ഓട്ടോ ഡ്രൈവറുടെ ഫോണില്‍നിന്ന് കാമുകനെ വിളിച്ചു; ചാട്ടം പിഴച്ച് വീണ്ടും അഴിക്കുള്ളി
ചൊവ്വാഴ്ച വൈകിട്ട് 4:30 – തടവുകാരെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുന്നതിനിടെ സന്ധ്യയും ശിൽപയും രക്ഷപ്പെട്ട കാര്യം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്ത് എത്തി. ജയിൽ വളപ്പിനു പിൻവശത്തെ മതിലിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിൽ ചവിട്ടിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
വിവാഹത്തിന് 10 ലക്ഷം ചോദിച്ച് കാമുകിയുടെ വീട്ടുകാർ; മോഷണം നടത്തി കാമുകൻ ജയിലിൽജയിൽ ചാടി മണക്കാട് ഭാഗത്ത് എത്തിയ സന്ധ്യയും ശിൽപയും രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. രോഗത്തിന്റെ പേരുപറഞ്ഞ് ആശുപത്രിയിലെത്തിയവരില്‍നിന്ന് പണം വാങ്ങി വര്‍ക്കല ഭാഗത്തേക്ക് പോയി. കാപ്പില്‍ ഭാഗത്ത് ഇവരെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും അവര്‍ അവിടെനിന്ന് കടന്നിരുന്നു. കാപ്പിലില്‍നിന്ന് ഓട്ടോയിലാണ് കൊല്ലം പാരിപ്പള്ളിയിലേക്ക് പോയത്. യാത്രക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോണില്‍നിന്ന് 2 കോളുകള്‍ ഇവര്‍ വിളിച്ചു. ഇരുവരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ ബാഹുലേയന്‍ പാരിപ്പള്ളി ആശുപത്രി ജംഗ്ഷനില്‍ ഇറക്കിയശേഷം ഇരുവരും വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചു. സന്ധ്യയുടെ കാമുകനെയാണ് വിളിച്ചതെന്നു മനസിലായ ഡ്രൈവര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.
പാരിപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് ടൂ വീലർ വാഹനങ്ങൾ വിൽക്കുന്ന കടയിലേക്കാണ് ഇരുവരും പിന്നീട് ചെന്നത്. വണ്ടി വാങ്ങുന്നതിനാണെന്നു പറഞ്ഞു സന്ധ്യയും ശിൽപയും എത്തിയപ്പോൾ ഒരു സഹായി മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. ടെസ്റ്റ് ഡ്രൈവിനെന്നു പറഞ്ഞു പ്ലെഷർ സ്കൂട്ടർ വാങ്ങി അതുമായി നേരേ ഊന്നിൻമൂട്ടിലേക്ക് പോയി. സ്കൂട്ടറിൽ പോകുമ്പോൾ നേരത്തെ പരിചയമുള്ള ഒരാള്‍ ഇരുവരെയും കാണുകയും പിന്തുടരുകയും ചെയ്തു. എന്നാൽ കണ്ടെത്താനായില്ല. പാലോടിലുള്ള ശിൽപയുടെ വീട്ടിലേക്കാണ് ഇരുവരും പോയത്. നഗരത്തിലെ ചില കഞ്ചാവു വിതരണക്കാരുമായി ബന്ധമുള്ള സന്ധ്യയും ശിൽപയും പണം സംഘടിപ്പിച്ച ശേഷം അവരുടെ സഹായത്തോടെ തമിഴ്നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു. ശിൽപയുടെ വീട്ടിലെത്തി പണം വാങ്ങിയശേഷം രഹസ്യമായി അതിർത്തി കടക്കാനായിരുന്നു പദ്ധതി.
എന്നാൽ പാലോടിനടുത്തുനിന്ന് നാട്ടുകാര്‍ ഇവരെ കണ്ടെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്നു പ്രദേശത്ത് എത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ജയിലില്‍നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയം കാരണമാണ് തടവു ചാടിയതെന്നാണ് വനിതാ തടവുകാര്‍ പൊലീസിനോട് പറഞ്ഞത്. ജയില്‍ ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചതായും ഇരുവരും വെളിപ്പെടുത്തി. കമ്പിയില്‍ സാരിചുറ്റി മതില്‍ ചാടുകയായിരുന്നു. ജയില്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തയ്യല്‍ ജോലിക്ക് പോയപ്പോള്‍ പരിസരം നിരീക്ഷിച്ച് ജയില്‍ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഇരുവരെയും ജയിലിലെത്തിച്ച് തെളിവെടുത്തു.