അത്ഭുതത്തിൻ്റെ നീല വെളിച്ചം!

Divya John
 അത്ഭുതത്തിൻ്റെ നീല വെളിച്ചം! 1964 ൽ എ.വിൻസെൻ്റ് സംവിധാനം ചെയ്ത ഭാർഗവി നിലയത്തിൻ്റെ തിരക്കഥയിൽ റീമേക്ക് എന്നതിനപ്പുറം പുതിയൊരു സിനിമയായി അവതരിപ്പിച്ചിരിക്കുകയാണ് ആഷിഖ് അബു നീലവെളിച്ചത്തിലൂടെ. മലയാളത്തിൻ്റെ കഥകളുടെ സുൽത്താൻ്റെ തിരക്കഥയിൽ നിന്നും അണിയിച്ചൊരുക്കുന്നതിനാൽ തന്നെ 'വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം' എന്ന പേരിലാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കാലത്തെ സാങ്കേതിക തികവിനെ ഫലപ്രദമാക്കി ഉപയോഗപ്പെടുത്തിയ ചിത്രം മികച്ചൊരു കാഴ്ചാ വിരുന്നാക്കി മാറ്റിയിടത്താണ് സംവിധായകൻ്റെ വിജയം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയെന്നതു തന്നെയാണ് നീലവെളിച്ചത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നത്. അവിടെ താമസമാക്കിയതെന്നുള്ള വിവരം നാട്ടുകാരുടെ മുഖത്ത് ഞെട്ടലുണ്ടാക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് അറിയുന്നത്, അത് ഭാർഗവി നിലയമാണ്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ഭാർഗവിയുടെ ആത്മാവ് ഇപ്പോഴും അവിടെയുണ്ട്. ആ വീട്ടിൽ അവൾ ആരേയും താമസിക്കാൻ അനുവദിക്കാറില്ല.



 എന്നാൽ അവിടെത്തുന്ന സാഹിത്യകാരൻ ഭാർഗവിയോട് തൻ്റെ കാര്യങ്ങളൊക്കെ തുറന്നു പറയുന്നു. ഭാർഗവി ഉപദ്രവിക്കുമെന്ന് പറയുന്ന സുഹൃത്തുക്കളോട് 'ഒരു പ്രണയിനിക്കെന്നെ മനസിലാകും' എന്ന് അയാൾ പറയുന്നുണ്ട്. 1964 കളുടെ പശ്ചാത്തലത്തിൽ തലശേരിയുടെ ഭൂമികയിലാണ് കഥ നടക്കുന്നത്. സാഹിത്യകാരനായ നായക കഥാപാത്രം വാടകയ്ക്കെടുത്ത പുതിയ വീട്ടിലേക്ക് എത്തുകയാണ്. ഉപയോഗിക്കാതെ കിടന്ന് പൊടിപിടിച്ച വീടും കാട് പിടിച്ചു കിടക്കുന്ന കിണറുമൊക്കെ കഥാനായകന് നന്നേ പിടിച്ചു. ആദ്യ പകുതിയിൽ കാണാമറയത്തുള്ള ഭാർഗവിയും സാഹിത്യകാരനുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അവിടെ സാഹിത്യകാരനായി വാക്കിലും നോക്കിലും മാറിയുള്ള ടൊവേനോയുടെ വളരെ പക്വമാർന്ന അഭിനയമാണ് ചിത്രത്തെ രസാവഹമായി മുന്നോട്ടു നയിക്കുന്നത്. കഥാപാത്രത്തിൻ്റെ വൈകാരിക ഭാവങ്ങളെ കൃത്യമായി പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാൻ ടൊവിനോയ്ക്കു സാധിച്ചിട്ടുണ്ട്.




 എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ഭാർഗവിയുടെയും ശശികുമാറിൻ്റെയും നാണുക്കുട്ടൻ്റെയും കഥയിലേക്ക് പോകുന്നിടത്ത് താളക്കുറവ് പ്രേക്ഷകർക്ക് അനുഭവപ്പെടാം. ശശികുമാറായി റോഷൻ മാത്യുവും ഭർഗവിയായി റിമ കല്ലിങ്കലും നാണുക്കുട്ടനായി ഷൈൻ ടോം ചാക്കോയും എത്തുന്നുണ്ട്. ഇവർക്കൊപ്പം ഒരുപിടി കഥാപാത്രങ്ങളും ഇടംപിടിക്കുന്നുണ്ടെങ്കിലും സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ ടൊവിനോയുടെ സാഹിത്യകാരനാണ് നിറഞ്ഞുനിൽക്കുന്നതെന്നു നിശംസയം പറയാം. ടൊവിനോ തോമസ് നടനെന്ന നിലയിലുള്ള വളർച്ചയെ കൃത്യമായി കുറിച്ചിടുന്നുണ്ട് ചിത്രത്തിൽ.പഴയ കാലഘട്ടവും ഒരു വീടിൻ്റെ രണ്ടു സാഹചര്യങ്ങളുമൊക്കെയായി അറുപതുകളിലെ ഗ്രാമീണ ഭംഗിയും പ്രകൃതിയും അവയുടെ പരിവർത്തനങ്ങളുമൊക്കെ ഒരുക്കി മികച്ച കലാസംവിധാന മികവ് തന്നെ ജ്യോതിഷ് ശങ്കർ ഒരുക്കിയിട്ടുണ്ട്. 



ഒപ്പം കഥയുടെ ഒഴുക്കിലേക്ക് പ്രേക്ഷകരെ സന്നിവേശിപ്പിച്ച ഗിരീഷ് ഗംഗാധരൻ്റെ കാമറക്കാഴ്ചകളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റാകുന്നത്. ടെക്നിക്കലി ഗംഭീരമായ ടീമിനെ അണിനിരത്തി ദൃശ്യപരിചരണത്തിലും ശബ്ദവിന്യാസത്തിലും സൃഷ്ടിച്ച സാങ്കേതികമായ ഔന്നത്യം പുതിയൊരു അനുഭവലോകമാക്കി മാറ്റുകയാണ് നീലവെളിച്ചത്തിലൂടെ. എന്നിരുന്നാലും എല്ലാവരുടെയും കപ്പിലെ ചായയാണോ നീലവെളിച്ചം എന്നതിന് സംശയമുണ്ട്! എന്നിരുന്നാലും മികച്ചൊരു സൃഷ്ടിയുമായെത്തി തൻ്റെ ക്രാഫ്റ്റ് വീണ്ടും തെളിയിച്ച സംവിധായകനെ പ്രശംസിക്കാതിയിരിക്കാനും വയ്യ. മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട ഗാനശേഖരത്തിൻ്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെ ഓരോ ഗാനങ്ങളും പുനരവതരിപ്പിച്ചത് ഹൃദ്യമായി മാറുകയാണ്.

Find Out More:

Related Articles: