സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു! സർവീസ് പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. മാത്രമല്ല, മറ്റൊരു തീരുമാനവും അംഗീകരിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണപ്രദേശത്തും എം.ഐ.സി.എഫ് നിർമ്മിക്കുന്നതിന് സർക്കാർ പുറമ്പോക്ക് ഭൂമി അനുവദിക്കും. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. മാലിന്യ സംസ്കരണ പ്ലാൻറകൾ സ്ഥാപിക്കാൻ ഭൂമി അനുവദിക്കുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകിയ മാതൃകയിലാവും ഇത്.
തൃശ്ശൂർപൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ സംസ്ഥാനത്തിൻറെ ഉത്കണ്ഠ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാൻ തീരുമാനിച്ചു. അതിനിടെ ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ പൊതുജന സമ്പർക്കത്തിൻറെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പർക്ക വകുപ്പിന് കീഴിൽ എൻറെ കേരളം പോർട്ടൽ ആരംഭിക്കുന്നതിനും സ്പെഷ്യൽ സ്ട്രാറ്റജി ആൻറ് കമ്മ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ചു.
ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും. ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.