സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ല; സൗദി കിരീടവകാശി! ബുധനാഴ്ച റിയാദിൽ നടന്ന ഷൂറ കൗൺസിലിന്റെ ഒൻപതാം സമ്മേളനത്തിന്റെ ആദ്യവർഷത്തെ പ്രവർത്തനങ്ങൾ സൗദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കിരീടാവകാശി. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.അന്താരാഷ്ട്ര നാണയ നിധിയുടെ പ്രാദേശിക കേന്ദ്രം, സ്പോർട്സ്, നിക്ഷേപം, സംസ്‌കാരം എന്നീ മേഖലകളിലെ വിവിധ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ, സാംസ്‌കാരിക ആശയവിനിമയത്തിനുള്ള ഒരു ഗേറ്റ്വേ എന്നിങ്ങനെയുള്ള അതിന്റെ നേട്ടങ്ങൾ എക്സ്പോ 2030നും 2024ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാൻ രാജ്യം തെരഞ്ഞെടുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.
2016ലെ 47 ശതമാനത്തിൽ നിന്ന് 63 ശതമാനം പൗരന്മാർക്ക് സ്വന്തമായി വീടുകൾ ലഭിച്ചു. 2019ൽ ആരംഭിച്ച ദേശീയ വിനോദസഞ്ചാര തന്ത്രം പ്രകാരം 2030ൽ 100 ദശലക്ഷം വിനോദസഞ്ചാരികളെയായിരുന്നു രാജ്യം ലക്ഷ്യം വെച്ചത്. എന്നാൽ 2023ൽ തന്നെ ഈ ലക്ഷ്യം മറികടന്ന് 109 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാൻ സാധിച്ചു. ആഗോള തലത്തിൽ രാജ്യം നേടിയെടുത്ത വിശ്വാസ്യതയെയും അദ്ദേഹം എടുത്തുപറഞ്ഞു. ആഭ്യന്തര രംഗത്ത് സൗദി അറേബ്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയും നേട്ടങ്ങളും കിരീടാവകാശി എടുത്തുപറഞ്ഞു. സൗദി വിഷൻ 2030 ആരംഭിച്ചതു മുതൽ ഓരോ പൗരന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ പുരോഗതി കൈവരിക്കാനായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി ലക്ഷ്യങ്ങൾ കൈവരിക്കാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിലെ തൊഴിലില്ലായ്മ 2024 ന്റെ ആദ്യ പാദത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി. അതിന്റെ നിരക്ക് 2017ലെ 12.8 ശതമാനത്തിൽ നിന്ന് 7.6 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ ആശങ്കകളിൽ മുൻപന്തിയിൽ നിൽക്കുന്നത് പലസ്തീൻ പ്രശ്‌നമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശ ഭരണകൂടം പലസ്തീൻ ജനതയ്ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാവാതെ സൗദി അറേബ്യ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല- അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ബാക്കി രാജ്യങ്ങൾ കൂടി പലസ്തീനെ അംഗീകരിക്കാൻ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.