ഇനി നിങ്ങൾക്കും ഗൂഗിളിൽ സ്വന്തം പേര് തിരുത്താം
കൃത്യമായ വിവരങ്ങൾ നൽകാനും അതുവഴി മറ്റുള്ളവർക്ക് നിങ്ങളുമായി പെട്ടന്ന് ബന്ധപ്പെടാനുള്ള സാദ്ധ്യതകളാണ് പീപ്പിൾ കാർഡ് വഴി ഒരുക്കുന്നത്. വെരിഫിക്കേഷന്റെ ഭാഗമായി ഒരു ഫോൺ നമ്പറും, ഒരു ഗൂഗിൾ അക്കൗണ്ടും മാത്രം മതി നിങ്ങൾക്ക് പീപ്പിൾ കാർഡ്‌സിന്റെ സേവനം ഉപയോഗപ്പെടുത്താൻ. എന്നാലിപ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ പീപ്പിൾ കാർഡ് തയ്യാറാക്കാൻ സാധിക്കൂ. കൂടാതെ തുടക്കത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മാത്രമേ പീപ്പിൾ കാർഡ് തയ്യാറാക്കാൻ സാധിക്കൂ. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സിഗ് ഇൻ ചെയ്ത് ' ആഡ് മി ടു സെർച്ച്' എന്നത് സെർച്ച് ചെയ്ത് തുറന്നു വരുന്ന 'ആഡ് യൂവർസെൽഫ് ടു ഗൂഗിൾ സെർച്ച്' എന്നത് തിരഞ്ഞെടുക്കുക.
തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകി ഫോണിൽ വരുന്ന ആറ് അക്ക കോഡ് എന്റർ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് ആദ്യ ഘട്ടം. നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, ജന്മനാട്, നിങ്ങളുടെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചേർക്കുന്നതിനുള്ള ഓപ്ഷനുകൾ അടുത്ത ഘട്ടത്തിൽ കാണാൻ സാധിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥലവും നിങ്ങളുടെ തൊഴിലിനെയും കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണവും ചേർത്ത് പബ്ലിക് പ്രൊഫൈൽ സൃഷ്ടിക്കാനുള്ള ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കലാണ് ഈ ഘട്ടത്തിൽ. നിങ്ങളുടെ ഫോട്ടോ, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നീ അതിസ്വകാര്യ വിവരങ്ങൾ പീപ്പിൾ കാർഡിൽ ചേർക്കണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
ഒടുവിൽ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ നിങ്ങളുടെ പീപ്പിൾ കാർഡ് തയ്യാറാകും.അതേസമയം ഏറ്റവും കൃത്യതയുള്ള വിവരങ്ങൾ മാത്രം ലഭിക്കാൻ തക്കവിധം ധാരാളം ടെസ്റ്റുകൾക്ക് ശേഷം മാത്രമേ ഒരാളുടെ പീപ്പിൾ കാർഡ് ഓൺലൈനിൽ എത്തൂ. ജനങ്ങൾക്ക് ഉപകാരപ്രദവും കൃത്യമായ വിവരങ്ങൾ നൽകുന്നതുമായ ഒരു സംവിധാനം നൽകുക എന്നതാണ് ഇതുകൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടിട്ടുണ്ട്.