ഭാരത സഭയ്ക്ക് അഭിമാനമായി കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്! ഇന്ത്യൻ സമയം രാത്രി 8:30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാലിന്) ആരംഭിച്ച ചടങ്ങ് രാത്രി 9:40 ഓടെ അവസാനിച്ചു.
ഫ്രാൻസിസ് മാർപാപ്പ ആണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്. പുതിയ കർദിനാൾമാർക്ക് മാർപാപ്പ സ്ഥാനചിഹനങ്ങളായ സ്വർണ മോതിരവും ചുവന്ന തലപ്പാവും അണിയിക്കുകയും സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. നവ കർദിനാൾമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. റോമൻ കത്തോലിക്കാ സഭയിലെ കർദിനാൾ പദവിയിൽ അഭിഷിക്തനായി മലയാളിയായ ഡോ. മാർ ജോർജ് ജേക്കബ് കൂവക്കാട്. മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങ് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൂർത്തിയായി.
മാർ കൂവക്കാടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശരി അതിരൂപതയിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധി സംഘവും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രി ജോർജ് കുര്യൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘവും വത്തിക്കാനിൽ ചടങ്ങ് വീക്ഷിച്ചു. രാജീവ് ചന്ദ്രശേഖർ, അനൂപ് ആൻ്റണി, അനിൽ ആൻ്റണി, കൊടിക്കുന്നിൽ സുരേഷ് എംപി, ടോം വടക്കൻ, സത്നാം സിങ് സന്ധു എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും ഉൾപ്പെടെ നിരവധിപ്പേർ ചരിത്ര മുഹൂർത്തതിന് വത്തിക്കാനിൽ സാക്ഷിയായി. ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ 9:30ന് മാതാവിൻ്റെ അമലോത്ഭവ തിരുനാളിൻ്റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം പുതിയ കർദിനാൾമാരും കാർമികത്വം വഹിക്കും.
സീറോ മലബാർ സഭയിൽനിന്ന് പ്രത്യേക ക്ഷണം ലഭിച്ച വൈദികരും വിശുദ്ധ കുർബാനയിൽ സഹകാർമികരാകും. വൈകുന്നേരം സാന്ത അനസ് താസിയ സീറോ മലബാർ ബസിലിക്കയിൽ കർദിനാൾ ജോർജ് കൂവക്കാട്ടിൻ്റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടത്തും. തുടർന്ന് സ്വീകരണ സമ്മേളനങ്ങളിലും പങ്കെടുക്കും.കേരളത്തിൽനിന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ തിരുക്കർമങ്ങളിൽ പങ്കെടുത്തു.