വിജയ് തിളങ്ങിയ ലിയോ! നായകനാണോ വില്ലനാണോ ഒറ്റ വേഷത്തിലാണോ ഇരട്ടവേഷത്തിലാണോ എന്നൊക്കെ തോന്നിപ്പിക്കുന്ന തരത്തിൽ ലിയോയിൽ വിജയ് ആടിത്തിമർത്തിട്ടുണ്ട്. വിജയ് ആരാധകർക്ക് വലിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നൊരു സന്തോഷമാണ് ലിയോ. രണ്ട് ഭാവങ്ങളിൽ വരുന്ന വിജയ് തന്റെ ഭാഗം പരമാവധി മാന്യമായി അവതരിപ്പിച്ചിട്ടുണ്ട്. ബന്ധങ്ങളേക്കാൾ പണത്തിന് മൂല്യം നൽകുന്ന സഞ്ജയ് ദത്തിന്റേയും അർജുൻ സർജയുടേയും കഥാപാത്രങ്ങൾ തങ്ങളുടെ ഭാഗങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ എതിരാളികളും പോരാളികളുമായി മാറുന്നുണ്ട് അവർ. എന്നാൽ ഇവരോടൊപ്പമുള്ള ബാബു ആന്റണിക്ക് അർഹമായ രീതിയിൽ പാത്രസൃഷ്ടി നടത്തുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു.
തമിഴ് സിനിമകളിൽ സാധാരണ അകലം പാലിക്കാറുള്ള ഇംഗ്ലീഷിന് അൽപം കൂടുതൽ പ്രാധാന്യം ലിയോയിൽ നൽകിയിട്ടുണ്ട്. ഒരു ഗാനം പോലും ഇംഗ്ലീഷിലുണ്ട്. പശ്ചാതലം മഞ്ഞുവീഴുന്ന താഴ്‌വരകളായതും തമിഴ് ശൈലിയിൽ നിന്നും തെന്നിമാറിയുള്ള ജീവിതവുമാണ് പ്രധാന കഥാപാത്രങ്ങൾക്കെന്നതായിരിക്കണം ഇംഗ്ലീഷ് ഗാനങ്ങൾ കൂടി ഉൾപ്പെടുത്താൻ സംവിധായകനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. തുടക്കത്തിലും അവസാനത്തിലും ഒരുപോലെ സൗണ്ട് ട്രാക്കിലേക്ക് വരുന്ന ഇംഗ്ലീഷ് ഗാനം ലിയോയെ കൃത്യമായി പറഞ്ഞുപോകാൻ സഹായിക്കുന്നുണ്ട്. സിനിമ തുടങ്ങുമ്പോൾ കേൾക്കുന്ന ഗാനം പ്രേക്ഷകന് കഥാഗതിയെ കുറിച്ചുള്ള സൂചനകൾ നൽകുകയും അവസാനത്തിൽ അതേവരികൾ ചലച്ചിത്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്യുന്നു.
കുടുംബവും ബന്ധങ്ങളുമായി ഹിമാചൽ പ്രദേശിലെ തിയോഗ്് കഥാപശ്ചാതലമായി മനോഹരമായ കാഴ്ചകളും (ഹിമാചൽ എന്ന രീതിയിൽ കശ്മീരിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്) ചേരുന്ന ആദ്യ പകുതിയായിരിക്കും സാധാരണ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാവുക. ത്രസിപ്പിക്കുന്ന ചേസിംഗ് രംഗങ്ങളും 'പാവത്താനിൽ' നിന്ന് മാറിയുള്ള സംഘട്ടന രംഗങ്ങളുമുള്ള രണ്ടാം പകുതിയായിരിക്കും വിജയ്‌യുടെ കട്ടഫാനുകൾക്ക് കൂടുതൽ താത്പര്യമുണ്ടാക്കുക. സാങ്കേതികമായി മുന്നിട്ടു നിൽക്കുകയും വിജയ് എന്ന താരത്തിന്റെ വാണിജ്യ മൂല്യത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ലിയോയിലെ ആക്ഷൻ രംഗങ്ങളാണ് എടുത്തു പറയാനുള്ളത്. മാസ് പ്രേക്ഷകരെ മാത്രമല്ല അൽപം സെന്റിമെന്റ്‌സ് കൂടി ചേർത്ത് പലവിധ കാഴ്ചക്കാരെ ആകർഷിക്കാൻ ലിയോ ശ്രമിക്കുന്നുണ്ട്.
സിനിമയോടൊപ്പം ചേർന്നു പോകുന്ന അരവിന്ദ് രവിചന്ദറിന്റെ പശ്ചാതല സംഗീതവും കൂടിയാകുമ്പോൾ ബോറടിക്കാതെ രണ്ടേമുക്കാൽ മണിക്കൂർ തിയേറ്റർ എക്‌സ്പീരിയൻസ് ലഭിക്കും. ആദ്യ ദിവസങ്ങളിലെ തള്ളിക്കയറ്റവും ആരാധകരുടെ ആഘോഷങ്ങളും പിന്നിടുന്നതിന് പിന്നാലെ ലിയോ സാധാരണമായൊരു തമിഴ് സിനിമയായി മാറും. റിലീസാകുന്നതിനു മുമ്പേ നേടിയ 160 കോടിയിലധികം രൂപ കലക്ഷൻ പ്രേക്ഷകർ എത്രമാത്രം ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. സിനിമയുടെ ആദ്യഭാഗങ്ങളിൽ പ്രകടമാക്കിയ തിരക്കഥയുടെ കയ്യടക്കം പിന്നീട് അതേനിലവാരത്തിൽ കാത്തുസൂക്ഷിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ശരാശരിക്ക് താഴേക്ക് പോകാതെ കാക്കുന്നുണ്ട്.
ഒരുപക്ഷേ, തിരക്കഥയുടെ സവിശേഷതയേക്കാൾ ചിത്രീകരണത്തിന്റെ വൈഭവങ്ങളിലേക്കായിരിക്കാം സംവിധായകൻ ലോകേഷ് കനകരാജ് ശ്രദ്ധിച്ചിട്ടുണ്ടാവുക.സിനിമയ്‌ക്കൊടുവിൽ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പ്രേക്ഷകർക്ക് കണക്കുകൂട്ടി നോക്കാമെങ്കിലും അവസാനം വരെ സസ്‌പെൻസ് നിലനിർത്തുന്നുണ്ട് ലിയോ. പാർഥിപനെന്ന പാവത്താൻ കുടുംബനാഥനെ വിജയ് തന്റെ താരപരിവേഷങ്ങളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. പാർഥിപന്റെ ഭാര്യ എന്നതിനപ്പുറം കാര്യമായ ഭാവങ്ങളൊന്നും സംവിധായകൻ തൃഷയ്ക്കായി നൽകിയിട്ടില്ല. മാത്യു തോമസിന്റെ കഥാപാത്രം സിദ്ധാർഥയെ പ്രേക്ഷകർ ഇഷ്ടത്തോടെ ഓർത്തുവെച്ചേക്കും. ഇവർക്കു പുറമേ ഗൗതം മേനോനാണ് ഉടനീളമുള്ള വേഷം ചെയ്തിരിക്കുന്നത്.