രാഷ്ട്രപതിസ്ഥാനത്തിൽ പ്രതിപക്ഷത്തിന് പ്രതീക്ഷ! രാഷ്ട്രതി സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ കോൺഫ്രൻസ് തലവൻ ഫാറൂഖ് അബ്ദുള്ള എന്നിവർ അറിയിച്ചതിനു പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാർത്ഥി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിതെളിഞ്ഞത്. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും.
"തൃണമൂൽ കോൺഗ്രസിൽ മമത ബാനർജി എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനായിരിക്കും. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്നും മാറി നിൽക്കേണ്ട സമയം വന്നിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്." അദ്ദേഹം ട്വീറ്റ് ചെയ്തു.സ്ഥാനാർത്ഥിയാകുമെന്ന സൂചന നൽകിക്കൊണ്ട് യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തിട്ടുണ്ട്.രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിന് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗവും ഇന്നാണ്. സ്ഥാനാർത്ഥിയാരെന്ന അന്തിമ തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും.
തിങ്കളാഴ്ച രാത്രി എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് യശ്വന്ത് സിൻഹയുടെ പേര് പരിഗണിച്ചത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് യോഗം ചേരുന്നുണ്ട്. പാർട്ടി ഉപാധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി യശ്വന്ത് സിൻഹ മമത ബാനർജിക്ക് അയച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കൂട്ടായ തീരുമാനം ഉണ്ടായ ശേഷം മാത്രമായിരിക്കും യശ്വന്ത് സിൻഹ നേരിട്ട് പ്രസ്താവന നടത്തുക.
2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടി മാറി നിൽക്കുകയാണെന്ന അദ്ദേഹത്തിന്റെ ട്വീറ്റിനു പിന്നാലെയാണ് ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് അദ്ദേഹം പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായത്.ജൂൺ 29 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടുകൾ എണ്ണുക. ജുലൈ 24നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുക.