തെയാണ് സുരക്ഷാ ചുമതല ഏൽപിച്ചത്. സിആർപിഎഫിന്റെ റാഞ്ചി കേഡറിലെ 10 ബറ്റാലിയനുകളിലെ 750 ഭടന്മാരെയാണ് കേരളത്തിലേക്ക് വിട്ടത്. 18ാം തീയതി മുതൽ പല ദിവസങ്ങളിലായി ഇവർ കേരളത്തിലെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് ദൗത്യം അറിയിച്ചത്. കൊച്ചി എൻഐഎ ഓഫിസ് കേന്ദ്രീകരിച്ച് ആയിരുന്നു ആസൂത്രണം. മൂന്ന് ദിവസം മുമ്പ് എൻഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു. കോടതികൾക്കും എൻഐഎ ഓഫിസിനും പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഒരു മാസത്തിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ മൂന്ന് പ്രാവശ്യമായി എൻഐഎ ചെറിയ രീതിയിലുള്ള റെയ്ഡുകൾ നടത്തിയിരുന്നു. ഭീകരവാദത്തിന് സഹായം ചെയ്തെന്ന പേരിലാണ് പിടിയിലായത്. 22 പേരാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്.
മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 20 പേർ, തമിഴ്നാട്- 10, യുപി- 8, ആന്ധ്ര- 5, മധ്യപ്രദേശ്- 4, പുതുച്ചേരി, ഡൽഹി- 3, രാജസ്ഥാൻ- 1 എന്നിങ്ങനെയാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. 106 പേരെ ആകെ അറസ്റ്റ് ചെയ്തതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയും ഇഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് കേരളത്തിൽ നിന്നാണ്.
സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കം 22 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, ദേശീയ പ്രസിഡന്റ് ഒ എം എ സലാം, ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി കോയ, ദേശീ. വൈസ് പ്രസിഡന്റ് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കൾ. കൂടാതെ, തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി.