ബിജെപിക്ക് അമിത് ഷായുണ്ടെങ്കിൽ കോൺഗ്രസ്സിന് ഡികെ ശിവകുമാറുണ്ട്!

Divya John
ബിജെപിക്ക് അമിത് ഷായുണ്ടെങ്കിൽ കോൺഗ്രസ്സിന് ഡികെ ശിവകുമാറുണ്ട്! 1989 മുതൽ തുടർച്ചയായി ഏഴുവട്ടമാണ് ഡി.കെ. എം.എൽ.എയായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. നിരവധി തവണ മന്ത്രിസ്ഥാനവും ഡി.കെ.യെ തേടിയെത്തി. നിലവിൽ കനകപുര നിയോജകമണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഡി.കെ. ശിവകുമാർ പ്രശസ്തനായത് മറ്റൊരു പേരിലാണ്, രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ നേതാവ്. 1413 കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നാണ് 2023-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി ഡി.കെ. ശിവകുമാർ വെളിപ്പെടുത്തിയത്. 2018-ലും 840 കോടിയുടെ സമ്പാദ്യവുമായി രാജ്യത്തെ സമ്പന്നരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു.1989-ൽ എം.എൽ.എയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ പരാജയം അറിയാത്ത കോൺഗ്രസ് നേതാവാണ് ഡി.കെ. ശിവകുമാർ. കെമ്പഗൗഡയുടേയും ഗൗരമ്മയുടെയും മകനായി ബെംഗളൂരുവിന് അടുത്തുള്ള കനകപുരയിൽ 1962 മേയ് 15-നാണ് ദൊഡ്ഡലഹള്ള കെമ്പഗൗഡ ശിവകുമാർ എന്ന ഡി.കെ. ശിവകുമാറിന്റെ ജനനം.


വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ മകന് ഇഷ്ടദൈവത്തിന്റെ പേരിടുകയായിരുന്നു കെമ്പഗൗഡയും ഗൗരമ്മയും. പഠനത്തിലും കായിക മത്സരങ്ങളിലും ഒരേ പോലെ തിളങ്ങിയ ശിവകുമാർ ചെറുപ്പത്തിൽ തന്നെ നേതൃപാഠവം തെളിയിച്ചിരുന്നു. ബെംഗളൂരു ശ്രീ ജഗദ്ഗുരു രംഗചാര്യ കോളേജിൽ നിന്ന് ബി.എ. പൂർത്തിയാക്കിയ ശിവകുമാർ പിന്നീട് മൈസൂരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ. നേടി.1987-ൽ സത്തനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയം ശിവകുമാറിനായിരുന്നു. ആദ്യമായി എം.എൽ.എ. ആകുമ്പോൾ 27 വയസ്സായിരുന്നു ശിവകുമാറിന്. 1989-ൽ ബെംഗളൂരു റൂറൽ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശിവകുമാർ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ഇടഞ്ഞതിനെ തുടർന്ന് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നതിന് താത്കാലിക തട വീണു. അതേവർഷം ലോക് സഭാ തിരഞ്ഞെടുപ്പിൽ ദേവഗൗഡയ്‌ക്കെതിരേ കനകപുരയിൽ ഒരുവട്ടം കൂടി മത്സരിച്ചെങ്കിലും വീണ്ടും പരാജയമായിരുന്നു ഫലം.


1994-ൽ ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമിക്കെതിരേ സത്തനൂരിൽ മത്സരിച്ചപ്പോഴും ഫലം മാറിയില്ല.1980-കളുടെ തുടക്കത്തിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് ശിവകുമാറിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. കോൺഗ്രസിന്റെ വിദ്യാർഥി നേതാവിൽ നിന്നും പ്രതീക്ഷിച്ചതിലും വേഗത്തിൽ ഡി.കെ. ശിവകുമാർ വളർന്നു. 1985-ൽ മുൻമുഖ്യമന്ത്രിയും ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവുമായ എച്ച്.ഡി. ദേവെഗൗഡയെ നേരിടാൻ സത്തനൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് 23 വയസ്സ് മാത്രം പ്രായമുള്ള ശിവകുമാറിനെയായിരുന്നു. അന്ന് ചെറിയ ശതമാനം വോട്ടിനായിരുന്നു ശിവകുമാറിനെ എച്ച്.ഡി. ദേവഗൗഡ പരാജയപ്പെടുത്തിയത്.
കോൺഗ്രസിന് കർണാടകയിൽ തള്ളിക്കളയാൻ പറ്റാത്ത നേതാവായി ശിവകുമാർ വളരുന്നത് 1991-ൽ ആരോഗ്യകാരണങ്ങളാൽ വീരേന്ദ്ര പട്ടീൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അവസരത്തിലാണ്. എസ്. ബംഗരപ്പയെ പകരമായി കൊണ്ടുവരാൻ ശിവകുമാർ നടത്തിയ ശ്രമങ്ങൾ ചെറുതായിരുന്നില്ല. ബംഗാരപ്പയുടെ വിശ്വാസം നേടാൻ മാത്രമല്ല, പാർട്ടിയിൽ തന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാതെ തുടരാനും ആ നീക്കം ശിവകുമാറിനെ സഹായിച്ചു. ബംഗാരപ്പ മന്ത്രിസഭയിൽ മന്ത്രിസ്ഥാനവും ശിവകുമാറിനു നേടാനായി.



1999 ശിവകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു ഏടായിരുന്നു. മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർബന്ധിച്ചത് ശിവകുമാറാണ്. 139 സീറ്റിന്റെ വമ്പിച്ച വിജയം നേടിക്കൊടുക്കാനും ശിവകുമാറിന് കഴിഞ്ഞു.ശിവകുമാറിന്റെ പിഴയ്ക്കാത്ത കണക്കു കൂട്ടലുകളും സന്ധികളും കോൺഗ്രസിനെ കർണാടകയിൽ മാത്രമല്ല രക്ഷിച്ചിട്ടുള്ളത്. റിസോർട്ട് രാഷ്ട്രീയത്തിന് മറ്റൊരു പേരുണ്ടെങ്കിൽ അതാണ് ഡി.കെ. ശിവകുമാർ. രാജ്യത്ത് എവിടെയെങ്കിലും കോൺഗ്രസിന് എം.എൽ.എമാർ കൂറുമാറാൻ സാധ്യതയുണ്ടെന്ന് തോന്നിയാൽ പാർട്ടിയുടെ രക്ഷകൻ ഡി.കെ.യാണ്. ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയതന്ത്രങ്ങൾക്ക് മുന്നിൽ 'മറുകണ്ടം ചാടാനിരുന്നവർ' പോലും തിരികെ വന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടങ്ങളിൽ ഡി.കെ.യോളം അനുഭവപരിചയമുള്ളവർ അധികമുണ്ടാകില്ല. ബി.ജെ.പിക്ക് അമിത് ഷായുണ്ടെങ്കിൽ കോൺഗ്രസിന് ഡി.കെ.യുണ്ടെന്ന് പറയുന്നവർ കുറവല്ല.തന്റെ 30 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ നേതൃപാടവത്തിലും ജനസേവനത്തിലും കഴിവുതെളിയിച്ച നേതാവാണ് 61-കാരനായ ഡി.കെ. ശിവകുമാർ. രാഷ്ട്രീയത്തിലെ പാകതയും പക്വതയും പരിചയവും മാത്രമല്ല കോൺഗ്രസിനെ ഡി.കെയിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ.


അത്യാവശ്യം വന്നാൽ എതിരാളികളെ പോലും ഒപ്പം നിർത്താൻ ഡി.കെ.യെപോലെ കഴിവുള്ള കോൺഗ്രസ് നേതാക്കൾ കുറവാണ്. ഡി.കെയിലേക്ക് കോൺഗ്രസിനെ കർണാടകയിൽ തന്നെ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഏറ്റവും വലിയ നേതാവാണ് ഡി.കെ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകണമെങ്കിൽ ഡി.കെ. തന്നെ കളത്തിലിറങ്ങണം. കർണാടകയിൽ മാത്രമല്ല, രാജ്യത്ത് തന്നെ കോൺഗ്രസിനെ സാമ്പത്തികമായി പിന്തുണയ്ക്കാനും ഡി.കെയെ പോലൊരു നേതാവിനേ ഇന്ന് സാധിക്കുകയുള്ളു.ഡി.കെ. ശിവകുമാറും കുടുംബവും നിരവധി തവണയാണ് അഴിമതിയാരോപണങ്ങളിൽ കുടുങ്ങിയിട്ടുള്ളത്. അനധികൃത ഖനനവും, ഗ്രാനൈറ്റ് കടത്തും വനനശീകരണവും അടക്കം നിരവധി അനധികൃത ഇടപാടുകളിൽ ഡി.കെ.യുടെ പങ്കുണ്ടെന്ന് ആരോപണമുണ്ട്. സ്വന്തം മണ്ഡലമായ കനകപുരയിലും രാമനഗരത്തിലും നടത്തിയ അനധികൃത ഖനനങ്ങളുടെ പേരിൽ കർണാടക ഹൈക്കോടതി ഡി.കെ. ശിവകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ നോട്ടീസ് പുറപ്പിടുവിച്ചു.


വനസംരക്ഷണ നിയമത്തിന് കീഴിൽ കുറ്റം ചുമത്തിയെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. തന്റെ പേരിലുള്ള കുറ്റങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഡി.കെ. ശിവകുമാർ കത്തെഴുതിയതായി പറയപ്പെടുന്നു. അതേവർഷം തന്നെ ശാന്തിനഗർ ഹൗസിങ് സൊസൈറ്റി കുംഭകോണത്തിൽ 66 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന് ശിവകുമാറിന്റെയും അനിയനും കോൺഗ്രസ് എം.പി.യുമായ ഡി.കെ. സുരേഷിന്റെയും പേരിലും ആരോപണങ്ങളുയർന്നു. പക്ഷേ, അന്നത്തെ കോർപ്പറേഷൻ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് ഡി.കെ. സഹോദരന്മാർക്ക് ക്ലീൻ ചീറ്റ് നൽകി.
2017-ൽ ഗുജറാത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ആദായ നികുതി വകുപ്പ് ഡി.കെ.യുടെ സ്ഥാപനങ്ങളിലും വീട്ടിലും മറ്റും നടത്തിയ റെയ്ഡിൽ 300 കോടി രൂപ കണ്ടുകെട്ടിയതായാണ് വിവരം. 2019-ലും നികുതി വെട്ടിപ്പിലും സാമ്പത്തിക ക്രമക്കേട് നടത്തിയതിനും ഡി.കെ.യെ അറസ്റ്റു ചെയ്തു. രാഷ്ട്രീയമായ പകപോക്കലും ഡികെക്കെതിരായ നീക്കങ്ങൾക്കു പിന്നിലുണ്ടെന്നത് രാഷ്ട്രീയനിരീക്ഷകരെല്ലാം സമ്മതിക്കുന്ന കാര്യമാണ്. വേട്ടയാടലുകളിൽ മടുത്തുവെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുമുണ്ടായി.

Find Out More:

Related Articles: