പാലക്കാടും ചേലക്കരയിലും മാവോയിസ്റ്റ് വോട്ടുകൾ യുഡിഎഫിന്; ഭരണവിരുദ്ധത നേട്ടമായെന്ന് സുധാകരൻ! പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണ് തങ്ങൾക്ക് തീവ്ര കമ്മ്യൂണിസ്റ്റ് വോട്ടുകൾ ലഭിച്ചതിലൂടെ തെളിയുന്നതെന്നും കെ സുധാകരൻ പറഞ്ഞു. അതെസമയം കെ സുധാകരന്റെ വെളിപ്പെടുത്തൽ കേരളത്തിൽ പ്രവർത്തിക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിൽ പ്രമുഖ സ്ഥാനത്തുള്ള സംഘടനയായ മാവോയിസ്റ്റ് പാർട്ടി (സിപിഐ മാവോയിസ്റ്റ്) ഇതുവരെ നിഷേധിച്ചിട്ടില്ല. പിണറായി സർക്കാർ വന്നതിനു ശേഷം നിരവധി മാവോവാദികൾ സംസ്ഥാനത്ത് കൊല്ലപ്പെട്ടിരുന്നു. പൊതുവെ തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാറുള്ള മാവോവാദികൾ ഇത്തവണ വോട്ട് ചെയ്തെന്നാണ് കെ സുധാകരന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ തീവ്ര കമ്മ്യൂണിസ്റ്റുകളുടെ വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കൊണ്ടാണ് യുഡിഎഫ് ജയിച്ചതെന്ന എൽഡിഎഫ് പ്രചാരണത്തിന് മറുപടിയായാണ് കെ സുധാകരൻ ഇത് പറഞ്ഞത്. ചേലക്കരയിലെ പരാജയ കാരണം പരിശോധിക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് സിപിഎം കൈവശം വെയ്ക്കുന്ന മണ്ഡലമാണ് ചേലക്കര. സി പി എമ്മിന് അവിടെ കഴിഞ്ഞ തവണ കിട്ടിയ 39400 ഭൂരിപക്ഷം 12201 ലേക്ക് താഴ്ത്താനായ കോൺഗ്രസിന് ഗോൾഡ് മെഡലാണ് തരണ്ടേത്. സിപിഎമ്മിന്റെ കോട്ടയിൽ അവരുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തനത്തിന്റെ വിജയമാണ്. രമ്യ ഹരിദാസ് മികച്ച സ്ഥാനാർത്ഥിയാണ്. അവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല.
മറിച്ച് അഭിപ്രായമുണ്ടോയെന്ന് അറിയില്ല. സന്ദീപ് വാര്യരെക്കുറിച്ചും മനോഹരമായ വാക്കുപയോഗിച്ചയാളാണ് എ കെ ബാലൻ. സിപിഎമ്മിൽ പോയാൽ മിടുക്കനും തറവാടിത്തമുള്ളവനും ക്രിസ്റ്റൽ ക്ലിയറും എന്നാണ് പറഞ്ഞത്. കോൺഗ്രസിലേക്ക് വന്നപ്പോൾ എല്ലാം മാറി. അഭിപ്രായ സ്ഥിരതയെന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. വായിൽ തോന്നിയതും സമയത്ത് തോന്നിയതും വിളിച്ചുപറയുന്നവർ രാഷ്ട്രീയക്കാരനല്ല. അവൻ രാഷ്ട്രീയത്തിലെ ഭ്രാന്തവികാരത്തിന്റെ ഉടമസ്ഥനാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തിരിച്ചും മറിച്ചും സംസാരിക്കുന്നതെന്നും കെ സുധാകരൻ ചോദിച്ചു.
പി. സരിൻ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാർഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തിരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിർത്താനോ സാധിക്കില്ല. നിർണ്ണായക സമയത്ത് പാർട്ടിയെ വഞ്ചിച്ച വ്യക്തിയെ തിരികെവന്നാലും കോൺഗ്രസ് എടുക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു. പാലക്കാട് ബിജെപി തോറ്റതിൽ സിപിഎം കടുത്ത നിരാശയിലാണ്. ബിജെപിയുടെ അജണ്ടകളാണ് സിപിഎം നടപ്പാക്കാൻ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി ഉപതിരഞ്ഞെടുപ്പിൽ കിട്ടിയിട്ടും പാഠം പഠിക്കാൻ സിപിഎം തയ്യാറാകുന്നില്ല.