ചെങ്ങന്നൂർ-പമ്പ പാതയെന്ന പുതിയ നിർദ്ദേശത്തിനു പിന്നിലെ കാരണമാ എന്ത്?

Divya John
ചെങ്ങന്നൂർ-പമ്പ പാതയെന്ന പുതിയ നിർദ്ദേശത്തിനു പിന്നിലെ കാരണമാ എന്ത്? അങ്കമാലി-എരുമേലി പാതയെക്കുറിച്ച് കേരളം ചർച്ച ചെയ്യാൻ തുടങ്ങിയി കുറച്ചു കാലമായി. ഈ പാത നടപ്പിലാകുമെന്ന് ഏറെക്കുറെ പ്രതീക്ഷകൾ വളർന്നു കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ചില റിപ്പോർട്ടുകൾ വരുന്നത്. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്തിച്ചേരുന്ന വിധത്തിൽ പുതിയൊരു പാത റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്ന പ്രചാരണത്തെക്കുറിച്ചുള്ളതായിരുന്നു അത്. ചില കേന്ദ്രങ്ങൾ മുമ്പോട്ടുവെച്ച ചെങ്ങന്നൂർ-പമ്പ പാതയെന്ന നിർദ്ദേശം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചു എന്നതായിരുന്നു റിപ്പോർട്ട്.ഈ വാർത്തകളുടെ പശ്ചാത്തലത്തിൽ കേരള സർക്കാർ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ശബരിമല തീർത്ഥാടകർക്കും, കോട്ടയം, ഇടുക്കി, എറണാകുളം മലയോരമേഖലയിലെ ജനങ്ങൾക്കും ഉപകാരപ്പെടുന്ന പാതയുടെ റൂട്ട് മാറ്റുന്നതിനോട് കേരള സർക്കാരിന് യോജിപ്പില്ല. 110 കിലോമീറ്ററാണ് നിർദ്ദിഷ്ട അങ്കമാലി-എരുമേലി പാത. 



പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ നഗരസഭകളിലും, പത്തിലധികം ചെറുപട്ടണങ്ങളിലും റെയിൽവേ സ്റ്റേഷനുകൾ വരും. ഇടുക്കി ജില്ലയിലേക്കും ട്രെയിൻ എത്തും. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്‌ തയ്യാറാക്കിയ പദ്ധതിരേഖ പ്രകാരം അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് 3745 കോടി രൂപയാണ് ചെലവ്. എന്നാൽ ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 13,000 കോടി രൂപ ചെലവ് വരും. ഈ പാത മുഴുവനും എലിവേറ്റഡ് ട്രാക്കായിരിക്കും. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം സമ്മതം നൽകാൻ യാതൊരു സാധ്യതയും കേരള സർക്കാർ കാണുന്നില്ല.ഇതെല്ലാം ഒഴിവാക്കി, നാലിരട്ടി അധികച്ചെലവിൽ പുതിയൊരു റൂട്ട് നടപ്പാക്കണമെന്നാണ് ചില കേന്ദ്രങ്ങളുടെ ആവശ്യം. ഒരു സ്വകാര്യ ഏജൻസി ഈ പാതയുടെ സാധ്യതാപഠനം നടത്തുകയുമുണ്ടായി. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് 45 മിനിറ്റിനുള്ളിൽ എത്താൻ കഴിയുന്ന 75 കിലോമീറ്റർ പാതയാണിത്.



'റെയിൽവേ പാസഞ്ചർ അമിനീറ്റീസ് കമ്മിറ്റി' എന്നൊരു കൂട്ടരാണ് പഠനം നടത്തിയത്.നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ശബരി പാത ഭാവിയിൽ എരുമേലിയിൽ നിന്ന് പത്തനാപുരം, പുനലൂർ വഴി തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സാധ്യത ഒരുങ്ങിയിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് ആറൻമുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ, റാന്നി, വടശ്ശേരിക്കര, അത്തിക്കയം, കണമല, അട്ടത്തോട്, പമ്പ എന്നിങ്ങനെയുള്ള പ്രദേശങ്ങളിലൂടെ നീങ്ങുന്ന എലിവേറ്റഡ് പാതയ്ക്കായി ശ്രമം തുടങ്ങിയത്. ഫാദർ എം കെ വർഗ്ഗീസ് കോർ എപ്പിസ്കോപ്പയാണ് ഈ പുതിയ പാതയുടെ ആശയവുമായി ആദ്യം രംഗത്തെത്തിയത്.അതെസമയം, ഇടുക്കി ജില്ലയുടെ വികസനത്തിന് തുരങ്കം വെക്കുന്ന പുതിയ പദ്ധതി നിർദ്ദേശത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. ശബരി പാതയ്ക്കായി ഇതിനകം 264 കോടി രൂപ കേന്ദ്രം ചെലവിട്ടു കഴിഞ്ഞിട്ടുണ്ട്. 



കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം കുത്തിത്തിരിപ്പുണ്ടാക്കുന്നത് കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളോടുള്ള അവഗണനയാണെന്ന് ഡീൻ ചൂണ്ടിക്കാട്ടുന്നു. എലിവേറ്റഡ് മോണോറെയിൽ പദ്ധതിയാണ് ഫാദർ എം കെ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ അവതരിപ്പിച്ചത്. നാലു വർഷത്തോളം പഠനം നടത്തിയാണ് ഫാദർ ഈ പദ്ധതിരേഖ തയ്യാറാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ 40 അടി പൊക്കത്തിൽ എലിവേറ്റഡ് മോണോറെയിൽ ഉണ്ടാക്കാമെന്ന് ഫാദർ പറയുന്നു. വേഴാമ്പൽ എന്നാണ് പദ്ധതിക്ക് ഫാദർ ഇട്ട പേര്. നടപ്പായാൽ ലോകത്തിലെ ഏറ്റവും നീളമുള്ള മോണോറെയിൽ പദ്ധതിയായിരിക്കും ഇത്. ഭൂമി ഒട്ടും ഏറ്റെടുക്കേണ്ടതില്ല എന്നതാണ് മറ്റൊരു ഗുണം. അങ്കമാലി-എരുമേലി പാതയ്ക്ക് 116 കിലോമീറ്ററാണ് നീളം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് 60 കിലോമീറ്ററും.എന്നാൽ ഫാദർ പറയുന്നതു പോലെ എളുപ്പമല്ല കാര്യങ്ങളെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 



വനമേഖലയിലൂടെയും പമ്പാതീരത്തുകൂടിയും പോകുന്ന പാതയ്ക്ക് പാരിസ്ഥിതികാനുമതി നേടുക വലിയ പ്രതിബന്ധമാരിക്കും.അതെസമയം അങ്കമാലി-എരുമേലി പാതയ്ക്കു വേണ്ടി അങ്കമാലി - കാലടി റൂട്ടിൽ ഏഴ് കിലോമീറ്റർ പാതയും, പെരിയാറിന് കുറുകെ ഒരു പാലവും ഇതിനകം നിർമ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയെ രംഗത്തിറക്കിയിരിക്കുകയാണ്. 1,872 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി നൽകുക. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലൊക്കേഷൻ സർവേ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ഡിപിആർ അംഗീകരിക്കപ്പെട്ടാൻ ഭൂമി ഏറ്റെടുക്കൽ തുടരും. 25 ഹെക്ടറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് നിലവിൽ. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് ഉയർന്ന ചില പ്രശ്നങ്ങളാണ് പദ്ധതി നിർത്തിവെക്കുന്നതിലേക്ക് എത്തിച്ചത്.

Find Out More:

Related Articles: