ഇരുപത് വർഷങ്ങൾക്ക് ശേഷം രജനീകാന്തിന്റെ 'ബാബ' വീണ്ടുമെത്തുന്നു!
അണ്ണാമലൈ, വീര, ബാഷ എന്നീ ചിത്രങ്ങൾക്ക് ശേഷം സുരേഷ് കൃഷ്ണയും രജനീകാന്തും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബാബ. നായകാനായെത്തിയ രജനി തന്നെ ആയിരുന്നു ചിത്രം നിർമ്മിച്ചതും. ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നെങ്കിലും രജനി ആരാധകർക്കിടയിൽ വളരെ പ്രശസ്തമാണ് ബാബ. ലോട്ടസ് ഇന്റർനാഷണൽ ആയിരുന്നു ചിത്രം പ്രദർശനത്തിനെത്തിച്ചത്. ഹിമാലയത്തിലെ ഒരു സന്യാസിയുടെ പുനർജന്മമായ യുവാവിന്റെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്.ഡിജിറ്റൽ റീമാസ്റ്ററിംഗിന് ശേഷമാകും ചിത്രം പ്രദർശനത്തിനെത്തുക. റീ എഡിറ്റിങ്ങിന്റെ ഭാഗമായി ചിത്രത്തിലെ പാട്ടുകളും റീ മിക്സ് ചെയ്യും. രജനികാന്ത് തന്നെ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കതയും രചിച്ചത്. എ. ആർ റഹ്മാൻ ആയിരുന്നു സംഗീതം ഒരുക്കിയത്.
ചിത്രത്തിന്റെ വിതരണക്കാർക്കുണ്ടായ നഷ്ടം രജനീകാന്ത് തന്നെ നികത്തിയതും ചരിത്രമായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനീഷ കൊയ്‌രാള ആയിരുന്നു ചിത്രത്തിൽ നായിക ആയെത്തിയത്. അംരീഷ് പുരി, ആശിഷ് വിദ്യാർത്ഥി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിനേറ്റ വൻ പരാജയത്തിനു ശേഷം രജനീകാന്ത് സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു.പിന്നീട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2005 ൽ ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തി.
ചിത്രം ബോക്സോഫീസിൽ വിജയിക്കുകയും ചെയ്തു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് രജനീകാന്തിന്റേതായി ഇനി പുറത്തു വരാനുള്ള ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, വസന്ത് രവി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2021 ൽ പുറത്തിറങ്ങിയ അണ്ണാത്തെ ആണ് രജനീകാന്തിന്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം.