സൂപ്പർതാരങ്ങളെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞത്? കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്. സഹതാരങ്ങൾക്കൊപ്പമുള്ള അനുഭവങ്ങളായിരുന്നു ഹരിശ്രീ അശോകൻ പങ്കുവെച്ചത്. മഹാറാണിയെന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ജോണി ആന്റണിയും ഹരിശ്രീ അശോകനും. സിനിമയിൽ എല്ലാ ആർടിസ്റ്റുകൾക്കും അവരവരുടേതായ പ്രാധാന്യമുണ്ട്, കർത്തവ്യങ്ങളുമുണ്ട്. അതിനാലാണ് മഹാറാണി നല്ലൊരു സിനിമയായി മാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ചത് രാക്ഷസരാജാവിലാണ്. കുസൃതിയെന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിലായിരുന്നു ഈ അവസരം ലഭിച്ചത്. അതിൽ എനിക്കൊരു പാട്ടും ഒരു സീനും ബാക്കിയുണ്ടായിരുന്നു. അതിൽ എനിക്ക് താടിയുണ്ട്. അത് കളയാൻ പറ്റില്ലല്ലോ. ഉദയ സ്റ്റുഡിയോയിൽ വെച്ചായിരുന്നു രാക്ഷസരാജാവിന്റെ ചിത്രീകരണം. ഞാൻ ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ മമ്മൂക്ക ആ മുറ്റത്ത് ഇരിപ്പുണ്ട്.
കൂടെ കുറേ ആളുകളുമുണ്ട്. ഞാൻ അടുത്ത് ചെന്നപ്പോൾ എല്ലാവരും എന്നെ തൊഴുതു. മമ്മൂക്ക ഇരിക്കുന്നത് കണ്ടപ്പോഴേ എന്റെ കൈയ്യിൽ നിന്നും പോയി. മമ്മൂക്കയോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും കുറച്ച് വെട്ടിക്കൂടേയെന്ന് ചോദിച്ചു. പോലീസുകാരന്റെ വേഷമാണെന്നും പറഞ്ഞു. മുടി എന്തായാലും വെട്ടുന്നുണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത്. അന്നത്തെ സംസാരത്തിലൂടെ ഞാൻ ഭയങ്കര ഫ്രീയായി. പിന്നീടങ്ങോട്ട് ഏത് സിനിമ ചെയ്യുമ്പോഴും മമ്മൂക്ക കാര്യം പറഞ്ഞ് തരും. ക്യാരക്ടറിനെക്കുറിച്ച് കൂടുതലായിട്ടൊക്കെ പറഞ്ഞ് തരും. നമ്മൾ അഭിനയിക്കുമ്പോൾ ടിപ്സ് ഓക്കെ പറയും. സലീം കുമാറിനെ ഓർക്കുമ്പോൾ മനസിലേക്ക് വരുന്നത് പറക്കും തളികയാണ്. വണ്ടിയുടെ മുകളിൽ നിന്നും വേറൊരു വണ്ടിയിലേക്ക് വീഴുന്നതൊക്കെ ഭയങ്കര റിസ്ക്കിയായിട്ടുള്ള ഷോട്ടായിരുന്നു. ഞങ്ങളൊന്നിച്ച് ചെയ്ത സിനിമകളിൽ ഏറെ പ്രധാനപ്പെട്ടത് ഇത് തന്നെയാണ്.
ഹനീഫിക്കയെ ഓർക്കുമ്പോൾ സത്യം ശിവം സുന്ദരം, പഞ്ചാബിഹൗസ് അങ്ങനെ കുറേ സിനിമകളാണ് പെട്ടെന്ന് മനസിൽ വരുന്നത്. മാനത്തെ കൊട്ടാരത്തിലാണ് ദിലീപും ഞാനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ജഗതി ചേട്ടനാണെങ്കിൽ റിഹേഴ്സൽ സമയത്തെ പോലെയായിരിക്കില്ല ടേക്കിൽ കാണിക്കുന്നത്. അതുകണ്ട് നമ്മൾ വണ്ടറടിച്ച് നിന്നുപോവും. കൈയ്യിൽ നിന്നും പുള്ളി കുറേ കാര്യങ്ങൾ എടുത്തങ്ങ് ചെയ്യും. എന്റെ സീൻ കണ്ട് മറ്റുള്ളവർ ടേക്കിലൊക്കെ ചിരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് അങ്ങനെ ചിരി വരാറില്ലെന്നും ഹരിശ്രീ അശോകൻ പറയുന്നു. ലാലേട്ടനൊപ്പം ആദ്യം അഭിനയിച്ചത് ബാലേട്ടനിലാണ്.
അദ്ദേഹത്തെ കാണുമ്പോൾ എന്ത് പറയുമെന്നൊക്കെ ഓർത്ത് ടെൻഷനിലായിരുന്നു. എന്നെ കണ്ടതും പുള്ളി വന്ന് കൈ തന്ന് കെട്ടിപ്പിടിച്ചു. അതോടെ ടെൻഷനെല്ലാം മാറി. ഓടിവരുന്നൊരു സീൻ ചീത്രീകരിക്കുന്നതിനിടെ, അവിടെ വഴുക്കലുണ്ടെന്ന് എനിക്ക് പറഞ്ഞ് തന്നിരുന്നു. അതുപോലെ ഞാൻ എന്തൊക്കെ കാണിക്കുന്നോ, അതൊക്കെ നീയും കാണിച്ചോയെന്നും പറഞ്ഞു. ഞാൻ മുണ്ടഴിച്ചാൽ നീയും അഴിച്ചോളണം. സ്ക്രീനിൽ കണ്ടപ്പോഴാണ് ആ സീനിന്റെ ഇംപാക്റ്റ് ശരിക്കും മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു.