ലക്ഷ്യം സർക്കാർ ഓഫീസുകളിലെത്തുന്ന പ്രായമായ സ്ത്രീകൾ; തട്ടിയത് ലക്ഷങ്ങൾ!

Divya John
ലക്ഷ്യം സർക്കാർ ഓഫീസുകളിലെത്തുന്ന പ്രായമായ സ്ത്രീകൾ; തട്ടിയത് ലക്ഷങ്ങൾ! തൊപ്പി യൂസഫ് എന്ന നാട്ടിക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. മൂന്നു വർഷത്തോളമായി എറണാകുളം, തൃശൂർ ജില്ലകളിൽ ഇദ്ദേഹം നിരവധി തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകൾക്ക് സഹായ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ. വിവിധയിടങ്ങളിൽനിന്ന് പരാതി ലഭിച്ചതോടെ പോലീസ് സംഘം ഇയാൾ നടത്തിയ എല്ലാ തട്ടിപ്പിന്റേയും ദൃശ്യങ്ങൾ ശേഖരിച്ച് താരതമ്യം ചെയ്തും ശാസ്ത്രീയ തെളിവുകൾ നിരത്തിയുമാണ്‌ പ്രതിയെ കുടുക്കിയത്. ക്രൈം സ്‌ക്വാഡിലെ പോലീസുകാർ വേഷം മാറി പ്രവാസി വകുപ്പിലെ ലോണിനായി ഇയാളെ സമീപിക്കുകയായിരുന്നു. പോലീസുകാരാണെന്നറിയാതെ ഇയാൾ തട്ടിപ്പിന് കളമൊരുക്കിയതോടെ കുരുക്ക് വീണു. 

 കൈപ്പമംഗലം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ രണ്ടര പവൻ മാല, തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നര പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ ഒരു പവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നേമുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയായ എഴുപത്തിനാലുകാരിയുടെ രണ്ടു പവന്റെ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയായ അറുപത്തഞ്ചുകാരിയുടെ മുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നര പവൻ മാല, ചേർപ്പ് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ പന്ത്രണ്ടായിരം രൂപ എന്നിവയടക്കം തട്ടിപ്പിലൂടെ കവർന്ന കേസുകൾ ഇയാൾക്കെതിരേയുണ്ട്.

 മറ്റു ജില്ലകളിലും ഇയാൾ മോഷണം നടത്തിയതായി വ്യക്തമായതോടെ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കോടതി, മുനിസിപ്പാലിറ്റി- പഞ്ചായത്ത് ഓഫീസുകൾ, ആശുപത്രികൾ തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു ഇയാളുടെ വിഹാര ഇടങ്ങൾ. തൊപ്പി മുഖത്തേക്ക് ചരിച്ച് വച്ച് സിസിടിവി ക്യാമറകളിൽനിന്ന് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു പതിവ്. തൃശൂർ റൂറൽ എസ്പി ആർ. വിശ്വനാഥ് ഇരിങ്ങാലക്കുട ഡിവൈഎസ്പി. ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് യൂസഫിനെ പിടികൂടിയത്.

വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തുന്ന പ്രായമായ സ്ത്രീകൾക്ക് സഹായ വാഗ്ദാനം നൽകി പരിചയപ്പെട്ടശേഷം ബന്ധുക്കളുടേയും പ്രമുഖരുടേയും സുഹൃത്താണെന്ന് ബോധ്യപ്പെടുത്തും. ആവശ്യങ്ങൾ ഉടൻ ശരിയാക്കി നൽകമെന്ന് വാഗ്ദാനം ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്നതായിരുന്നു പതിവ് രീതി.കൊവിഡ്‌ കാലമായതോടെ മാസ്‌ക്കിന് പകരം മുഖം മറയുന്ന തരത്തിൽ ടവ്വൽ കെട്ടിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

Find Out More:

Related Articles: