എൻറെ മരണം സംഭവിക്കുകയാണെങ്കിൽ അത് ഒരു ആത്മഹത്യയായിരിക്കില്ല എന്ന് ഉറപ്പു പറയട്ടെ'; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്! 2001ൽ സുഹൃത്തുക്കളോടൊപ്പം കാഴ്ച ചലച്ചിത്ര വേദി എന്ന സിനിമാക്കൂട്ടായ്മ രൂപീകരിച്ച് വണ്ടർ വേൾഡ്, പരോൾ, ഫ്രോഗ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചായിരുന്നു സനലിൻറെ ചലച്ചിത്ര രംഗത്തെ തുടക്കം. പിന്നീട് ഒരാൾപ്പൊക്കം, ഒഴിവു ദിവസത്തെ കളി, സെക്സി ദുർഗ്ഗ, ചോല തുടങ്ങിയ സിനിമകളൊരുക്കി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പെടെ അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ കൊല്ലം കാഴ്ച ചലച്ചിത്രവേദിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. കലാമൂല്യമുള്ള സിനിമകളൊരുക്കി ശ്രദ്ധേനായ സംവിധായകനാണ് കവിയും ചലച്ചിത്ര പ്രവർത്തകനുമായ സനൽ കുമാർ ശശിധരൻ.ഇപ്പോഴിതാ കാഴ്ച ചലച്ചിത്ര വേദിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഗൌരവകരമായ ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
അവസ്ഥ വളരെ ഭീകരമാണെന്നും അറപ്പുളവാക്കുന്ന പ്രചരണങ്ങളാണെന്നും എൻ്റെ മരണം സംഭവിക്കുകയാണെങ്കിൽ അത് ഒരു ആത്മഹത്യയായിരിക്കില്ല എന്ന് ഉറപ്പ് പറയട്ടെയെന്നും സംവിധായകൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സനൽകുമാർ ശശിധരൻ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് 'ഗൌരവത്തോടെ കണക്കിലെടുക്കണമെന്ന് സുഹൃത്തുക്കളോടുള്ള അഭ്യർത്ഥന NIV ART Movies ൻറെയും Kazhcha Film Forum ഓഫീസ് സ്പെയ്സ് എനിക്കജ്ഞാതമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ഗൌരവമുള്ള സംശയത്തെ തുടർന്ന് ഞാൻ നടത്തിയ ചില അന്വേഷണങ്ങൾ ഉത്തരമില്ലാതെ അവസാനിച്ചതുകൊണ്ട് 2020 ഫെബ്രുവരിയിലാണ് ഞാൻ കാഴ്ചയിൽ നിന്നും പദവികൾ രാജിവെയ്ച്ച് പുറത്തിറങ്ങുന്നത്.' 'എൻറെ സംശയങ്ങളും അവയ്ക്ക് കാരണമായ സാഹചര്യങ്ങളും ഗൌരവമുള്ളതായതുകൊണ്ട് തന്നെ അതൊക്കെ വിശദമായ ഒരു പരാതിയാക്കി അപ്പോൾ തന്നെ ഡിജിപിക്ക് കൊടുത്തിട്ടുള്ളതും അതിൽ അന്വേഷണം തുടങ്ങിയതായി അറിയാവുന്നതുമാണ്. എൻറെ സംശയങ്ങൾ തെറ്റാണെന്ന് എനിക്ക് തോന്നാൻ മതിയായ ഒരുകാരണവും എനിക്ക് ലഭിക്കാത്തതുകൊണ്ട് അവിടെ തുടരാൻ ഒഴിവുദിവസത്തെ കളി മുതൽ കയറ്റം വരെയുള്ള എൻറെ എല്ലാ സിനിമകളുടേയും പ്രൊഡ്യൂസറായ Shaji Mathew നിർബന്ധിച്ച് പറഞ്ഞിട്ടും ഞാൻ കയറ്റത്തിൻറെ ബാക്കി ജോലികൾ ചെയ്തതും വഴക്ക് ഉൾപ്പെടെ രണ്ട് സ്ക്രിപ്റ്റുകൾ എഴുതിയതും അർത്ഥ് കുംഭ് എന്ന ഡോക്യുമെൻററി പൂർത്തിയാക്കിയതും വഴക്കിൻറെ എഡിറ്റിംഗ് പൂർത്തിയാക്കിയതും വീട്ടിലിരുന്നായിരുന്നു.'
'കഴിഞ്ഞവർഷം ഓണത്തിന് പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന പാട്ടായ ഇസ്തക്കോ പോലും പുറത്തിറങ്ങുന്നത് ഇപ്പോൾ മെൽബൺ ഫിലിം ഫെസ്റ്റിവലിൽ കിട്ടിയ അവാർഡ് കാരണമാണ്. അവാർഡ് വന്നപ്പോൾ പാട്ട് പുറത്തിറക്കണമെന്ന് നിർബന്ധം പിടിച്ചതുകൊണ്ട് മാത്രം ഇപ്പോൾ അത് പുറത്തിറങ്ങി. പക്ഷേ കുറേക്കാലമായി എൻറെ ശ്രദ്ധയിൽ പെട്ടിരുന്ന ഒന്ന് ഇപ്പോൾ കൂടുതൽ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. കാഴ്ചയിൽ നിന്നും പുറത്തുവന്നശേഷം എൻറെ വളരെ അടുത്ത സുഹൃത്തുക്കൾ വരെ എന്നോട് എന്തോ അകലം പാലിക്കുന്നത് ശ്രദ്ധിച്ചിരുന്നു.' 'എന്തുകൊണ്ടാണ് അതെന്ന് അറിയാനുള്ള ഒരു കൌതുകം കൊണ്ട് ഞാൻ ചിലരെ വിളിച്ചു. ഒന്നുമില്ല എന്ന് പറയുന്നതല്ലാതെ എന്തുകൊണ്ടാണ് അവർ അകലം പാലിക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. ഒരിക്കൽ Sajin Baabu തന്നോട് ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് എന്നെക്കുറിച്ച് അറപ്പുളവാക്കുന്ന എന്തൊക്കെയോ ആരോപണങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കണ്ട എന്നും മൈന്ഡ് ചെയ്യണ്ട എന്നും അദ്ദേഹം പറഞ്ഞു എങ്കിലും ഞാൻ അതിൽ ബന്ധപ്പെട്ട ആളുകളെ വിളിച്ച് സംസാരിച്ചപ്പോൾ അങ്ങനെ ഒന്നുമില്ല.'
'ഇടയ്ക്കിടെ സംശയാസ്പദമായ കോളുകൾ, അപരിചിതരുടെ വരവ് എന്നിവയൊക്കെ ഉണ്ടാകാറുള്ളതു കൊണ്ട് ജീവൻ തുലാസിലാണെന്ന തോന്നൽ കുറച്ചു കാലമായി ഉണ്ട്. ഇന്ന് അമ്മയെക്കണ്ട് തിരികെ വരുമ്പോൾ എൻറെ കാറിനെ ഒരു ബൈക്കിൽ രണ്ടുപേർ വീടുവരെ പിന്തുടർന്ന് വരുന്നതും കണ്ടു. ഞാൻ എൻറെ വളരെ അടുത്ത ഒരു സുഹൃത്തിനെ വിളിച്ച് കാര്യങ്ങളുടെ അവസ്ഥ സംസാരിച്ചു. എന്തെങ്കിലും ദുഷ് പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് ഒരു കാരണവശാലും എൻറെ ചെവിയിലെത്തരുത് എന്ന് പ്രചരിപ്പിക്കുന്നവർ ശ്രദ്ധിക്കുന്നുണ്ടാവണം.' അതിനു കാരണം എൻറെ ചെവിയിൽ അത് എത്തിയാൽ ഞാനതിൻറെ പിന്നാലെ ഇറങ്ങിത്തിരിക്കുകയും കാഴ്ചയിൽ ഞാൻ ആരോപിച്ച സംശയങ്ങളുടെ അന്വേഷണത്തിലേക്ക് അത് നയിക്കുകയും ചെയ്യും എന്നതാവണം. കഴിഞ്ഞ രണ്ട് വർഷമായി നടക്കുന്ന പ്രചരണമാണെങ്കിൽ അത് സ്വാഭാവികമായും പടച്ചിറക്കിയവരുടെ കൈവിട്ട് പോവുകയും പൊതുസമൂഹത്തിൽ എത്തുകയും ചെയ്യാൻ അധികം സമയമുണ്ടാവില്ല എന്ന ഭീഷണിയും അവർക്കുണ്ടാവണം.
എൻറെ വർക്കുകൾ പുറത്തിറങ്ങിയാൽ അവയെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം ഇത്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അതും ചർച്ചയിലേക്ക് വരും എന്നതു കൊണ്ടാവണം സിനിമകൾക്കെതിരെയും പ്രവർത്തനം ഉണ്ടാകുന്നത്.'അങ്ങനെയൊരു അപകടസന്ധിയിലാണ് പടച്ചുവിട്ടവർ എങ്കിൽ അവർക്ക് ഇപ്പോൾ ലക്ഷ്യം എൻറെ ജീവനും ആയിരിക്കും. ഞാൻ ജീവനോടെ ഇരിക്കുമ്പോഴാണ് അങ്ങനെ ഒരു പ്രചരണം പുറത്ത് വന്നാൽ അത് പടച്ചുണ്ടാക്കിയവരെ കുരുക്കുകയും കള്ളി വെളിച്ചത്താവുകയും ചെയ്യും. എന്നെതല്ലിക്കൊന്ന് വല്ല മരച്ചില്ലയിലും കെട്ടിത്തൂക്കിയ ശേഷം ആ മഹാസംഭവം പുറത്തുവിട്ടാൽ മാനഹാനികൊണ്ടുള്ള ആത്മഹത്യയായി അത്ഒതുങ്ങുകയും ചെയ്യും എനിക്ക് അതിൻറെ നിജസ്ഥിതി തെളിയിക്കാൻ ആവുകയും ഇല്ല.' 'അതുകൊണ്ട് ഇത്തരം എന്തെങ്കിലും പ്രചരണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ എന്നെ അറിയിക്കണമെന്ന് ജീവൻറെ വിലയുടെ പേരിൽ താൽപര്യപ്പെടുന്നു. ജീവാപായം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കുന്നതുകൊണ്ടും അതിനുള്ള അരങ്ങ് ഒരു അണ്ടർഗ്രൌണ്ട് നെറ്റ്‍വർക്ക് പോലെ ഉണ്ടാക്കുന്നതായി മനസിലാകുന്നതു കൊണ്ടും ഇത് വളരെ ഗൌരവമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'