കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ സമ്മാനത്തുക; ഈ വർഷം മമ്മൂട്ടിക്കും വിൻസിക്കും ലഭിക്കുന്ന തുകയെത്രയാണ്? കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് ഈ പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖാപിച്ചത്. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്കാരത്തിനായുള്ള സിനിമകൾ വിലയിരുത്തിയത്.കടുത്ത മത്സരത്തിനൊടുവിൽ മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി വിൻസിയും പ്രഖാപിച്ചു കഴിഞ്ഞിരിക്കുകയാണ്. സിനിമാ പ്രേമികൾ അക്ഷമരായി കാത്തുനിന്ന ഈ പ്രഖ്യാപനം പുറത്തു വന്നതുമുതൽ ആളുകൾക്ക് അറിയേണ്ടത് ചലച്ചിത്ര അവാർഡ് ജേതാവാകുന്നയാൾക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയാണ് എന്നതാണ്.
മലയാള സിനിമയിലെ കലാമൂല്യമുള്ള സിനിമകൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമായി കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.ഓരോ വർഷവും പുറത്തിറങ്ങുന്ന സിനിമകളെ വിലയിരുത്തി മികച്ച അഭിനയം കാഴ്ചവച്ച നടനെയും നടിയെയും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മികച്ച നടനായും നടിയായും തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്. 'നൻ പകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും 'രേഖ' എന്ന ചിത്രത്തിലൂടെ വിൻസിയുമാണ് ഇത് കരസ്ഥമാക്കിയിരിക്കുന്നത്. ആറാം തവണയാണ് മമ്മൂട്ടി കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡിന് അർഹനായിരിക്കുന്നത്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം കുഞ്ചാക്കോ ബോബനും അലൻസിയറും സ്വന്തമാക്കുമ്പോൾ ഇവർക്ക് സമ്മാനത്തുകയായി ലഭിക്കുന്നത് 25000 രൂപയാണ്.
മികച്ച സംവിധായകനായി തിരഞ്ഞെടുക്കുന്നയാൾക്ക് സമ്മാനമായി ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്. 'അറിയിപ്പ്' എന്ന സിനിമയുടെ സംവിധായകനായ മഹേഷ് നാരായണൻ ആണ് ഈ അവാർഡ് സ്വന്തമാക്കിയിരിക്കുന്നത്. മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത 'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാഹി കബീറിന് ഒരു ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചിട്ടുള്ളത് ജി അരവിന്ദൻ എന്ന സംവിധയകനാണ്. ഏഴു തവണയാണ് അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനും ആറു തവണ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും നിർമ്മാതാവിനും സംവിധായകനും ലഭിക്കും.
മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കുന്ന സിനിമയ്ക്ക് ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും നിർമ്മാതാവിനും സംവിധായകനും ലഭിക്കും. ഈ വർഷത്തെ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരി സംവിധാനവും ജോർജ് സെബാസ്റ്റിയൻ നിർമ്മാണവും നിർവഹിച്ച 'നൻ പകൽ നേരത്ത് മയക്കം' എന്ന ചിത്രമാണ്. മികച്ച രണ്ടാമത്തെ ചിത്രമായി 'അടിത്തട്ട്' എന്ന ചിത്രവും തിരഞ്ഞെടുത്തു. ജനപ്രീതിയും കലാമേന്മയും ഉള്ള ചിത്രമായി തിരഞ്ഞെടുത്തത് "ന്നാ താൻ കേസ് കൊട്" എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും ഒരുലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.