ശങ്കറിന്റെ 'അന്ന്യൻ' ബോളിവുഡ് റീമേക്കിലേക്ക്: ചിത്രത്തിന്റെ അവകാശങ്ങൾ തനിക്ക് മാത്രമുള്ളതെന്ന് വാദിച്ച് നിർമാതാവും! 2005ൽ പുറത്തിറങ്ങി ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട 'അന്ന്യൻ' എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമ പതിനാറോളം വർഷങ്ങൾക്കിപ്പുറം റീമേക്ക് ചെയ്യുന്നതിൽ സിനിമാപ്രേമികളും ആവേശത്തിലായിരുന്നു. എന്നാൽ ഈ സന്തോഷത്തിന് പൂട്ടിട്ടിരിക്കുകയാണ് അന്ന്യൻ സിനിമയുടെ നിർമ്മാതാവ് ആസ്കാർ രവിചന്ദ്രൻ. വിക്രം നായകനായ തമിഴ് ഒറിജിനൽ പതിപ്പ് അന്ന്യന്റെ നിർമാതാവ് ശങ്കറിനെതിരെ രംഗത്തെത്തിയത് പ്രേക്ഷകരെയും വിസ്മയിപ്പിച്ചു. ശങ്കർ എത്രയും പെട്ടെന്ന് തന്നെ 'ബോളിവുഡ് അന്ന്യൻ' റീമേക്ക് നിർത്തിവെക്കണം എന്നും, തിരക്കഥാകൃത്തായ സുജാതയിൽ നിന്നും ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും താൻ പണം കൊടുത്ത് നേടിയിരുന്നു എന്നാണ് നിർമ്മാതാവിൻ്റ ഭാഷ്യം.
അല്ലാത്തപക്ഷം നിയമപരമായി നേരിടും എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഒരു തുറന്ന കത്ത് ട്വീറ്റ് ചെയ്തുകൊണ്ടാണ് നിർമ്മാതാവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിക്രത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സോഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ 16 വർഷങ്ങൾക്കിപ്പുറം ഒരുങ്ങുന്ന റീമേക്കിൽ നായകൻ ബോളിവുഡ് താരം രൺവീർ സിങ്ങാണ്. ശങ്കർ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിൽ ചിയാൻ വിക്രം ആയിരുന്നു നായകൻ.
പ്രോജക്റ്റ് പ്രഖ്യാപിച്ച് കൊണ്ട് ശങ്കർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് റീമേക്ക് എന്നതിനു പകരം 'ഒഫിഷ്യൽ അഡാപ്റ്റേഷൻ' എന്നാണ്. പെൻ മൂവീസിൻറെ ബാനറിൽ ജയന്തിലാൽ ഗാഡയാണ് സിനിമ നിർമ്മിക്കുന്നത്. അതേസമയം 'അന്ന്യൻ' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആനുകാലിക പ്രസക്തമായ വിഷയങ്ങളിൽ ഊന്നിയാണ് സിനിമ ഒരുക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസമാണ് സംവിധായകൻ ശങ്കറിൻ്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം അന്ന്യൻ 16 വർഷങ്ങൾക്കു ശേഷം ബോളിവുഡ് റീമേക്ക് ചെയ്യുന്നതായ വാർത്ത പുറത്ത് വന്നത്.
പതിനാറ് വർഷങ്ങൾക്ക് മുമ്പ് തെന്നിന്ത്യയിൽ തമിഴിൽ പുറത്തിറങ്ങി ലോകമെങ്ങും സിനിമാപ്രേക്ഷകരെ വിസ്മയിപ്പിച്ച അന്ന്യൻ സിനിമയ്ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നു പ്രേക്ഷകരും. അതിനിടയിലാണ് ചിത്രത്തിന് തടയിട്ട് നിർമ്മാതാവ് രംഗത്ത് എത്തിയിരിക്കുന്നത്.