കർണാടകത്തിലെ രാഷ്ട്രീയ വാഗ്ദാനപ്പെരുമഴ ഇങ്ങനെ ഇങ്ങനെയൊക്കെയാണ്!

Divya John
  കർണാടകത്തിലെ രാഷ്ട്രീയ വാഗ്ദാനപ്പെരുമഴ ഇങ്ങനെ ഇങ്ങനെയൊക്കെയാണ്! തിരുപ്പതിയിലേക്കും ഷിർദ്ദിയിലേക്കും തീർഥയാത്രകൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ നീളുകയാണ് സൗജന്യങ്ങൾ. കുടുംബനാഥയായ സ്ത്രീകൾക്ക് മാസം 2000 രൂപ കൊടുക്കുമെന്ന് കോൺഗ്രസ് പറഞ്ഞതിന് പിന്നാലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 3000 രൂപ ബിജെപിയും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം കർണാടകയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗജന്യങ്ങൾ നൽകുന്നതിനെ വിമർശിച്ചിരുന്നു. എന്നാൽ നിലവിലെ പാർട്ടിയുടെ പ്രതിഛായ കൂടി പരിഗണിച്ച് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകാതെ തരമില്ല എന്ന അവസ്ഥയിലാണ് ബിജെപി.  athesamayam കഴിഞ്ഞ ദിവസം കർണാകയിലെ പ്രചരണത്തിനെത്തിയ കോൺഗ്രസ്സിന്റെ രാഹുൽഗാന്ധി എംപിയും സൗജന്യവാഗ്ദാനങ്ങൾക്ക് ഒരു കുറവും വരുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.



ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെത്തിയ വേളയിൽ ബിജെപി സർക്കാരിനെതിരെയും അവരുടെ അഴിമതികൾക്കെതിരെയും ആഞ്ഞടിച്ച രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കളം മാറ്റിച്ചവിട്ടി. കർണാടകയിൽ കോൺഗ്രസ് ഭരണത്തിൽ വന്നാൽ 'യുവനിധി' പദ്ധതിയുടെ കീഴിൽ ബിരുദധാരികളായ യുവാക്കൾക്ക് രണ്ടുവർഷത്തേക്ക് മാസത്തിൽ 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയുമാണ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത്. കർണാടകയിൽ ബെലഗാവിയിൽ യുവക്രാന്തി സമാവേശ പരിപാടിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധി കോൺഗ്രസ് ഭരണത്തിൽ വന്നാൽ അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും 2.5 ലക്ഷം സർക്കാർ ഒഴിവുകൾ നികത്തുമെന്നും ഉറപ്പും നൽകി.  നിലവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള ജനവികാരം മനസിലാക്കിയായിരുന്നു രാഹുൽഗാന്ധിയുടെ പ്രചരണജാഥകളിലെ പ്രസംഗം മുഴുവനും. ബസവരാജ ബൊമ്മ നയിക്കുന്ന ബിജെപി സർക്കാരിന്റെ '40 ശതമാനം കമ്മീഷൻ കുംഭകോണം' രാഹുൽഗാന്ധി എടുത്തു വിമർശിച്ച വിഷയങ്ങളിലൊന്നാണ്.



ബൊമ്മ നയിക്കുന്നത് '40 ശതമാനം കമ്മീഷൻ സർക്കാരി'നെയാണെന്ന് രാഹുൽഗാന്ധി തുറന്നടിച്ചു. കർണാടകയിൽ കോൺട്രാക്ടർമാർക്ക് ഫണ്ട് അനുവദിക്കണമെങ്കിൽ പദ്ധതി ചെലവിന്റെ 40 ശതമാനം സർക്കാരിലുള്ളവർക്ക് കമ്മീഷൻ കൊടുക്കണമെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ ആരോപണം ചൂണ്ടിക്കാട്ടി രാജ്യത്തെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. ഇന്ത്യ ഒന്നുരണ്ടു പേർക്കല്ല എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞ രാഹുൽഗാന്ധി അദാനിയെയും കടന്നാക്രമിക്കാൻ മറന്നില്ല. ബിജെപിയുടെ പക്ഷത്ത് നിൽക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്നും ഇത് അഴിമതിയിലേക്ക് നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക സംസ്ഥാന അധ്യക്ഷൻ ഡി ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ദേശീയ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവരും തിരഞ്ഞെടുപ്പ് റാലികളിൽ ആവേശം പകർന്ന് പങ്കെടുക്കുന്നുണ്ട്.



വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെയല്ല, കോൺഗ്രസ് കർണാടകയിൽ തിരഞ്ഞെടുപ്പ് കൂടുതൽ ഗൗരവമായി കാണുന്നുണ്ടെന്ന് വ്യക്തം. ഒന്നാഞ്ഞു ശ്രമിച്ചാൽ കർണാടകയിൽ ഇത്തവണ ഭരണത്തിലിരിക്കാമെന്ന വിശ്വാസവും കോൺഗ്രസിനുണ്ട്. എല്ലാ കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്കിനുള്ള സാധ്യതയുണ്ടാകില്ലെന്ന സൂചനയും രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ കാണാം.ഭാരത് ജോഡോ യാത്രയുണ്ടാക്കിയ ആവേശം അടങ്ങിയിട്ടില്ലെങ്കിലും അത് ഊതിക്കത്തിച്ചതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് നേതാക്കൾ പതിവ് പോലെ 'സൗജന്യ വാഗ്ദാനങ്ങളെ' കൂട്ടുപിടിച്ചത്. അല്ലെങ്കിൽ പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ കേട്ടു ശീലിച്ച ജനങ്ങൾക്ക് മുമ്പിൽ രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങൾ വിലപ്പോകുമോയെന്ന സംശയവും ആയിരിക്കാം. 



എന്തായാലും എല്ലാവഴിക്കും വോട്ടു തങ്ങൾക്ക് തന്നെ വീഴാനുള്ള മാർഗങ്ങൾ കോൺഗ്രസ് നോക്കുന്നുണ്ട്. ബൊമ്മയുടെ അഴിമതി സർക്കാരിനെതിരേ നേരത്തെയുള്ള ജനവികാരവും കൂട്ടത്തിൽ വാഗ്ദാനങ്ങളുമാകുമ്പോൾ കോൺഗ്രസ് വിജയസാധ്യത കാണുന്നുമുണ്ട്. ഭാരത് ജോഡോ യാത്ര ആവേശത്തോടെ സ്വീകരിച്ച കർണാടകയിൽ പരാജയപ്പെട്ടാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ അസ്തിത്വം വീണ്ടും പ്രതിസന്ധിയിലാവുമെന്നതിൽ സംശയം വേണ്ട. അതുകൂടിയാണ് തിരഞ്ഞെടുപ്പ് കോൺഗ്രസിന് വിജയം അനിവാര്യമാക്കുന്നത്. നിയമസഭയിൽ 224 സീറ്റിൽ 150 നേടി വമ്പിച്ച ഭൂരിപക്ഷത്തോടെ ഭരണത്തിലിരിക്കാമെന്ന പ്രതീക്ഷ ഇത്തവണ കോൺഗ്രസിനുണ്ട്. ബിജെപിക്കെതിരേ വിമർശനങ്ങൾ അഴിച്ചുവിട്ടും സൗജന്യവാഗ്ദാനങ്ങൾ നൽകിയും കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കുന്നതും അതുകൊണ്ടാണ്.  കോൺഗ്രസിനും ബിജെപിക്കും മാറി മാറി ഭരണം കൊടുത്ത് ഇരുകൂട്ടരുടെയും ഭരണമികവ് കണ്ടിട്ടുള്ള കർണാടകയിലെ വോട്ടർമാർ പെട്ടെന്നൊന്നും വാഗ്ദാനങ്ങളിൽ വീഴുന്നവരല്ല. എന്നാൽ കോവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം കന്നഡികരെ മാറ്റി ചിന്തിപ്പിക്കുമോയെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ ഉറപ്പിക്കാൻ സാധിക്കുകയുള്ളു.  

Find Out More:

Related Articles: