മഞ്ഞുമലകള്‍ വെടിവെച്ച് അടര്‍ത്തും, വലയിലാക്കും;'ശുദ്ധജലം'മദ്യത്തിനും സൗന്ദര്യവസ്തു നിര്‍മ്മാണത്തിനും

Divya John

കടലിൽ ഒഴുകി നടക്കുന്ന വലിയ മഞ്ഞുമലകളെ നാവികർക്കും സമുദ്രസഞ്ചാരികൾക്കും എക്കാലവും ഭയമാണ്. മുക്കാൽഭാഗവും കടലിന്നുള്ളിലൊളിപ്പിച്ച് ഒഴുകി നടക്കുന്ന മഞ്ഞുഭീമന്മാരുമായി കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാവുന്നത് സാധാരണമാണ്.എന്നാൽ കാനഡയിൽ മത്സ്യബന്ധനത്തൊഴിലാളികൾ മഞ്ഞുകട്ടകൾക്ക് പിന്നാലെയാണ്. ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ നിന്നടർന്ന മഞ്ഞുകട്ടകളിൽ നിന്നെടുക്കുന്ന വെള്ളം ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണെന്ന് ഇവർക്കറിയാം.

എഡ്വേർഡ് കീനാണ് ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് ഇക്കാര്യത്തിൽ നേതൃത്വം നൽകുന്നത്. 20 കൊല്ലങ്ങളായി കീൻ ഈ 'വെള്ളക്കച്ചവടം' ആരംഭിച്ചിട്ട്. മഞ്ഞുകട്ടകൾ പ്രാദേശിക കമ്പനികൾക്ക് വിൽക്കും. ഈ വെള്ളം മദ്യനിർമാണത്തിനോ സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണത്തിനോ ആണ് ഉപയോഗിക്കുന്നത്.

വെടിവെച്ചാണ് മഞ്ഞുമലകളിൽ നിന്ന് മഞ്ഞുകട്ടകൾ അടർത്തുന്നത്. പിന്നീട് വലവീശി ബോട്ടിനടുത്തേക്ക് നീക്കിയെത്തിക്കും. ബോട്ടിൽ കയറ്റി കരയിലെത്തിച്ച ശേഷം കുപ്പികളിലാക്കി വിൽപയ്ക്കെത്തിക്കും. 1000 ലിറ്ററോളം വെള്ളം ഒരു കട്ടയിൽ നിന്ന് ഉൽപാദിപ്പിക്കാനാവും. മെയ് മുതൽ ജൂലായ് വരെയുള്ള കാലയളവിൽ എട്ട് ലക്ഷം ലിറ്റർ വരെ ശുദ്ധജലം വിൽക്കാൻ ഇവർക്ക് സാധിക്കും.

 

ബോട്ടുകളിൽ കയറി ഒഴുകി നടക്കുന്ന മഞ്ഞുകട്ടകൾക്കരികിലെത്തിയാൽ കോടാലികൾ ഉപയോഗിച്ചും അവയെ കഷണങ്ങളാക്കാറുണ്ട്. കൊളുത്തുകളുപയോഗിച്ചും വലയുപയോഗിച്ചും ബോട്ടിലാക്കി കരയിലെത്തിക്കും.

 

വേനൽക്കാലം എത്താൻ കാത്തിരിക്കുകയാണ് കീനും സംഘവും ചെയ്യുക. ആ കാലമായാൽ മഞ്ഞുപാളികൾ അടർന്ന് കടലിലൂടെ ഒഴുകാനാരംഭിക്കും. ആ സമയത്ത് മഞ്ഞുകട്ട വേട്ടയ്ക്കായി ഇവരിറങ്ങും. വെടിവെക്കുമ്പോൾ അടരുന്ന മഞ്ഞുകട്ടകൾ ശേഖരിച്ച് ഇവർ കമ്പനികൾക്ക് കൈമാറും.

Find Out More:

Related Articles: