ഇപി ജയരാജനെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച് സിപിഎം അപമാനിക്കുന്നു: പ്രതിപക്ഷ നേതാവ് വിഡി സതീശൻ!

Divya John
 ഇപി ജയരാജനെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച് സിപിഎം അപമാനിക്കുന്നു: പ്രതിപക്ഷ നേതാവ് വിഡി സതീശൻ! മന്ത്രി എംബി രാജേഷും അളിയനും ചേർന്നുണ്ടാക്കി നാടകളെല്ലാം ഏഴുനിലയിൽ പൊട്ടി. സ്ഥാനാർഥിയെക്കൊണ്ട് സിപിഎം അനുഭവിക്കാൻ പോകുന്നതേയുള്ളൂവെന്നും വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇപി ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഴുതിയതിന് എതിരായി സംസാരിപ്പിച്ച് ഇപി ജയരാജനെ സിപിഎം നേതൃത്വം വീണ്ടും അപമാനിക്കുകയാണ്. അഡീഷണൽ ലിസ്റ്റിൽ അവസാനത്തെ വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥിയുടെയും ഭാര്യയുടെയും. ഇങ്ങോട്ട് ആരോപണം ഉന്നയിക്കുമ്പോൾ നാല് വിരൽ സ്വന്തം നെഞ്ചത്തേക്ക് ആണെന്ന് സിപിഎം ആലോചിക്കണം. എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് ചേർത്തിരിക്കുന്നത് വ്യാജമായാണ്. സിപിഎം ജില്ലാ സെക്രട്ടറി ആദ്യം പോയി സ്ഥാനാർഥിയെയും ഭാര്യയെയും തടയട്ടെ. ആറു മാസം തുടർച്ചയായി താമസിച്ചതിൻറെ റെസിഡൻസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമെ വോട്ട് ചേർക്കാനാകൂ.



എന്നാൽ എൽഡിഎഫ് സ്ഥാനാർഥി ആറു മാസം തുടർച്ചയായി പാലക്കാട് താമസിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുമെന്നു കണ്ടപ്പോഴാണ് സ്ഥാനാർഥിയാകുന്നതിനു വേണ്ടി ഇവിടെ അടുത്തിടെ വാടക വീട് എടുത്തത്. വോട്ട് ചേർക്കുന്നതിനു വേണ്ടി അദ്ദേഹം ഹാജരാക്കിയിരിക്കുന്നത് വ്യാജ സർട്ടിഫിക്കറ്റുകളാണ്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് തടഞ്ഞ ശേഷം സിപിഎം ജില്ലാ സെക്രട്ടറി മറ്റുള്ളവരുടെ വോട്ട് തടഞ്ഞാൽ മതി. വോട്ടർ പട്ടികയിൽ പേരുള്ള ഒരാൾ തിരിച്ചറിയൽ കാർഡുമായി വോട്ട് ചെയ്യാൻ എത്തിയാൽ അയാളെ തടയാൻ ആർക്കും അവകാശമില്ല. ഫോട്ടോയിൽ കാണുന്ന ആൾ തന്നെയാണോ എന്ന് ഉറപ്പു വരുത്തുക മാത്രമാണ് പ്രിസൈഡിങ് ഓഫീസറുടെ ചുമതല. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. ഇല്ലാത്ത ആരുടെയെങ്കിലും വോട്ട് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെങ്കിൽ അതിൻറെ ഉത്തരവാദി റവന്യൂ ഡിപ്പാർട്ട്‌മെൻറാണ്.



വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി എൽഡിഎഫ് സ്ഥാനാർഥിയുടെയും ഭാര്യയുടെയും വോട്ടാണ് ആദ്യം തടയേണ്ടത്. ഇവിടെ താമസക്കാരനല്ലാത്ത സ്ഥാനാർഥിയുടെയും ഭാര്യയുടെയും വോട്ട് ഒരു ബൂത്തിൽ അവസാനമായി ചേർത്തിട്ടുണ്ട്. തിരുവില്വാമലക്കാരനായ സ്ഥാനാർഥി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേർത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോൾ വോട്ട് ചേർത്തിരിക്കുന്നത്. ആന്തൂർ സാജൻറെ മരണത്തിന് കാണക്കാരിയെന്ന ആരോപണം നേരിട്ടയാളാണ് ശ്യാമള ഗോവിന്ദൻ. അതുപോലെ നവീൻ ബാബുവിൻറെ മരണത്തിന് കാരണക്കാരിയാണ് പിപി ദിവ്യ. രണ്ടു കുടുംബനാഥൻമാർ ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാരായ രണ്ടു പേരും തമ്മിൽ ജയിൽ മുറ്റത്തുവച്ച് നടത്തിയ സംഗമം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂർവസംഗമമായി അടയാളപ്പെടുത്തേണ്ടതാണ്. 



പക്ഷെ ഒരു മാധ്യമങ്ങളും അത് പ്രത്യേകമായി അടയാളപ്പെടുത്തിയില്ല. സിപിഎം കാണിക്കുന്നത് മുഴുവൻ നാടകമാണ്. നവീൻ ബാബുവിൻറെ വീട്ടിൽ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ എംവി ഗോവിന്ദൻറെ ഭാര്യയാണ് പിപി ദിവ്യയെ ജയിലിൽ എത്തി സ്വീകരിച്ചത്. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തൻ ആരുടെ ബിനാമിയാണെന്ന് അന്വേഷിക്കണം. ആ സിപിഎം നേതാവ് ആരാണെന്ന് അന്വേഷിക്കണം. പിപി ദിവ്യ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് എംവി ഗോവിന്ദൻ അദ്ദേഹത്തിൻറെ സഹധർമ്മിണിയെ ജയിലിലേക്ക് പറഞ്ഞുവിട്ടത്. എന്തൊരു കാപട്യവും വഞ്ചനയുമാണ് ചെയ്തത്.

Find Out More:

Related Articles: