സർവകലാശാല പരീക്ഷ രീതി മാറ്റുന്നു

VG Amal

സംസ്‌ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പില്‍ അടിമുടി മാറ്റംവരുത്തി പൊതുനയം രൂപവത്‌കരിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനിച്ചു.

 

 

വിദ്യാര്‍ഥികളുടെ പഠനഭാരവും പരീക്ഷാഭാരവും കുറയ്‌ക്കുകയാണു ലക്ഷ്യം. കോപ്പിയടിയുടെ പേരില്‍ കോട്ടയത്തു കോളജ്‌ വിദ്യാര്‍ഥിനി ആത്മഹത്യചെയ്‌ത സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. ഇതു സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദഗ്‌ധസമിതിയെ ഉടന്‍ തന്നെ  നിയോഗിക്കും.

 

ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയാണു കൗണ്‍സിലിന്റെ ചെയര്‍മാന്‍. കേവലം ഓര്‍മ്മ പരിശോധിക്കലല്ല പരീക്ഷയെന്നും വിദ്യാര്‍ഥിയുടെ ബുദ്ധിയും കഴിവും വിലയിരുത്തുന്നതിനൊപ്പം മാനസിക നിലവാരം അളക്കുന്നതും ഇതിന്റെ ഭാഗമാണെന്നും അതിനായി ഇപ്പോഴത്തെ പരീക്ഷാ രീതിയില്‍ സമ്പൂര്‍ണമായ അഴിച്ചുപണി ആവശ്യമാണെന്നുമാണ്‌ കൗണ്‍സിലിന്റെ വിലയിരുത്തല്‍. പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ പരീക്ഷാഭാരമാണു പ്രധാന പ്രശ്‌നം.

 

രണ്ടു സെമസ്‌റ്റര്‍ പരീക്ഷ ഒരുമിച്ചെഴുതേണ്ട സ്‌ഥിതിയാണ്‌. പത്തോളം പരീക്ഷകള്‍ ഒന്നിച്ചെഴുതുക വളരെ പ്രയാസമാണ്‌.

 

കോപ്പിയടിക്കു പ്രേരിപ്പിക്കുന്നത്‌ ഈ പഠനഭാരമാണെന്നും കൗണ്‍സില്‍ കരുതുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മറ്റു വിലയിരുത്തലുകള്‍: പരീക്ഷയ്‌ക്കു മുമ്പായി വായിച്ച്‌ ഓര്‍മ്മയില്‍വച്ചശേഷം ഉത്തരക്കടലാസിലേക്കു പകര്‍ത്തുന്ന രീതി അശാസ്‌ത്രീയമാണ്‌.

 

 

ഇതിനുപകരം, തുടച്ചയായ മൂല്യനിര്‍ണയത്തിലൂടെ അധ്യാപകന്‍തന്നെ വിദ്യാര്‍ഥിയുടെ പഠനരീതി നേരിട്ട്‌ അളക്കുന്ന സമ്പ്രദായമാണു വേണ്ടത്‌.

 

അതതു ദിവസമോ ആഴ്‌ചേയാ പഠനനിലവാരം വിലയിരുത്തുന്ന പരീക്ഷാ സമ്പ്രദായമാണു വികസിതരാജ്യങ്ങളിലുള്ളത്‌. കേള്‍വിക്കാര്‍മാത്രമായി വിദ്യാര്‍ഥികള്‍ മാറുന്ന അവസ്‌ഥ മാറണം. ഓര്‍മ്മിക്കല്‍ മാത്രമല്ല, പുതിയ ആശയങ്ങളുടെ നിരന്തരമുള്ള പങ്കുവയ്‌ക്കലാണു പഠനത്തില്‍ അനിവാര്യം.

 

 

റഫറന്‍സ്‌ പുസ്‌തകങ്ങളില്‍ പാഠഭാഗം ഉള്‍പ്പെടുന്ന പേജ്‌ വരെ അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്നു. തുടര്‍ന്നു വിദ്യാര്‍ഥി നോട്ട്‌ സ്വയം തയാറാക്കി, ടീമായി തിരിഞ്ഞുള്ള ചര്‍ച്ച നടക്കണം. ഓരോ വിദ്യാര്‍ഥിയും തന്റെ പാഠഭാഗം ക്ലാസില്‍ അവതരിപ്പിക്കും. കുട്ടികള്‍ പരസ്‌പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും.

 

തെറ്റും കുറവും അധ്യാപകന്‍ ചൂണ്ടിക്കാട്ടും. ചോദ്യങ്ങളും പഠനത്തിന്റെ ഭാഗമാണ്‌. ചോദ്യവും ഉത്തരവും വിലയിരുത്തിയാവും കുട്ടികളെ മൂല്യനിര്‍ണയം നടത്തുക. ഇത്‌ അധ്യാപകന്റെ തുടര്‍ പ്രക്രിയയാണ്‌. ഈ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാവും അവസാനത്തില്‍ കുട്ടിയുടെ പഠന മികവു പ്രഖ്യാപിക്കുക. ആധുനിക പഠന സമ്പ്രദായത്തില്‍ ടീച്ചിങ്‌ അല്ല വേണ്ടത്‌. ലേണിങ്ങാണു പ്രധാനം.

 

 

അധ്യാപകന്‍ നിര്‍വാഹകന്‍ (ഫെസിലിറ്റേറ്റര്‍)മാത്രമാണ്‌. ഈ പഠനസമ്പ്രദായത്തില്‍ കുട്ടിക്ക്‌ അനാവശ്യ പഠനഭാരമോ പഠനഭയമോ ഉണ്ടാകുന്നില്ല. വര്‍ഷാവസാനമല്ല, അതതുദിവസംതന്നെ പഠിച്ചുപോകുമെന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ പ്രത്യേകത.

 

അധ്യാപകരെ വിശ്വാസത്തിലെടുത്തുമാത്രമേ ഇത്തരം പഠനസമ്പ്രദായവും മൂല്യനിര്‍ണയവും നടപ്പാക്കാനാവൂ. അധ്യാപകരുടെ നിലവാരമില്ലായ്‌മയും കുട്ടികളില്‍ അനാവശ്യ പഠനഭാരമുണ്ടാക്കുന്നുണ്ട്‌.

 

 

അണ്‍ എയ്‌ഡഡ്‌ കോളജുകള്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ സര്‍വകലാശാലയുടെ അനുമതിവേണമെന്നു നിര്‍ദേശം നല്‍കും. 

Find Out More:

Related Articles: