ഇസ്രയേൽ–ഇറാൻ യുദ്ധം വരുമെന്ന് യുഎസ്; ‘ചാരന്മാർക്ക്’ വധശിക്ഷ, തീക്കളിയെന്ന് ട്രംപ്
അതിനിടെ സിറിയയിലെ ഇറാൻ റെവല്യൂഷനറി ഗാർഡ്സിന്റെ ആസ്ഥാനം ഉൾപ്പെടെ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചു. ഇറാനെ നേരിട്ട് ആക്രമിച്ചാൽ ഇസ്രയേലിനെ അരമണിക്കൂർ കൊണ്ട് പൂർണമായും നശിപ്പിക്കുമെന്ന് ഇറാൻ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. യുഎസിനെ പ്രകോപിപ്പിക്കുന്ന നടപടിയും ഇറാന്റെ ഭാഗത്തു നിന്നു ശക്തമായുണ്ട്. യുഎസിന്റെ ‘ചാരന്മാർ’ എന്ന പേരിൽ ഇറാനിൽ ഒരു വർഷം മുൻപ് പിടികൂടിയ 10 പേർക്കെങ്കിലും വധശിക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരട്ടപൗരത്വമുള്ളവരാണ് യുഎസ് ചാരസംഘടനയ്ക്കു വേണ്ടി വിവരങ്ങൾ ചോർത്തിക്കൊടുത്തതിന്റെ പേരിൽ പിടിയിലായിട്ടുള്ളത്. എന്നാൽ ഇവർ എത്ര പേരുണ്ടെന്നത് ഇറാൻ വ്യക്തമാക്കിയിട്ടില്ല. യുഎസിനെതിരെ പരമാവധി പ്രകോപനമാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ വ്യക്തം.
ഇസ്രയേൽ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സിറിയയിലേക്കുള്ള ഇറാന്റെ ‘കടന്നുകയറ്റം’ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഇസ്രയേൽ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ രാജ്യം ‘സ്പോൺസർ’ ചെയ്യുന്ന ഭീകരതയാണ് ഇസ്രയേൽ നടപ്പാക്കുന്നതെന്ന് സിറിയ ആരോപിച്ചു. ജൂലൈ ഒന്നിലെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. ഇതിൽ ആറു സാധാരണക്കാരും 3 കുട്ടികളുമുണ്ടെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. സിറിയയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ ആക്രമണമെന്നും സിറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജൂലൈ 9 മുതൽ ബോംബ് നിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കുമെന്നാണ് ഇറാൻ പറഞ്ഞിരുന്നത്. ‘ആണവായുധ ശേഷിയുള്ള ഇറാനെ ഇസ്രയേലിനു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്തിനും അത് അംഗീകരിക്കാനാകില്ല...’ റിപബ്ലിക്കൻ സെനറ്റർ കൂടിയായ ലിൻസേ ഗ്രഹാം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണത്തിനു വേണ്ടി ഇറാൻ തയാറായാൽ ‘ശക്തമായ സന്ദേശം’ തന്നെ യുഎസ് നൽകണം. ഇറാനും ഇസ്രയേലും തമ്മിൽ പൂർണമായ തോതിലുള്ള യുദ്ധം തന്നെയായിരിക്കും വരികയെന്നും ഗ്രഹാം പറഞ്ഞു.
2015 ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശം വയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് യുഎന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം മേയിൽ ഇറാനിയൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേജ് സരിഫ് പറഞ്ഞതുമാണ്. ഇറാന്റെ പേരിൽ വിവിധ രാജ്യങ്ങൾ ചേരിതിരിയുന്ന കാഴ്ചയാണിപ്പോഴുള്ളത്. ഇറാനെതിരെ യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. എന്നാല്‍ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം യുഎസിന്റെ ഉപരോധമാണെന്നാണ് റഷ്യയുടെ വിമർശനം. അടുത്ത കാലത്തുണ്ടായ ചില ‘വിഷയങ്ങളുടെ’ ബാക്കിപത്രമാണിതെന്നും റഷ്യ പറഞ്ഞു.
കരാർ നിബന്ധനകളില്‍ നിന്ന് ഇറാൻ വ്യതിചലിക്കരുതെന്നാണ് ബ്രിട്ടൻ ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങളിൽ അതീവ ആശങ്കയും ബ്രിട്ടൻ രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സംഘടനയും ഇറാനോടു സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നിലപാടിൽ നിന്നു പിന്മാറാൻ ട്രംപ് തയാറായിട്ടില്ല. ‘എന്താണ് ചെയ്യുന്നതെന്ന് ഇറാന് നല്ല ബോധ്യമുണ്ട്. എന്തുകൊണ്ടാണു കളിക്കുന്നതെന്നും അവർക്കറിയാം, അവരുടേത് തീക്കളിയാണ്...’ ട്രംപ് പറഞ്ഞു. ഇറാനു നൽകാനുള്ള സന്ദേശം എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വൈറ്റ് ഹൗസിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് 2015ൽ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ യുഎസ് അടക്കം വൻശക്തികൾ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ, 2018ൽ ട്രംപ് ഭരണകൂടം ഏകപക്ഷീയമായി കരാറിൽ നിന്നു പിന്മാറുകയും പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാന്റെ സമ്പദ്ഘടന വീണ്ടും പ്രതിസന്ധിയിലായി. ഇറാൻ ഭീകരസംഘടനകൾക്കു വിവിധ സഹായങ്ങൾ നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നീ വൻശക്തികൾ കരാറിൽനിന്നു പിൻമാറാത്ത സാഹചര്യത്തിലാണ് ഇറാൻ അവരോടു നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. ആണവ കരാർ പ്രകാരം, വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ ഇറാൻ സൂക്ഷിക്കാവൂ. അധികമുള്ളതു വിദേശത്ത് വിൽപന നടത്തണം. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലാണു വിലക്ക്. ഈ ഉടമ്പടിയാണിപ്പോൾ ഇറാൻ ലംഘിച്ചിരിക്കുന്നത്.
വൻശക്തികളുമായുള്ള ആണവ കരാറിൽനിന്നു പിന്മാറുമെന്നും ആയുധ നിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്നും 2019 മേയ് എട്ടിന് ഇറാൻ വ്യക്തമാക്കിയിരുന്നു. സമ്പുഷ്ട യുറേനിയം വിൽപന നിർത്തിവയ്ക്കുമെന്നു പ്രഖ്യാപിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, 2 മാസത്തിനകം യുഎസ് ഉപരോധത്തിൽ നിന്നു മറ്റു വൻശക്തികൾ സംരക്ഷണം നൽകിയില്ലെങ്കിൽ ആണവപദ്ധതി പുനരാരംഭിക്കുമെന്നും മുന്നറിയിപ്പു നൽകി. ഈ കാലാവധി ജൂലൈ 9ന് അവസാനിക്കുകയാണ്. അതിനിടെയാണ് സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വർധിപ്പിക്കാനുള്ള ഇറാന്റെ തീരുമാനം. എന്നാൽ യുഎസോ അതിന്റെ സഖ്യകക്ഷികളോ ഇറാനെ ആണവായുധം നിർമിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചു നിൽക്കുന്നതോടെയാണ് മേഖലയിൽ യുദ്ധഭീഷണിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നതും.