ജോസഫിൻ്റെ ഫോർമുല 'കുരുക്ക്'? പുതിയ നീക്കവുമായി ഫ്രാൻസിസ് ജോർജ് വിഭാഗം !

Divya John
 ജോസഫിൻ്റെ ഫോർമുല 'കുരുക്ക്'? പുതിയ നീക്കവുമായി ഫ്രാൻസിസ് ജോർജ് വിഭാഗം ! വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റിവരെ പുനഃസംഘടിപ്പിക്കുമെന്ന ഫോർമുലയാണ് പ്രശ്ന പരിഹാരത്തിനായി ജോസഫ് മുന്നോട്ട് വെച്ചത്. എന്നാൽ ഈ നീക്കം തിരിച്ചടിയാകുമെന്ന നിഗമനത്തിലേക്ക് ഫ്രാൻസിസ് ജോർജ് വിഭാഗം എത്തിയതായി ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്തു. കേരളാ കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് അയവില്ല. പാർട്ടിയിലെ നിർണായക പദവികൾ കൈകാര്യം ചെയ്യുന്ന മോൻസ് ജോസഫ് വിഭാഗവും ഫ്രാൻസിസ് ജോർജ് വിഭാഗവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജോസഫ് മുന്നിട്ടിറങ്ങിയെങ്കിലും പാർട്ടിയിലെ വിഭാഗീയതയ്ക്ക് കുറവില്ല.  പാർട്ടിയുടെ എല്ലാവിധ കമ്മിറ്റികളിലും ജോസഫിന് ശക്തമായ സ്വാധീനമുണ്ട്. ജോസഫിനൊപ്പം നിലകൊണ്ട മോൻസിന് ഈ സാഹചര്യം നേട്ടമാകുമെന്നും ഇവർ കരുതുന്നുണ്ട്.




    2021 നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് ജോസഫ് വിഭാഗത്തിലെത്തിയത് മുതൽ പദവികളിലടക്കം പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതും തിരിച്ചടിക്ക് കാരണമാകുമെന്ന വിലയിരുത്തലിലാണ് ഫ്രാൻസിസ് ജോർജ് വിഭാഗം. പാർട്ടിയിലെ പ്രശ്നം പരിഹരിക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന ജോസഫിൻ്റെ നിലപാട് കൂടുതൽ തിരിച്ചടിയുണ്ടാക്കുമെന്ന നിഗമനത്തിൽ ഫ്രാൻസിസ് ജോർജ് വിഭാഗം. ഉന്നതധികാര സമിതിയിലടക്കം മോൻസ് ജോസഫിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുതലായതാണ് വിമത വിഭാഗത്തിൻ്റെ എതിർപ്പിന് കാരണമായത്. കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പിന് ശേഷമാണ് ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ ജോസഫിനൊപ്പം എത്തിയത്.




   കെ എം മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാക്കളാണ് തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ. എന്നാൽ, കേരളാ കോൺഗ്രസിലെ പിളർപ്പിന് മുൻപും ശേഷവും ജോസഫിൻ്റെ വിശ്വസ്തനായി തുടരുന്ന നേതാവാണ് മോൻസ്. ഈ അടുപ്പമാണ് പാർട്ടിയിലെ നിർണായക സ്ഥാനമായ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം മോൻസിലേക്ക് എത്താൻ കാരണമായത്. അതിനൊപ്പം ജോസഫിൻ്റെ പിന്തുണയുമുണ്ട്. ജോയി എബ്രഹാം, ടി യു കുരുവിള എന്നിവരാണ് നിലവിൽ മോൻസിനൊപ്പമുള്ളവർ. സെക്രട്ടറി ജനറൽ സ്ഥാനത്ത് തുടരുന്ന ജോയി എബ്രഹാമിനെ മറികടന്ന് പാർട്ടിയിൽ ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാത്ത സാഹചര്യം വിമത വിഭാഗത്തിനുണ്ട്. ഇതാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തെ സമ്മർദ്ദത്തിലാക്കുന്നത്. 





  പദവികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരംഭിച്ച തർക്കം സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും അനുകൂല സാഹചര്യം ഉണ്ടാകാനുള്ള ഉണ്ടാകുമോയെന്ന അശങ്ക ഫ്രാൻസിസ് ജോർജ് വിഭാഗത്തിനുണ്ട്.  തർക്കങ്ങൾ പരിഹരിക്കുമെന്നും ഉന്നതാധികാര സമിതി യോഗം വിഷയം ചർച്ച ചെയ്യുമെന്നുമാണ് പി ജെ ജോസഫ് ഏറ്റവും അവസാനമായി വ്യക്തമാക്കിയത്. എന്നാൽ ഉന്നതാധികാര സമിതി യോഗത്തിൽ ഫ്രാൻസിസ് ജോർജ് വിഭാഗത്തിനെതിരെ കടുത്ത വിമർശനം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിമത വിഭാഗം വിട്ട് നിന്ന സംഭവത്തിൽ ജോസഫിന് പ്രതികരിക്കേണ്ടി വന്നതും വിമത വിഭാഗത്തിന് തിരിച്ചടിയായേക്കും. അങ്ങനെയെങ്കിലും പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാർട്ടിയിൽ തർക്കം തുടരുന്നതിനിടെ ഉന്നതാധികാര സമിതി യോഗം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Find Out More:

Related Articles: