എന്താണ് വൈറ്റ് റൂം ടോർച്ചർ? സ്വന്തം പേര് പോലും മറന്നുപോകുന്ന മൃഗീയപീഡനങ്ങളുടെ വെളുത്ത നിറം! വൈറ്റ് ടോർച്ചറിങ് റൂം എന്നൊരു സങ്കൾപ്പം തന്നെയുണ്ട്. സത്യത്തിൽ ലോകത്തിലേക്ക് തന്നെ ഏറ്റവും ഭീകരമായ ഒരു ടോർച്ചറിങ് രീതിയാണിത്. ഒരുപാട് വിദേശ ഭാഷ ചിത്രങ്ങളിൽ വൈറ്റ് റൂം ഉൾപ്പെടുത്തിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഈയൊരു കൺസെപ്റ്റ് മലയാള സിനിമയിലങ്ങനെ കണ്ടിട്ടില്ല. മലയാളത്തിലെന്നല്ല, ഇന്ത്യൻ സിനിമകളിൽ ഇത്തരമൊരു കൺസെപ്റ്റ് കാണാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. വെളുത്ത നിറം നന്മയുടേയും സമാധാനത്തിന്റെയും സന്തോഷത്തിന്റേയുമൊക്കെ പ്രതീകമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്, മറുവശത്ത് കറുത്ത നിറത്തിന് തിന്മയുടേയും ഭീകരതയുടേയും, മരണത്തിന്റേയുമൊക്കെ പട്ടമാണ് ചാർത്തിക്കൊടുത്തിട്ടുള്ളത്. എന്നാൽ യാഥാർഥ്യം കുറച്ചു വ്യത്യസ്തമാണ്.
വെളുത്തനിറത്തിലുള്ള ഭീകരത നമ്മൾ അറിയാത്തത് കൊണ്ടാണ് വെളുപ്പിനെ നന്മയുടെ നിറമാക്കി മാറ്റിയിരിക്കുന്നത്. എന്നാലിപ്പോൾ അത്തരമൊരു കൺസെപ്റ്റ് മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ട്രെയ്‌ലറിലാണ് വൈറ്റ് ടോർച്ചറിംഗ് റൂമിനെക്കുറിച്ചുള്ള സൂചനകൾ നമുക്ക് കാണാൻ കഴിയുക. ഈ ട്രെയ്ലർ കണ്ടവരിൽ ചിലരെങ്കിലും വൈറ്റ് ബാക്ക്ഗ്രൗണ്ടിലുള്ള സീനുകൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ട്രെയിലറിന്റെ അവസാന സീനിൽ ഈ കൺസെപ്റ്റ് അല്പം കൂടി വ്യക്തമാക്കുന്നുണ്ട്. ഈ സീനിൽ വൈറ്റ് റൂമിൽ വൈറ്റ് കട്ടിലിൽ വൈറ്റ് ഡ്രസ്സിൽ വിഷാദമൂകനായിരിക്കുന്ന മമ്മൂട്ടിയെ കാണാം. ഈ വൈറ്റ് ടോർച്ചറിങ് റൂം എന്നതിനെ ഒന്നും മലയാളീകരിച്ചാൽ അതിനെ 'ശ്വേത ദണ്ഡനം' എന്ന് പറയാം.
മലയാളത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകവുമിറങ്ങിയിട്ടുണ്ട്. അനീഷ് ഫ്രാൻസിസ് എഴുതിയ മൂന്ന് കഥകളുടെ സമാഹാരമാണ് ശ്വേത ദണ്ഡനം എന്ന പുസ്തകം. വളരെ പ്രാകൃതമായ, ക്രൂരമായ ശിക്ഷരീതിയാണ് വൈറ്റ് റൂം ടോർച്ചറിങ്. പണ്ടുകാലങ്ങളിൽ കുറ്റാരോപിതരെ ഇത്തരം മുറികളിൽ അടച്ചിടുമായിരുന്നു. കൂടുതലും പൊളിറ്റിക്കൽ വിഷയങ്ങളിൽ പ്രതികളായവരും ജേർണലിസ്റ്റുകളുമൊക്കെയാണ് ഈ ശിക്ഷ നേരിട്ടിരുന്നത്. വൈറ്റ് റൂം ടോർച്ചറിനായി ഉപയോഗിക്കുന്ന മുറിയുടെ പ്രത്യേകത മുറിയിൽ വെള്ളയല്ലാതെ മറ്റൊരു നിറത്തിലുള്ള സാധനങ്ങളും ഉണ്ടാകില്ല എന്നതാണ്. വെളുത്ത കട്ടിൽ, വെളുത്ത ഫാൻ, വെളുത്ത ലൈറ്റ്, വെളുത്ത കർട്ടൻ എന്നിങ്ങനെ ധരിക്കുന്ന വസ്ത്രം പോലും വെളുപ്പായിരിക്കും. ഒപ്പം ഭക്ഷണം ആയി നൽകുന്നതും വെളുത്ത ഭക്ഷ്യവസ്തുക്കൾ മാത്രമായിരിക്കും. വെളുത്ത ചോറ്, പാല്, മുട്ട, വെളുത്ത ബ്രഡ് പോലുള്ള ഭക്ഷണസാധനങ്ങളാണ് ഇങ്ങനെയുള്ള മുറികളിൽ താമസിപ്പിക്കുന്നവർക്ക് കഴിക്കാനായി നൽകുക. ഈ മുറിയിലുള്ളവർ കാണുന്നതും കഴിക്കുന്നതും എല്ലാം വെളുപ്പായിരിക്കും.
ഈ മുറികളിൽ ജനാലകളുണ്ടാവില്ല. പുറത്തുനിന്നുള്ള ഒരു ശബ്ദം പോലും ഇവർക്ക് കേൾക്കാനാകില്ല. എത്രകാലം ഇങ്ങനെ ഒരു മുറിയിൽ അടച്ചിടും എന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാണ്. ചിലപ്പോഴത് ആഴ്ചകളോളം നീളും. ചിലപ്പോൾ മാസങ്ങളും വർഷങ്ങളും വരെ ഈ ശിക്ഷാരീതി നീണ്ടേക്കാം. ഇത്തരമൊരു ശിക്ഷയിലൂടെ കടന്നുപോയിട്ടുള്ള പല ആളുകളും പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായിട്ടുള്ള ഒരു ശിക്ഷാരീതിയാണ് ഇതെന്നാണ്. അടിക്കുകയോ മർദ്ദിക്കുകയോ ശാരീരികമായി വേദനിപ്പിക്കുകപോലും ചെയ്യാതെയാണ് ഇത്തരമൊരു ശിക്ഷാരീതി നടക്കുന്നതെങ്കിലും അതിനേക്കാൾ ഒക്കെ വലിയ മാനസിക പീഡനമാണ് ഈ മുറികളിൽ നടക്കുന്നത്. വെറുതെ ഒരു മുറിയിൽ ആരെയും കാണാനോ ഒന്നും കേൾക്കാനോ കഴിയാതെ അടഞ്ഞു കിടക്കുക എന്നതുതന്നെ വലിയ ടോർച്ചറാണ്. അപ്പോഴാണ് മുഴുവൻ വെളുത്ത നിറം മാത്രം കാണാൻ കഴിയുന്ന ഒരു മുറി.കണ്ണുകൾ ഇറുക്കിയടച്ചാൽ പോലും ഇരുട്ടറിയാൻ സാധിക്കാത്ത മുറി. 24 മണിക്കൂറും വെളുത്ത ബൾബുകൾ ഈ റൂമിൽ തെളിഞ്ഞു കൊണ്ടിരിക്കും.
ഒരു പരിധിയിൽ കൂടുതൽ നാൾ ഇത്തരം മുറികളിൽ താമസിക്കുന്നവർക്ക് ഓർമ്മ നഷ്ടപ്പെടുക പോലും ചെയ്യും. ഈ മുറികളിൽ താമസിക്കുമ്പോൾ സമ്മർദ്ദം കൂടുന്ന ആളുകൾ ചിലപ്പോൾ മറ്റൊരു നിറം കാണാനായി സ്വയം മുറിവേൽപ്പിച്ച് ചോരയുടെ നിറമെങ്കിലും കാണാൻ ശ്രമിക്കാറുണ്ട്. ഈയൊരു ശിക്ഷാരീതിയുടെ അവസാനം സംഭവിക്കുക സ്വാഭാവികമായും ഈ പ്രതി വലിയൊരു ഡിപ്രഷനിലൂടെ കടന്നുപോകും എന്നത് തന്നെയാണ്. മാനസികമായി വലിയൊരു ആഘാതം തന്നെ ഇവർക്ക് നേരിടേണ്ടി വരും. ഒരുപാട് കാലം ഇതേ മുറിയിൽ കഴിച്ചുകൂട്ടിയാൽ മാനസിക അസ്വസ്ഥതകൾ നഷ്ടമാകും. അതുപോലെ സെൻസറുകൾ നശിച്ചു പോകാൻ തുടങ്ങും. കാഴ്ച, കേൾവി, മണം, രുചി എന്നിവ അറിയാനുള്ള കഴിവൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കും.ഓർമ്മകൾ നഷ്ടപ്പെട്ട് തന്റെ മാതാപിതാക്കളെയോ മക്കളെയോ ജീവിത പങ്കാളിയെപ്പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തും. കൂടുതൽ കാലം കഴിയുന്നതോടെ സ്വയം ആരാണെന്ന് പോലും തിരിച്ചറിയാനാവാതെ വലിയ മാനസിക രോഗങ്ങൾക്ക് അടിമയാകും. പ്രത്യക്ഷത്തിൽ ഇത് വലിയ പ്രശ്‌നമില്ല എന്ന് തോന്നുമെങ്കിലും ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മൃഗീയമായ ശിക്ഷയാണ് വൈറ്റ് റൂം ടോർച്ചറിങ്. ഇഞ്ചിഞ്ചായി കൊല്ലുക എന്നതിന്റെ വേറൊരു രീതിയെന്ന് ചുരുക്കിപ്പറയാം. മാനസികമായി എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും ഈ പ്രതികൾക്ക് ചികിത്സ ലഭ്യമാക്കുകയുമില്ല. എന്തായാലും ഈ ഒരു ശിക്ഷാരീതിയും റോഷാക്ക് എന്ന ചിത്രവും തമ്മിൽ എങ്ങനെയാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന സംശയത്തിലാണ് ഇപ്പോൾ ട്രെയ്ലർ കണ്ടവരെല്ലാം. ഇത്തരം പുത്തൻ കൺസെപ്റ്റുകൾ മലയാള സിനിമയിലേക്ക് കൊണ്ടു വരാൻ മറ്റുള്ളവർക്ക് കൂടി ഈ ചിത്രം പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം.