കൂടുതൽ പദ്ധതികൾ കേരളത്തിൽആരംഭിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു! ഐടി സേവന മേഖലയിലും ഭക്ഷ്യ സംസ്കരണ രംഗത്തും നിക്ഷേപം നടത്താനാണ് ലുലു ഗ്രൂപ്പിൻ്റെ പദ്ധതി. കേരളത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽവെച്ചാണ് എംഎ യൂസഫലിയുടെ പ്രഖ്യാപനം. കേരളത്തിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. പുതിയ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചു. ഐടി ഉൾപ്പെടെ വിവിധ മേഖലകളിലെ നിക്ഷേപകർക്ക് കേരളത്തിന് വലിയ സാധ്യതകൾ ഉണ്ടെന്ന് ഒരു നിക്ഷേപകനെന്ന നിലയിൽ സംശയമേതുമില്ലാതെ പറയാം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനായി സംസ്ഥാനം വിദേശ സർവകലാശാലകൾക്കായി വാതിൽ തുറന്നിട്ടിരിക്കുന്നു.
ഇതുവഴി, ലോകരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനായി എത്താൻ വഴിയൊരുങ്ങുന്നു. ഇന്ത്യയുടെ വികസനത്തിൽ സംസ്ഥാനം വഹിക്കുന്നത് വലിയ പങ്കാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. കേരളമിന്ന് നിക്ഷേപസൗഹൃദ സംസ്ഥാനമായതിനാലാണ് ലുലു ഗ്രൂപ്പിന് എല്ലാ പദ്ധതികളും വിജയകരമായി നടപ്പിലാക്കാൻ കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളം പ്രശംസനീയമായ പരിവർത്തനത്തിലൂടെ കടന്നുപോകുകയാണ്. റോഡ് ഷോകൾ സംഘടിപ്പിച്ചതിനും ദാവോസിൽ നടന്ന വേൾഡ് എക്കണോണിക് ഫോറത്തിൽ പങ്കെടുത്തതിനും വ്യവസായി മന്ത്രി പി രാജീവിനെ അഭിനന്ദിക്കുന്നു.
ഇൻവെസ്റ്റ് കേരള സമ്മിറ്റിലെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെ ഉൾപ്പെടെ ലോകരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ സാന്നിധ്യം സമർപ്പിത കഠിനാധ്വാനത്തിൻ്റെ ഫലമാണെന്നും യൂസഫലി പറഞ്ഞു. കേരളത്തിൽ ലുലുവിൻ്റെ രണ്ട് ഐടി ടവറുകൾ പ്രവർത്തിക്കുന്നു. ഇരു ടവറുകൾ 15,000 ഐടി ജീവനക്കാരെ ഉൾക്കൊള്ളുന്നു. 25,000 ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇരട്ട ടവർ ഉദ്ഘാടനത്തിന് സജ്ജമാകുകയാണ്. കളശേരിയിൽ ഫുഡ് പ്രൊസസിങ് പ്ലാൻ്റും കോൾഡ് സ്റ്റോറേജും ഭാവിയിൽ യാഥാർഥ്യമാകും. ഇന്ത്യയിലെയും കേരളത്തിലെയും ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നാണ് ലുലു ഗ്രൂപ്പ് എന്നും യൂസഫലി പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ലുലു ഗ്രൂപ്പ് എന്ന് എംഎ യൂസഫലി ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പറഞ്ഞു. ലുലു ഗ്രൂപ്പിൻ്റെ നിക്ഷേപങ്ങളിൽ വലിയൊരു ഭാഗവും തൻ്റെ ജന്മാനാടായ കേരളത്തിലാണ്. ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, കൺവെൻഷൻ സെൻ്ററുകൾ, ലോജിസ്റ്റിക് പാർക്കുകൾ, ഫുഡ് പ്രൊസസിങ് പ്ലാൻ്റുകൾ എന്നിവ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുവെന്ന് യൂസഫലി ചൂണ്ടിക്കാട്ടി.