ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ പോഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച!

Divya John
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ പോഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച! ഇന്നലെയും ഇന്നുമായാണ് കൂടിക്കാഴ്ചകൾ നടന്നത്. ആദ്യദിനം മഹിളാ കോൺഗ്രസ്, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, കെപിസിസി ഡിജിറ്റൽ മീഡിയ ഭാരവാഹികൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്. ഇന്ന് കെപിസിസി മീഡിയ ആന്റ് കമ്യൂണിക്കേഷൻസ്, ഐഎൻറ്റിയുസി, ദളിത് കോൺഗ്രസ്, സേവാദൾ, സംസ്ഥാന വാർ റൂമിന്റെ ചുമതലവഹിക്കുന്നവർ എന്നിവരുമായി കൂടിക്കാഴ്ച നടന്നു. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് പോഷകസംഘടനാ നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. എല്ലാ പോഷകസംഘടനകളെയും ഊർജ്ജിതമായി രംഗത്തിറക്കുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.



ഇതോടൊപ്പം ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് മണ്ഡലം, ബൂത്തു തലങ്ങളിലും പ്രത്യേക സ്‌ക്വാഡുകളായി പ്രവർത്തനം ശക്തിപ്പെടുത്താൻ നേതാക്കളോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ പാർട്ടിപ്രവർത്തകർ വീടുകൾ കയറി ജനങ്ങളോട് വിശദീകരിക്കണമെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് പോഷക സംഘടനകൾക്ക് വലിയ പങ്കാണുള്ളതെന്നും ദീപാദാസ് മുൻഷി പറഞ്ഞു.



നരേന്ദ്ര മോദിയും പിണറായി വിജയനും നേതൃത്വം നൽകുന്നത് ഫാഷിസ്റ്റ് ഭരണത്തിനാണെന്നത് ജനങ്ങളിലെത്തിക്കണമെന്ന് അവർ നേതാക്കളോട് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരം കേരളത്തിൽ ശക്തമാണ്. ഇരുവർക്കും എതിരെയാണ് കോൺഗ്രസ് പോർമുഖം തുറക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും വളരെ അനുകൂല സാഹചര്യമാണുള്ളത്. കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനത്തിലൂടെ ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫിന് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.



കെപിസിസി ഡിജിറ്റൽ മീഡിയ ചെയർമാൻ വിടി ബൽറാം, കെപിസിസി മീഡിയ ആന്റ് കമ്യൂണിക്കേഷൻസ് മേധാവി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, ഐഎൻറ്റിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി തുടങ്ങിയ നേതാക്കൾ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
 

Find Out More:

Related Articles: