ഫോർട്ട് കൊച്ചിയിൽ പ്ലാസ്റ്റിക് നിരോധനം; ഉത്തരവ് ലംഘിച്ചാൽ പിഴ

Hareesh
കൊച്ചി∙ ഫോർട്ട്കൊച്ചി ബീച്ചിലും പരിസരത്തും പുനരുപയോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിന് കലക്ടറുടെ നിരോധനം. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടി പരിസര മലിനീകരണവും ജല മലിനീകരണവും വർധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. പ്ലാസ്റ്റിക് ക്യാരി ബാഗ്, നോൺ വുമൺ ക്യാരി ബാഗ്, പ്ലാസ്റ്റിക് നിർമിതമായ ഫ്ലക്സ്, ബാനർ, കപ്പ്, സ്ട്രോ, കുപ്പികൾ, സ്പൂൺ, പൗച്ച്, കൊടികൾ, ഷീറ്റ്സ്, കൂളിങ് ഫിലിം, അലങ്കാര വസ്തുക്കൾ, തെർമോ കോൾ വച്ചുണ്ടാക്കിയിട്ടുള്ള വസ്തുക്കൾ എന്നിവയ്ക്കാണ് നിരോധനം.

വ്യാപാരികൾ ജൈവ മാലിന്യങ്ങളും അല്ലാത്തവയും പ്രത്യേക ബിന്നുകൾ വച്ച് ശേഖരിക്കേണ്ടതും സംസ്കരിക്കേണ്ടതുമാണ്. കടകളുടെ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പു വരുത്തേണ്ടതും വ്യാപാരിയുടെ ഉത്തരവാദിത്തമാണ്. വീഴ്ച വരുത്തിയാൽ രണ്ടായിരം രൂപയാണ് പിഴ. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിഞ്ഞാൽ ആയിരം രൂപയും വ്യാപാരം നടത്തിയാൽ രണ്ടായിരം രൂപയും പിഴ അടയ്ക്കണം. കുറ്റം ആവർത്തിച്ചാൽ 10,000 രൂപയാണ് പിഴ.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടി വെള്ളത്തിന്റെ തടസപ്പെടുകയും ഇത് വിനോദസഞ്ചാരികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഫോർട്ട് കൊച്ചിയുടെ പരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി, സബ് കലക്ടര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചുമതല.


Find Out More:

Related Articles: