പാറശ്ശാല സർക്കാർ ആയുർവേദ ആശുപത്രി അവഗണനയിൽ

Narayana Molleti
പാറശ്ശാല:ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന പാറശ്ശാല സർക്കാർ ആയുർവേദ ആശുപത്രിയെ അധികൃതർ അവഗണിക്കുന്നു. മികച്ച ഡോക്ടർമാരും ചികിത്സയും ആവശ്യത്തിന് ജീവനക്കാരും ഉണ്ടെങ്കിലും ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ചികിത്സയ്ക്കെത്തുന്ന രോഗികളെ മടക്കി അയയ്ക്കേണ്ടി വരുന്ന ഗതികേടിലാണ് ആശുപത്രി അധികൃതർ.


ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകിത്തുടങ്ങിയിട്ട് വർഷത്തിലധികമാകുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം പുറത്തേക്ക് ഒഴുകിയതോടെ പരിസരത്ത് ദുർഗന്ധം വമിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായി. സെപ്റ്റിക് ടാങ്കിലെ മാലിന്യം കോരിമാറ്റിയെങ്കിലും രണ്ടുമാസം കഴിഞ്ഞതോടെ ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകി. ഇതിനെത്തുടർന്ന് ഇപ്പോൾ രോഗികളെ കിടത്തിച്ചികിത്സിക്കുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. 

ആശുപത്രിക്കായി പുതിയ സെപ്റ്റിക് ടാങ്ക് നിർമിക്കണമെന്ന് ആശുപത്രി അധികൃതർ പഞ്ചായത്തിനും മറ്റ് അധികൃതർക്കും നിവേദനം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് കിടത്തിച്ചികിത്സിക്കുന്ന രോഗികളുടെ എണ്ണം പരിമിതപ്പെടുത്താൻ അധികൃതർ തയ്യാറായത്. ഇതിന്റെ ഭാഗമായി പതിനൊന്ന് കിടക്കകളുള്ള പുരുഷൻമാരുടെ വാർഡിൽ നിലവിൽ അഞ്ച് രോഗികളെ മാത്രമാണ് കിടത്തിച്ചികിത്സിക്കുന്നത്.


കിടത്തിച്ചികിത്സ വേണ്ടിവരുന്ന രോഗികൾ നിലവിലുള്ളപ്പോഴാണ് രോഗികൾക്ക് ചികിത്സ നിഷേധിച്ച് മടക്കി അയയ്ക്കുന്നത്.


സെപ്റ്റിക് ടാങ്ക് നിറയുന്നത് തടയുന്നതിനായി പേ വാർഡിൽ ചികിത്സയിലുള്ള കിടപ്പുരോഗികളോട് വാഷ്ബെയ്‌സിനിൽ നിന്നുള്ള മലിനജലം ബക്കറ്റിൽ ശേഖരിച്ച് പുറത്തേക്ക് കളയാനാണ് ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുന്നത്. മലിനജലം ഒഴുകുന്ന പൈപ്പ് വേർപെടുത്തി പുറത്തേക്ക് സ്ഥാപിച്ചിട്ടുണ്ട്. പേ വാർഡിലെ രോഗികൾക്ക് 


കുളിക്കുന്നതിനുപോലും നിയന്ത്രണം ഏർപ്പെടുത്തി. ഒരുവർഷം മുൻപ്‌ ഒ.പി.ക്കായി പുതിയ മന്ദിരം നിർമിച്ചെങ്കിലും പുതുതായി സെപ്റ്റിക്‌ ടാങ്ക് നിർമിക്കുവാൻ അധികൃതർ തയ്യാറായില്ല. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകുന്ന സർക്കാർ ആയുർവേദ ആശുപത്രിയെ അധികൃതർ അവഗണിക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കുവാനാണെന്ന് ആരോപണമുണ്ട്.


Find Out More:

Related Articles: