കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ലക്ഷ്യത്തോടടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ! പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ ഉറച്ച ബോധ്യത്തിൽ നിന്നാണ് ഈ പദ്ധതി ജനിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ലക്ഷ്യത്തോടടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നീതി ആയോഗിൻറെ 2021 ലെ കണക്കുപ്രകാരം 0.71 ശതമാനം മാത്രമാണ് കേരളത്തിലെ ദാരിദ്ര്യത്തിൻറെ തോത്. അതിദാരിദ്ര്യമനുഭവിക്കുന്ന ഈ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സർക്കാരിൻറെ നയം.
ഈ കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ മൈക്രോ പ്ലാനുകളും ഉപപദ്ധതികളും തയ്യാറാക്കി ഉൾച്ചേർക്കലിൻറെ പുതിയ അദ്ധ്യായത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഭക്ഷണവും ചികിത്സയും അടിയന്തരമായി ലഭ്യമാക്കുന്നതിനു പുറമേ അവകാശ രേഖകൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷൻ എന്നിവയും ഉറപ്പുവരുത്തുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള ബൃഹദ് പദ്ധതിക്ക് 2021 മേയിൽ തുടക്കമിടാൻ സർക്കാരിന് കഴിഞ്ഞു. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അത്തരമൊരു തീരുമാനത്തിലേക്ക് പോവുകയായിരുന്നു. വിപുലവും ശാസ്ത്രീയവുമായ നടത്തിയ സർവേയിൽ 64,006 കുടുംബങ്ങളിൽപ്പെട്ട 1,03,099 പേരെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തിയത്. 30,658 കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിച്ചെന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിച്ച്, ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ച് രേഖാമൂലം ലഭ്യമാക്കിയ കണക്കാണെന്ന് മന്ത്രി എംബി രാജേഷും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വീടില്ലാത്ത അതിദരിദ്രരുടെ പ്രശ്നമാണ് ഇനി മുഖ്യമായി ബാക്കിയുള്ളത്. രണ്ട് വർഷം കൊണ്ട് ഈ പ്രശ്നവും പരിഹരിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ അതിദാരിദ്രമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനം പോലെ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ നിലവാരം പോലെ അതിദരിദ്ര്യവും തുടച്ചുനീക്കി കേരളം ചരിത്രം രചിക്കുകയാണെന്നും തദ്ദേശ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു. 2023 നവംബർ ഒന്നോടെ 64,006 കുടുംബങ്ങളിലെ 40 ശതമാനം പേരെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കണം എന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ലക്ഷ്യം വെച്ചതിനുമപ്പുറം 47.89 ശതമാനം പേരെ (30,658 കുടുംബങ്ങളെ) അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണ്. 2024 നവംബർ ഒന്നോടെ 90 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ ഏറ്റെടുത്തു നടപ്പാക്കി വരുന്നത്. 2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അത്തരമൊരു തീരുമാനത്തിലേക്ക് പോവുകയായിരുന്നു. വിപുലവും ശാസ്ത്രീയവുമായ നടത്തിയ സർവേയിൽ 64,006 കുടുംബങ്ങളിൽപ്പെട്ട 1,03,099 പേരെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്നവരായി കണ്ടെത്തിയത്. 30,658 കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിച്ചെന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിച്ച്, ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ച് രേഖാമൂലം ലഭ്യമാക്കിയ കണക്കാണെന്ന് മന്ത്രി എംബി രാജേഷും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വീടില്ലാത്ത അതിദരിദ്രരുടെ പ്രശ്നമാണ് ഇനി മുഖ്യമായി ബാക്കിയുള്ളത്.