യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ഈ ആയുധമെന്ത്? 31 പ്രിഡേറ്റർ ഡ്രോണുകൾക്കായി ഇന്ത്യയും യുഎസും തമ്മിൽ കരാറിൽ ഒപ്പുവച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് 32,000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരാൻ അമേരിക്കയിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ എത്തും. അമേരിക്കയുടെ പക്കൽ നിന്ന് MQ-9B 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് സുരക്ഷ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗീകാരം നൽകിയിരുന്നു. ഇന്ത്യൻ സൈന്യത്തിന് കരുത്ത് പകരുന്നതാണ് പുതിയ ഇടപാട്. 15 പ്രിഡേറ്റർ ഡ്രോണുകൾ നേവിക്ക് ലഭിക്കുമ്പോൾ ബാക്കിയുള്ളവ പ്രിഡേറ്റർ ഡ്രോണുകൾ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി ലഭിക്കും.
കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൈനിക ബന്ധം അടയാളപ്പെടുത്തുന്നുവെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഏകദേശം 4 ബില്യൺ യുഎസ് ഡോളർ ചെലവിലാണ് ഡ്രോണുകൾ വാങ്ങുന്നതെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് നിർണായക കരാറിൽ അമേരിക്ക ഒപ്പുവച്ചതെന്ന പ്രത്യേകതയുമുണ്ട്. MQ-9B ഡ്രോണിന് 35 മണിക്കൂർ നിർത്താതെ പറക്കാൻ സാധിക്കുമെന്നാണ് ഡ്രോണിൻ്റെ നിർമാതാക്കളായ ജനറൽ അറ്റോമിക്‌സ് എയറോനോട്ടിക്കൽ സിസ്റ്റംസ് അവകാശപ്പെടുന്നത്. എയർ ടു എയർ മിസൈലുകൾക്ക് പുറമെ എയർ ടു ഗ്രൗണ്ട് മിസൈലുകളും ഘടിപ്പിക്കാനുള്ള സൗകര്യം ഡ്രോണിലുണ്ട്. MQ-9B ഡ്രോണിന് ഇന്ധനം നിറയ്ക്കാതെ 2,000 മൈൽ പറക്കാനും 1,700 കിലോഗ്രാം വരെ ചരക്ക് വഹിക്കാനും കഴിയും. ഇതിൽ നാല് മിസൈലുകളും 450 കിലോ ബോംബുകളും ഉൾപ്പെടും.
ഏകദേശം 50,000 അടി ഉയരത്തിൽ പറക്കാനുമാകും. സമുദ്ര നിരീക്ഷണം ഉൾപ്പെടെയുള്ള വിവിധ റോളുകൾ നിർവഹിക്കാൻ കഴിയുന്നതാണ് ഈ ഡ്രോണുകൾ. ചെന്നൈയ്ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർ പ്രദേശിലെ സർസവ, ഗോരഖ്പൂർ എന്നീ ഇടങ്ങളിലാകും നിലവിൽ ഡ്രോണുകൾ സ്ഥാപിക്കുക. പ്രിഡേറ്റർ ഡ്രോണുകളുടെ പ്രധാന സവിശേഷത വിസ്‌പർ - ക്വയറ്റ് പ്രവർത്തനമാണ്. മണിക്കൂറിൽ 442 കിലോമീറ്റർ വേഗതയിൽ ഡ്രോണിന് ഏകദേശം 50,000 അടി ഉയരത്തിൽ പറക്കാൻ കഴിയും. ഒരു വിമാനത്തേക്കാൾ വേഗതയിലാകും ഡ്രോൺ സഞ്ചരിക്കുക. ഏത് കാലാവസ്ഥയിലും സൈനിക ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.