കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്.

VG Amal
കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്.

കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

ചൈനയെ പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് ആശങ്ക വ്യക്തമാക്കി. ഇറാനിലെ ആരോഗ്യ സഹമന്ത്രിക്കുള്‍പ്പെടെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൊറോണ ബാധ സംബന്ധിച്ച കൂടുതല്‍ വിവരം ഇറാന്‍ പുറത്തുവിടാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ പറഞ്ഞു.

വൈറസ് പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ഇറാനില്‍ കുറവാണെന്നത് സ്ഥിതി മോശമാക്കാനിടയുണ്ടെന്ന് മൈക്ക് കൂട്ടിച്ചേര്‍ത്തു. 

കൊറോണ പോലെയുള്ള വൈറസ് വ്യാപനത്തെ ചെറുക്കാനാവശ്യമായ കാര്യശേഷി വികസ്വരരാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്കില്ലാത്തത് രോഗബാധ ആഗോളതലത്തില്‍ കൂടുതലായി വ്യാപിക്കാനിടയാക്കുമെന്നും വൈറസ് ബാധ കാര്യക്ഷമമായി തടയാനാവില്ലെന്നും യുഎസ് അഭിപ്രായപ്പെടുന്നു. 

Find Out More:

Related Articles: