ഇന്നു കർക്കടക വാവ്; പുണ്യദിനത്തിൽ ബലിതർപ്പണം നടത്തി ഭക്തജന ലക്ഷങ്ങൾ
ആലുവ∙ ഇന്നു കർക്കടക അമാവാസി. ദക്ഷിണായനത്തിൽ പിതൃക്കൾ ഉണർന്നിരിക്കുന്ന ഈ പുണ്യദിനത്തിൽ ഭക്തജന ലക്ഷങ്ങൾ പൂർവികരുടെ ഓർമകൾക്കു ശ്രാദ്ധമൂട്ടുകയാണ്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ പുലര്‍ച്ചെയോടെ ബലിതർപ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പലയിടത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര എന്നിവിടങ്ങളില്‍ പുലർച്ചെ രണ്ടരയ്ക്ക് ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ രണ്ടിനു തന്നെ ബലിതർപ്പണം ആരംഭിച്ചു.
ആലുവ മണപ്പുറത്തും പുലര്‍ച്ചെയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. മലപ്പുറം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന വേദഗിരി ധർമശാസ്താ ക്ഷേത്രം തുടങ്ങിയിടങ്ങളിലും പുലർച്ചെ രണ്ടിനു തന്നെ ചടങ്ങുകൾ ആരംഭിച്ചു.