വന്ദേ ഭാരത് വേഗത 250 കിലോമീറ്ററാകും! വന്ദേ ഭാരത് ട്രെയിനുകളെ സ്റ്റാൻഡേഡ് ഗേജിൽ നിർമ്മിച്ചും, വേഗത 250 കിലോമീറ്ററായി കൂട്ടിയും ഈ പാതയിൽ ഓടിക്കാമെന്നാണ് ആലോചന. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കു വേണ്ടിയുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ ഓടാൻ വനേദ് ഭാരത് തയ്യാറെടുക്കുന്നു. ബുള്ളറ്റ് ട്രെയിൻ ഭാവിയിൽ വലിയൊരു ബാധ്യതയായി മാറും ഇന്ത്യക്ക് എന്ന വിമർശനവും ഉയരുന്നുണ്ട്. ഒരു ആസ്തി എന്നതിനെക്കാൾ ബുള്ളറ്റ് ട്രെയിൻ ഒരു ബാധ്യതയായി മാറുമെന്ന് അടുത്തിടെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനിന് വേണ്ടിയുള്ള ട്രാക്ക് നിർമ്മാണം തന്നെ വമ്പിച്ച ചെലവാണ് ഖജനാവിന് ഉണ്ടാക്കുന്നത്.
1.65 ലക്ഷം കോടി രൂപയാണ് അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ചെലവ്. കിലോമീറ്ററിന് 368 കോടി! ജാപ്പനീസ് ട്രെയിനുകളാണ് നിലവിൽ ഇന്ത്യക്ക് ബുള്ളറ്റ് ട്രെയിനുകൾക്കായി ആശ്രയിക്കാനുള്ളത്. എന്നാൽ ജപ്പാനിൽ നിന്നുള്ള ട്രെയിൻ സെറ്റുകൾക്ക് വൻ വിലയാണ് പറയുന്നത്. ഹിറ്റാച്ചി, കാവസാക്കി എന്നീ കമ്പനികളുമായി ഇന്ത്യ ചർച്ചകൾ നടത്തിയിരുന്നു. 10 കോച്ചുകളുള്ള ഒരു ബുള്ളറ്റ് ട്രെയിനിന് 460 കോടി രൂപയോളം വേണം. ഈ വിലയിൽ ബുള്ളറ്റ് ട്രെയിൻ വാങ്ങിക്കാൻ ഇന്ത്യ നിലവിൽ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബ്രോഡ് ഗേജിലാണ് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത്. ഇത് ബുള്ളറ്റ് ട്രെയിനുകളുടെ സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റി ഡിസൈൻ ചെയ്യേണ്ടി വരും. ഇതിനുള്ള നിർദ്ദേശം റെയിൽവേ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് നൽകിയിട്ടുണ്ട്.
ഈ സാമ്പത്തിക വർഷത്തിൽ തന്നെ രണ്ട് സ്റ്റാൻഡേഡ് ഗേജ് ബുള്ളറ്റ് ട്രെയിനുകൾ നിർമ്മിക്കുക എന്നതാണ് റെയിൽവേയുടെ ആവശ്യമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതെസമയം ഈ സാമ്പത്തിക വർഷത്തിൽ തന്നെ ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ച് പുറത്തിറക്കുക എന്നത് പ്രയാസമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.പകരം 250 കിലോമീറ്ററിൽ പരിമിതപ്പെടുത്തും. ഈ പരമാവധി വേഗതയും പിടിക്കാൻ കഴിയുന്ന ട്രാക്കാണ് നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
മുംബൈ-അഹ്മദാബാദ് ട്രാക്കിൽ ഓടുന്നത് ഇന്ത്യയുടെ തനത് സാങ്കേതികതയിൽ നിർമ്മിക്കുന്ന വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകളായിരിക്കും എന്ന് ചുരുക്കം.മണിക്കൂറിൽ ശരാശരി 300 കിലോമീറ്ററിനു മുകളിൽ വേഗതയുള്ളവയാണ് സാധാരണ ബുള്ളറ്റ് ട്രെയിനുകൾ. മൂന്ന് മണിക്കൂർ കൊണ്ട് മുംബൈ-അഹ്മദാബാദ് ദൂരമായ 508 കിലോമീറ്ററിനെ മറികടക്കാൻ ഇത്തരം ട്രെയിനുകൾക്ക് സാധിക്കും. എന്നാൽ വന്ദേ ഭാരത് ഈ വേഗത പിടിക്കില്ല. പകരം 250 കിലോമീറ്ററിൽ പരിമിതപ്പെടുത്തും.