ട്രാൻസ്ജെൻഡറുടെ കഥയുമായി അതേർസ് എത്തുന്നു! സ്വത്വം വെളിപ്പെടുത്തി, അഭിമാനത്തോടെ തല ഉയർത്തി, സ്വന്തം കാലിൽ നിൽക്കാൻ അവർ ഇന്ന് ശ്രമിക്കുന്നു. അതിനായുള്ള നിരന്തരമായ പോരാട്ടമാണ് അവരുടെ ജീവിതം. സമൂഹത്തിൻ്റെ അരിക് പറ്റിയുള്ള ഈ ജീവിതങ്ങളെ തൻ്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ വെള്ളിത്തിരയിലേക്ക് കുറിച്ചിടാനൊരുങ്ങുകയാണ് സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ. റിലീസിനൊരുങ്ങുന്ന 'അതേഴ്സ്' എന്ന ചിത്രത്തിലൂടെ ട്രാൻസ്ജെൻഡേഴ്സിൻ്റെ ഇനിയും സമൂഹമറിയാത്ത പ്രശ്നങ്ങളിലേക്ക് ചിത്രം കണ്ണെത്തിക്കുകയാണ്. തൻ്റെ ആദ്യ സിനിമയിലൂടെ വലിയൊരു ചിന്ത സമൂഹത്തിന് പകരുന്നതിനായി ഒരുക്കുമ്പോൾ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ്റെ വാക്കുകളിലൂടെ. പരിഹാസങ്ങളുടെ കൂരമ്പുകൾ ദേഹത്ത് തട്ടി ചോര പൊടിയുമ്പോഴും സമൂഹത്തോട് പുഞ്ചിരിക്കാൻ ശ്രമിക്കുന്നവരാണ് ട്രാൻസ്ജെൻഡേഴ്സ്. രാത്രിയിൽ എറണാകുളം ടൗണിൽ കൂടി സഞ്ചരിക്കുമ്പോൾ പലപ്പോഴും ട്രാൻസജെൻഡേഴ്സായ ആളുകളെ കണ്ടിട്ടുള്ളത്.
ഒരു ദിവസം രാത്രിയിൽ അവരെ കണ്ട് കാർ നിർത്തി സംസാരിച്ചു. അവരെ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും അവരുടെ ജീവിതത്തെക്കുറിച്ച് വളരെ ചോദിച്ചറിയുകയും ചെയ്തു. അപ്പോഴാണ് ട്രാൻസ്ജെൻഡേഴ്സിൻ്റെ ജീവിതത്തെക്കുറച്ച് ഞാനും അറിയുന്നത്. അവർക്ക് പിന്തുണ കൊടുക്കേണ്ടത് നമ്മാളാണെന്നു തിരിച്ചറിയുന്നത്. ഒരിക്കലും അവരുടെ കുഴപ്പംകൊണ്ടല്ല അവരുടെ ശരീരവും മനസും അങ്ങനെയാകുന്നത്. അവരിൽ പലരും വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾക്കടു നടുവിൽ ജീവിക്കാനാവാതെ നാടുവിട്ടു വന്ന് അവരുടെ കമ്യൂണിറ്റിയിലുള്ള കൂട്ടത്തിലേക്ക് എത്തിച്ചരുന്നവരാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹം പൂർണമായും ഒരു സ്ത്രീയോ പുരുഷനോ ആയി മാറുകയെന്നതാണ്. അതിനായാണ് അവർ ലിംഗമാറ്റ സർജറി ചെയ്യുന്നതും. അതിനു ശേഷവും അവർക്ക് മെഡിസിൻ തുടരേണ്ടതുണ്ട്. പിന്നീടുള്ള മരുന്നുകൾക്കു പോലും ഒരു മാസം പതിനായിരങ്ങൾ വേണ്ടിവരുന്നു. അതിന് വരുമാനമില്ലാത്ത അവസ്ഥ വരുന്നതോടെയാണ് പലരും സെക്ഷ്വൽ വർക്കിനിറങ്ങുന്നത്.
ഈ വസ്തുതകളൊക്കെ അവരുമായുള്ള സംസാരത്തിൽ നിന്നും ഞാൻ മനസിലാക്കിയെടുത്തു. പിന്നീട് അതിൻ്റെ ശാസ്ത്രീയമായ വശങ്ങൾ മനസിലാക്കി. അവർക്ക് ജീവിതം മുഴുവൻ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വളരെ വലുതാണെന്നു തിരിച്ചറിഞ്ഞു. ശരിക്കും ഇങ്ങനെയുള്ളവർക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട സാഹചര്യവും ഒരുക്കിയിരുന്നെങ്കിൽ അവർക്കും മറ്റുള്ളവരെപോലെ സാധാരണ ജീവിതം നയിക്കാൻ സാധിക്കുന്നതാണ്. ആ തിരിച്ചറിവിലാണ് അവരുടെ ജീവിതത്തെക്കുറിച്ച് ഒരു ഷോർട് ഫിലിം ചെയ്യാമെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ട്രാൻസ്ജെൻഡേഴ്സിൻ്റെ ജീവിതമാണ് എൻ്റെ ആദ്യ സിനിമയിലൂടെ പറയുന്നതെങ്കിലും മുമ്പ് അവരുമായി ഇടപെടേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. വളരെ ആകസ്മികമായി ഈ കഥയിലേക്ക് എത്തുകയായിരുന്നു. എറണാകുളം ഇടപ്പള്ളിയിലാണ് ഞാൻ താമസിക്കുന്നത്. ട്രാൻസ്ജെൻഡറായി ഞാൻ അഭിനയിച്ച് ഒരു ഷോർട് ഫിലിമായിരുന്നു ആദ്യം ചിന്തിച്ചത്. കെ.ആർ. നാരായണൻ ഫിലം ഇൻസ്റ്റ്റ്റ്യൂട്ടിലെ സുഹൃത്ത് ജ്യോതിഷുമായി ഷോർട് ഫിലിമിൻ്റെ പ്രമേയവും ഞാൻ അഭിനയിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ആ ചർച്ചയിലാണ് പരിധിവരെ നമുക്ക് ട്രാൻസ്ജെൻഡറുടെ ലൈഫ് അഭിനയിക്കാമെങ്കിലും അതു പൂർണമാക്കിയെടുക്കാൻ സാധിക്കില്ലെന്നു മനസിലാക്കുന്നത്. പിന്നീടാണ് ഷോർട് ഫിലിമിൽ നിന്നും ഒരു ഫീച്ചർ ഫിലിം എന്ന ചിന്തയിലേക്കെത്തുന്നത്.അതേ സമയത്താണ് ഒരു സുഹൃത്ത് മുഖേന നടൻ അനിൽ ആൻ്റോ കഥകേട്ട് വളരെ താല്പര്യത്തോടെ വരുന്നത്. പിന്നീട് പ്രൊഡക്ഷൻ കമ്പനിയായ വൈഡ് സ്ക്രീൻ നിർമാണം ഏറ്റെടുത്തതോടെ സിനിമ സാധ്യമായി. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാവും ഒരു പ്രൊഡക്ഷൻ കമ്പനി ഒരു വർഷത്തിൽ എട്ട് ഫീച്ചർ സിനിമകൾ നിർമിക്കാൻ രംഗത്ത് വരുന്നത്. ആനുകാലികവും തികച്ചും വ്യത്യസ്തവും അതിലുപരി എക്സൈറ്റ് ചെയ്യിക്കുന്ന തിരക്കഥ ഇഷ്ടപ്പെട്ടതോടെ അതേഴ്സ് നിർമിക്കാൻ ഡോക്ടർ മനോജ് ഗോവിന്ദൻ തയാറായി. ട്രാൻസ്ജെൻഡേഴ്സിന്റെ കഥയാണ് പറയുന്നതെങ്കിലും പതിവ് കഥകളിലെ ദൈന്യതയും കണ്ണീരുമാകാതെ നട്ടെല്ല് നിവർത്തി മുഖത്ത് നോക്കി സംസാരിക്കുന്ന, സ്വന്തം കഴിവിൽ ഉറച്ച വിശ്വാസമുള്ള ഒരു ശക്തമായ കഥപാത്രത്തെയാണ് അതേഴ്സ് അവതരിപ്പിക്കുന്നത്.