രൂപം മാറിയതിന് മോശം കമന്റിട്ടവർക്ക് സോനുവിന്റെ മറുപടി! വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നുവെങ്കിലും ഇപ്പോൾ പ്രസവം ഒക്കെ ആയത് കാരണം വിട്ടു നിൽക്കുകയാണ്. പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് മോശം കമന്റ് എഴുതിയ ആളുകൾക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നടി. സ്ത്രീധനം, ഭാര്യ, മഹാലക്ഷ്മി തുടങ്ങിയ നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോനു സതീഷ്. വില്ലത്തിയായും നായികായും വളരെ പെട്ടന്ന് തന്നെ സോനു പ്രേക്ഷക പ്രിയം നേടി. മൂന്ന് മാസം മുൻപ് ആണ് സോനുവിനും അജയനും പെൺ കുഞ്ഞ് ജനിച്ചത്. മകൾ വന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തു. അതിന് ശേഷം പ്രസവാനന്തരമുള്ള തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോനു ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
അങ്ങനെ പങ്കുവച്ച ചിത്രങ്ങൾക്ക് എല്ലാം താഴെ സോനുവിന്റെ മുഖവും ശരീരവും എല്ലാം മാറിയല്ലോ എന്ന കമന്റുകളാണ് വന്നു കൊണ്ടിരുന്നത്. പ്രസവത്തിന് മുൻപും, ഗർഭിണിയായപ്പോഴും ഉള്ള രണ്ട് ചിത്രങ്ങൾ ചേർത്ത് വച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. ഇത് മുഴുവനായും വായിക്കണം എന്ന് നടി പ്രത്യേകം പറയുന്നുണ്ട്. തന്റെ രൂപ മാറ്റത്തെ കുറിച്ച് നിരന്തരം കമന്റ് എഴുതുന്നവർക്കുള്ള മറുപടിയാണ് നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.എനിക്ക് 20 കിലോ ശരീര ഭാരം കൂടി, എന്റെ വയറിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടായി, എനിക്ക് നടുവേദനയും തലവേദനയും വന്നു. എനിക്ക് അറിയാം എന്റെ ശരീരത്തിന്റെ ഷേപ്പും നഷ്ടപ്പെട്ടു.
പക്ഷെ ഒരു അമ്മയെ സംബന്ധിച്ച് അതൊന്നും വിഷയമേ അല്ല. തന്റെ കുഞ്ഞിന്റെ നല്ലതിന് വേണ്ടി ഒരു അമ്മ എന്തും സഹിയ്ക്കും, എന്തിനും തയ്യാറാവും. അവൾക്ക് എല്ലാത്തിനെക്കാളും പ്രധാനം കുഞ്ഞ് തന്നെയായിരിയ്ക്കും.മാതൃത്വത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്നും, അതിലേക്കുള്ള യാത്ര എത്രത്തോളം മനോഹരമാണെന്നും വർണിക്കാൻ വാക്കുകളില്ല. അതുകൊണ്ട് എന്റെ സഹോദരി സഹോദരന്മാരെ, പ്രസവം കഴിഞ്ഞുള്ള ഒരു അമ്മയുടെ ശരീരം മാറിയതിനെ കുറിച്ച് കമന്റ് എഴുതുമ്പോൾ ആ ഘട്ടത്തിലേക്ക് എത്തിയ അവളുടെ യാത്രയെ കുറിച്ച് മനസ്സിലാക്കണം.
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ അമ്മയോട് തന്നെ ചോദിയ്ക്കുക. നിങ്ങളെ പ്രസവിച്ച സമയത്ത് ഈ അവസ്ഥയിലൂടെ എല്ലാം അവർ എങ്ങിനെയാണ് കടന്ന് പോയത് എന്ന് വളരെ വ്യക്തമായി അവർ വിശദീകരിച്ചു തരും. പ്രസവത്തിന് ശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവളോട് അവളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുന്നതിന് പകരം, സുഖമാണോ എന്ന് ഒന്ന് ചോദിയ്ക്കുക- സോനു എഴുതി.