കെ ഫോണിൽ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു: പ്രതികരിച്ചു വിഡി സതീശൻ!

Divya John
 കെ ഫോണിൽ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തു: പ്രതികരിച്ചു വിഡി സതീശൻ! ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നീതി തേടി കോടതിയെ സമീപിക്കുമ്പോൾ പരിഹസിക്കുന്നതിലൂടെ ഇല്ലാതാകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസമാണെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. കെ ഫോണിൽ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്യുന്നതിൽ പൊതുതാൽപര്യം ഇല്ലെങ്കിൽ പിന്നെ എന്തിലാണ് പൊതുതാൽപര്യമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കെഎസ്ഇബി സിഎജിക്ക് നൽകിയ രേഖകൾ പുറത്ത് വന്നപ്പോഴാണ് കെ ഫോണിൽ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിൻറെ കുടുംബവുമായും ബന്ധപ്പെട്ട രണ്ട് കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് നിയമസഭയിലും പുറത്തും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു.


ആ ആരോപണങ്ങളെ കുറിച്ച് സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. സമാനമായ അഴിമതി നടന്ന എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും രമേശ് ചെന്നിത്തലയും നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് കൃത്യമായ രേഖകൾ സഹിതം കെ ഫോൺ പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. അത് എങ്ങനെയാണ് പബ്ലിസിറ്റി ഇന്ററസ്റ്റാകുന്നത്?മാധ്യമങ്ങളോടും പൊതുയോഗത്തിലും സംസാരിച്ചിൽ പബ്ലിസിറ്റി കിട്ടും. അല്ലാതെ കോടതിയിൽ പോയാൽ എങ്ങനെയാണ് പബ്ലിസിറ്റി കിട്ടുന്നത്. അഭിഭാഷകൻ എന്ന നിലയിൽ പൊതുതാൽപര്യ ഹർജിയും ഭരണഘടനയും എന്താണെന്ന് എനിക്ക് അറിയാം. ഭരണകൂടങ്ങളിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ നീതി കോടതിയിൽ നിന്നും ലഭിക്കുമെന്നാണ് പൊതുജനങ്ങൾ വിശ്വസിക്കുന്നത്.


നീതി തേടി കോടതിയിൽ പോയപ്പോൾ കോടതി വിമർശിക്കുകയല്ല പരിഹസിക്കുകയാണ് ചെയ്തത്.ഖജനാവിൽ നിന്നും 1500 കോടി രൂപ ചെലവഴിച്ചതിന് പകരമായി 20 ലക്ഷം പേർക്ക് സൗജന്യ ഇൻറർനെറ്റ് ലഭിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് അഞ്ച് ശതമാനത്തിന് പോലും പ്രയോജനമുണ്ടായില്ല. കെ ഫോൺ സേവനം വേണ്ടെന്ന് പല സർക്കാർ ഓഫീസുകളും പറഞ്ഞു തുടങ്ങി. പദ്ധതിക്ക് പിന്നിൽ വ്യക്തമായ അഴിമതി നടന്നിട്ടുണ്ട്. ഇതിൽ പൊതുതാൽപര്യം ഇല്ലെങ്കിൽ പിന്നെ മറ്റ് എന്തിലാണ് പൊതുതാൽപര്യമുള്ളത്? ഞാനും നിങ്ങളും നൽകുന്ന നികുതി പണത്തിൽ നിന്നാണ് 1500 കോടി നൽകിയത്. അല്ലാതെ ഇവരുടെ ആരുടെയും സ്ഥലംവിറ്റുണ്ടാക്കിയ പണമല്ല ചെലവഴിച്ചത്. ഇതാണ് പൊതുതാൽപര്യം. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും.പ്രതിപക്ഷ നേതാവ് പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിക്കുമ്പോൾ പരിഹസിക്കുകയാണോ വേണ്ടതെന്ന് കോടതി തന്നെ പരിശോധിക്കട്ടെ.


ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നീതി തേടി കോടതിയെ സമീപിക്കുമ്പോൾ ഇങ്ങനെ പരിഹസിച്ചാൽ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ഹർജിയിൽ സർക്കാരിൻറെ വിശദീകരണം തേടിയിട്ടുണ്ട്. കോടതി നടപടി ബഹുമാനത്തോടെ നോക്കിക്കാണുന്നു.കെ ഫോൺ പദ്ധതി ഇതിവരെ പൂർത്തിയായിട്ടില്ല. എല്ലാവർക്കും സൗജന്യ ഇൻറർനെറ്റ് നൽകുന്ന പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. പിന്നീട് ആയിരം കോടിയുടെ പദ്ധതി ടെൻഡർ ഇല്ലാതെ, മുഖ്യമന്ത്രിയെ പ്രിൻസിപ്പൽ സെക്രട്ടറിയിയാരുന്ന ശിവശങ്കരൻറെ നിർദ്ദേശപ്രകാരം 1500 കോടി രൂപയാക്കി. അപ്പോൾ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്തു. 20 ലക്ഷം പേർക്ക് സൗജന്യ ഇൻറർനെറ്റ് നൽകുമെന്ന് പറഞ്ഞ പദ്ധതിയിൽ 5 ശതമാനം പേർക്ക് പോലും ഗുണം ലഭിച്ചില്ല. സിഎജിയുടെ പ്രാഥമിക റിപ്പോർട്ടിലും കെ ഫോണിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Find Out More:

Related Articles: