ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെൺകുട്ടിയാണ് എന്ന പരിഗണന പോലും ആരും നൽകുന്നില്ല; നടി നിമിഷ ആറന്മുള ദേശം മാത്രമല്ല മുഴുവൻ കേരളവും ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയർന്നത്. എന്നാൽ പ്രശ്നത്തിൽ താൻ മാപ്പുപറഞ്ഞു ചിത്രങ്ങൾ പിൻവലിച്ചുവെങ്കിലും തനിക്കെതിരെ ചിലർ ഭീഷണി ഉയർത്തുകയാണെന്ന് നിമിഷ ചാലക്കുടി പറയുന്നു. ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തിൽ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടത്. തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ.
ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും നിമിഷ കയറി എന്നായിരുന്നു ഉയർന്ന പരാതി. പോസ്റ്റ് ചെയ്ത ചിത്രം പിൻവലിച്ച് മാപ്പ് പറഞ്ഞു. ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. എന്നിട്ടും ഭീഷണി തുടരുകയാണ്. പുറത്തിറങ്ങാൻ പോലും സാധിക്കാതെ അവസ്ഥയാണെന്നും നിമിഷ പറയുന്നു. ചിത്രം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടും തനിക്കെതിരെ ഭീഷണി തുടരുകയാണെന്ന് നിമിഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആരെല്ലാമാണ് ഫോൺ വിളിക്കുന്നതെന്ന് അറിയില്ല. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. ഇതിൽ കയറാൻ പാടില്ലെന്നോ, ചെരുപ്പ് ഇട്ട് കയറരുത്, സ്ത്രീകൾ അതിൽ കയറരുതെന്നോ അറിയിപ്പ് നൽകുന്ന ഒരു വിവരവും അവിടെ ഉണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് പറഞ്ഞുകേട്ടത്.
ഷൂട്ടിനായി പോയപ്പോൾ ആണ് ഷെഡ്ഡിൽ വള്ളം കിടക്കുന്നത് കണ്ടത്. പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. മതവും വിശ്വാസവുമെല്ലാം ഉള്ള ഉരു വ്യക്തിയാണ് താനും ഹിന്ദുവിശ്വാസിയായ തനിക്ക് ഒരു പെൺകുട്ടിയാണ് എന്ന പരിഗണന പോലും ആരും നൽകുന്നില്ലെന്നും നിമിഷ പറഞ്ഞു. അവിടേക്ക് സ്ത്രീകള്ക്ക് ഇത്തരമൊരു റെസ്ട്രിക്ഷൻ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ താൻ ഒരിക്കലും അത് ചെയ്യില്ലായിരുന്നു. കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്ത് പറത്താനം എന്ന കൊച്ചുഗ്രാമത്തിലാണ് നിമിഷ ജനിച്ചുവളർന്നത്. ചാലക്കുടിയിൽ എത്തിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് നിമിഷ പ്രതികരിച്ചിരുന്നു.
കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻറെ അടുത്ത് നിന്ന് ന്യത്തം പഠിച്ച് തുടങ്ങിയതോടെ തന്നിലെ കലാകാരിയും ഉണരുകയായിരുന്നുവെന്നാണ് നിമിഷ മുൻപ് പറഞ്ഞിട്ടുള്ളത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ മാതാവിലെ ഡോക്ടർ, ഭാഗ്യജാതകത്തിൽ വില്ലന്റെ ഭാര്യ, കേരള വിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന കപ്പിൽ ആൻഡ് കപ്പിൽ നായിക തുടങ്ങി നിരവധി സീരിയലൂകളിലും വേഷമിട്ട നിമിഷയുടെ മിക്ക ചിത്രങ്ങളും അതിവേഗമാണ് വൈറൽ ആയത്.ഇൻസ്റ്റ റീൽസിലൂടെ 131 കെ ഫോളോവേഴ്‌സിനെയാണ് ചുരുങ്ങിയ സമയം കൊണ്ട് നിമിഷ സ്വന്തമാക്കിയത്.