ശരീരത്തിൽ കുട്ടികളുടെ ചിത്രം വര തെറ്റല്ലെന്ന് കോടതി; വിധിയിലെ 6 കാര്യങ്ങൾ ഇങ്ങനെ!

Divya John
 ശരീരത്തിൽ കുട്ടികളുടെ ചിത്രം വര തെറ്റല്ലെന്ന് കോടതി; വിധിയിലെ 6 കാര്യങ്ങൾ ഇങ്ങനെ! രഹ്ന ഫാത്തിമയ്ക്ക് ആശ്വാസമാകുന്ന വിധിയിൽ ശ്രദ്ധേയമായ പരാ‍മർശങ്ങളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടത്തിയിട്ടുള്ളത്. സ്ത്രീയുടെ നഗ്നതയും ലൈംഗികതയും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി യുഎസ് എഴുത്തുകാരനായ മിച്ച് ആൽബോമിൻ്റെ വാക്കുകളും വിധിയിൽ പരാമർശിച്ചു. "നിങ്ങളുടെ അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും പാവനമായ സ്നേഹമാണു കാണുന്നത് എന്ന് നിങ്ങൾക്കറിയാം." നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചതിൻ്റെ പേരിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരായ പോക്സോ കേസ് നടപടികൾ നി‍ർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കേരള ഹൈക്കോടതി. ശബരിമല യുവതീപ്രവേശനവിവാദത്തിലടക്കം ഇടംപിടിച്ച രഹ്ന ഫാത്തിമ മലയാളിയ്ക്ക് അപരിചിതയല്ല. പുരുഷന്മാർക്കു മാത്രം മേൽക്കൈയുള്ള തൃശൂരിലെ പുലികളിയിൽ പങ്കെടുത്ത് രഹ്ന തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്.




ശരീരവും ലൈംഗികതയും അടക്കമുള്ള വിഷയങ്ങളിൽ ഇടപെടുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള രഹ്ന തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിലൂടെയാണ് കേസിൽ അകപ്പെട്ടത്. തൻ്റെ അർധനഗ്നമായ ശരീരതത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോയായിരുന്നു സമൂഹമാധ്യമങ്ങിലൂടെ പുറത്തുവന്നത്. എന്നാൽ കുട്ടികളെ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ ഷൂട്ട് ചെയ്തെന്ന കാരണം ചൂണ്ടിക്കാട്ടി രഹ്ന ഫാത്തിമയ്ക്കെതിരെ 2020ൽ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു പോലീസ്. നഗ്നതയെ ലൈംഗികതയായി കാണേണ്ടതില്ല എന്നായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്ത് നൽകിയ വിധിയിലെ പരാമർശം. "നഗ്നതയെ ലൈംഗികതയുമായി ബന്ധിപ്പിക്കേണ്ടതില്ല. സ്ത്രീയുടെ ശരീരത്തിൻ്റെ മേൽഭാഗം നഗ്നമായി കണ്ടു എന്നതുകൊണ്ടുമാത്രം അതിനെ സ്വാഭാവികമായി ലൈംഗികതയായി കാണരുത്.



" രഹ്ന ഫാത്തിമ പ്രായപൂർത്തിയാകാത്ത കുട്ടികളെ എന്തെങ്കിലും ലൈംഗികപ്രവൃത്തികൾക്ക് ഉപയോഗിച്ചെന്നോ ലൈംഗികസുഖത്തിനായി ദുരുപയോഗം ചെയ്തെന്നോ കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.  കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള ഒരു കാൻവാസായി മാത്രമാണ് രഹ്ന തൻ്റെ ശരീരത്തെ ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഫേസ്ബുക്ക് വീഡിയോയ്ക്കെതിരെ വിവാദമുയർത്തി പലരും രംഗത്തെത്തിയതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കാനായി കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അവർ അങ്ങനെ പരാതിപ്പെടുകയോ ചെയ്യാത്തതിനാൽ പോക്സോ കേസ് നിലനിൽക്കില്ല. "സ്വന്തം ശരീരത്തെപ്പറ്റി ഒരു സ്ത്രീയ്ക്ക് സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയുക എന്നത് മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്. അനുച്ഛേദം 21 പ്രകാരം ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പരിധിയിലും ഇത് ഉൾപ്പെടും."



 കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്ക്കോടതി വിധിയ്ക്കെതിരെ രഹ്ന നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ വിധി. സ്ത്രീയുടെ മാത്രം മാറിടം ലൈംഗികക്കണ്ണോടു കൂടി മാത്രം കാണുന്ന നിലപാടിനെതിരെ ഒരു രാഷ്ട്രീയപ്രസ്താവനയായിരുന്നു ശരീരത്തിലെ ചിത്രം വര എന്നാണ് രഹ്ന വാദിച്ചത്. മാറിടത്തിൻ്റെ നഗ്നത സംബന്ധിച്ച് സ്ത്രീകളോടു മാത്രം സമൂഹം വിവേചനം കാണിക്കുന്നുണ്ടെന്ന രഹ്നയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. "പുരുഷന്മാരുടെ ശരീരത്തിൽ ചായം പൂശുന്നത് തൃശൂരിൽ ഒരു ആചാരമാണ്. തെയ്യം അടക്കമുള്ള ക്ഷേത്രാചാരങ്ങളിലും പുരുഷന്മാരായ കലാകാരന്മാരുടെ ശരീരത്തിൽ ചായം പൂശുന്നുണ്ട്. സിക്സ് പാക്കും ബൈസെപ്സും കാണിക്കാനായി പുരുഷന്മാരുടെ ശരീരം പ്രദർശിപ്പിക്കാറുമുണ്ട്. പുരുഷന്മാർ ഷർട്ട് ധരിക്കാതെ നടക്കുന്നത് പലപ്പോഴും കാണാറുമുണ്ട്.



എന്നാൽ ഇതൊന്നും അശ്ലീലമായോ അപമര്യാദയായോ കാണാറില്ല." പുരുഷന്മാരുടെ ശരീരം പ്രദർശിപ്പിക്കുന്നത് വളരെ സ്വാഭാവികമായ നടപടിയായി കാണുമ്പോൾ സ്ത്രീയുടെ ശരീരപ്രദർശനത്തെ സമൂഹം പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയെക്കെതിരെയുളള പോർവിളിയായാണ് കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള ദേവിമാരുടെ രൂപങ്ങളിൽ മാറിടങ്ങൾ നഗ്നമാണ്. പക്ഷെ അവ കലാപരമായോ വിശുദ്ധമായോ ആണ് പരിഗണിക്കുന്നത്. "ക്ഷേത്രത്തിലെത്തി പ്രാർഥിക്കുമ്പോൾ ആളുകൾക്ക് അനുഭവപ്പെടുന്നത് ലൈംഗികസംതൃപ്തിയല്ല, ദിവ്യത്വമാണ്." കോടതി വിധിയിൽ പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാനുള്ള യാതൊരു ഉദ്ദേശവും രഹ്നയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.



സ്ത്രീകളുടെ നഗ്നമായ മാറിടത്തെ ലൈംഗികവത്കരിക്കുന്നതിനെതിരെയും സ്ത്രീകൾക്ക് സ്വന്തം ശരീരത്തിനുമേലുള്ള അധികാരം ഉറപ്പാക്കുന്നതിനുമുള്ള ഒരു പ്രതിഷേധമായിരുന്നു ഇത്. കേസിൽ ഉൾപ്പെട്ട പതിനാലും ഒൻപതും വയസുള്ള കുട്ടികളുടെ പ്രസ്താവനയും ഇത് വ്യക്തമാക്കുന്നുണ്ട്. ലൈംഗികമായി തങ്ങളെ രഹ്ന ദുരുപയോഗം ചെയ്തെന്ന ആരോപണം കുട്ടികൾക്കുമില്ല. കേസിലെ രണ്ടാം സാക്ഷിയും മകനുമായ 14വയസുകാരൻ്റെ പ്രസ്താവനയും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ബോഡി പെയിൻ്റിങിനോടുള്ള ഇഷ്ടം കൊണ്ട് കുട്ടി അമ്മയുടെ ശരീരത്തിൽ ചിത്രം വരയ്ക്കട്ടെയെന്ന് ചോദിക്കുകയും രഹ്ന അത് അനുവദിക്കുകയുമായിരുന്നു.

Find Out More:

Related Articles: