കോളേജുകളില്‍ പുതുതായി വരുന്നത് 200നടുത്ത് കോഴ്സുകള്‍
നാനോ സയൻസ്, സ്പെയിസ് സയൻസ്, എക്കണോമെട്രിക്സ്, ബിസിനസ് എക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ്, സ്പോർട്സ് മാനേജ്മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, സെയിൽസ് മാനേജ്മെന്റ്, മൾട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. അഞ്ചു വർഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്.
2020-21 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകൾ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.ജി. സർവകലാശാല വൈസ്ചാൻസിലർ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയിൽ ആറംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളോട് സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് ശുപാർശ സമർപ്പിക്കാൻ നിർദ്ദേശിച്ചു.
സർവകലാശാലകൾക്കും സർക്കാർ, എയ്ഡഡ് കോളേജുകൾക്കും ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽതന്നെ ആദ്യമാണ്. ഈ അധ്യയന വർഷം തന്നെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകൾ ആരംഭിക്കും. ഇതിനു വേണ്ടി സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഗുണമേൻമയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തിൽ പരമാവധി വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ അറിയിച്ചു.