ഫേക്ക് ഐഡികളിലൂടെ മതസൗഹാർദ്ദം; മുഖ്യമന്ത്രിക്ക് വിഡി സതീശന്റെ കത്ത്. സാമൂഹിക ഇഴയടുപ്പം തകർക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് മതസൗഹാർദ്ദം തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യർത്ഥനയോടെയാണ് കത്ത് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവ ചിലർ ദുരുപയോഗം ചെയ്യുകയാണ്. വർഗീയ വിഷം ചീറ്റുന്ന അത്തരക്കാർ ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിലെ മത മൈത്രി തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പോലീസ് ഗൗരവത്തോടെ വിഷയം അന്വേഷിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.
ചേരിതിരിവ്, മതസ്പർധ, അവിശ്വാസം എന്നിവ വലിയ തോതിൽ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. രണ്ട് പ്രശ്നങ്ങളാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ഒന്ന് സമൂഹമാധ്യമങ്ങളിലൂടെ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള വ്യാപകമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നിൽ സംഘപരിവാർ അജണ്ടയുണ്ട്. ഇരു സമുദായങ്ങളും അവരുടെ കെണിയിൽ വീഴരുതെന്നാണ് വിനയപൂർവ്വമായ അഭ്യർത്ഥന. കത്തോലിക്കാ സഭ ഗൗരവമായ ആരോപണങ്ങൾ മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിൽ അത് സർക്കാർ പരിശോധിക്കട്ടെ, പോലീസ് അന്വേഷിക്കട്ടെ. ഏതെങ്കിലും പ്രത്യേക കേസുണ്ടെങ്കിൽ അത് സർക്കാർ അന്വേഷിക്കുകയും തെറ്റുണ്ടെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുകയും പരാതികൾ അടിസ്ഥാന രഹിതമാണെങ്കിൽ പൊതു സമൂഹത്തെ അറിയിക്കുകയും ചെയ്യട്ടെ.
അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്- വിഡി സതീശൻ പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെ കാണുകയും പ്രശ്നം പരിഹരിക്കാൻ മുൻകയ്യെടുക്കുകയും വേണം. സിപിഎമ്മിന് ഇക്കാര്യത്തിൽ ഒരു നയവുമില്ല. സിപിഎമ്മിന് ഗൂഢമായ അജണ്ടയുണ്ടോയെന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നത്. ഞങ്ങൾ ഇതിൽ കക്ഷി ചേരുന്നില്ല. രണ്ട് സമുദായങ്ങൾ സംഘർഷം ഉണ്ടാകുമ്പോൾ ഒരു തരത്തിലും സംഘർഷം ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. ഞങ്ങൾ ഇരു കൂട്ടരോടും സംയമനം പാലിക്കാനാണ് ആവശ്യപ്പെട്ടത്- സതീശൻ വ്യക്തമാക്കി.
സർക്കാർ ഇവിടെ നോക്കുകുത്തിയായി നിൽക്കുകയാണ്. ഇവർ തമ്മിലടിച്ചോട്ടെ എന്ന മട്ടിൽ നിൽക്കുകയാണ്. ഇത് ശരിയല്ല.സാമുദായിക നേതാക്കളോ സംഘടനകളോ ഏതെങ്കിലും വിഷയം മുൻനിർത്തി പരാതി നൽകിയാൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത മൈത്രിയും സംരക്ഷിക്കാൻ എല്ലാ പിന്തുണയും നൽകുന്നതായും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കാൻ സൈബർ പോലീസിന് നിർദ്ദേശം നൽകണം എന്നും അദ്ദേഹം പറയുന്നു.