ജനത കർഫ്യൂ മുതൽ കോവിഡ് പോരാട്ടത്തിൽ രാജ്യം
ഉത്സവകാലത്ത് കടകമ്പോളങ്ങളിൽ തിരക്കേറാൻ സാധ്യത കൂടുതലാണ്. കൊവിഡിനെതിരായ കരുതൽ കൈവിടരുത്. ജനതാ കർഫ്യൂ മുതൽ രാജ്യം കൊവിഡിനെതിരെ പോരാട്ടാത്തിൽ. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നു. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. മഹാരാഷ്ട്ര, കർണാടക, കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായാണ് 64 ശതമാനം സജീവ കേസുകളുമുള്ളതെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം നിലവിലുള്ള കൊവിഡ് കേസുകളിൽ 23.28 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ്.
കർണാടകയിൽ 14.19 ശതമാനവും കേരളത്തിൽ 12.40 ശതമാനം ആക്ടീവ് കേസുകളുമുണ്ട്. ബാക്കി മൂന്ന് സംസ്ഥാനങ്ങളിലും പത്ത് ശതമാനത്തിൽ താഴെ കേസുകളാണ് ഇപ്പോഴുള്ളത്. തമിഴ്നാട് 5.09%, ആന്ധ്രാപ്രദേശ് 4.68%, പശ്ചിമബംഗാൾ 4.62% എന്നിങ്ങനെയാണിത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള ആക്ടീവ് കേസുകൾ 35. 75% ആണ്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുമ്പോൾ തന്നെയാണ് കേരളത്തിലേതുൾപ്പെടെയുള്ള ആക്ടീവ് കേസുകൾ ആശങ്ക ഉയർത്തുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,791 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി ഉയർന്നിരിക്കുകയാണ്. 7,48,538 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളതെന്നും ആരോഗ്യമന്ത്രാലയം രാവിലെ വ്യക്തമാക്കിയിരുന്നു.